10.12.11

ഗ്രഹണം

ഇന്നലെയും കണ്ടു:
ഒരു പൊളിഞ്ഞ ചെണ്ട,
മുണ്ടഴിഞ്ഞ പഴയ നായർ പടയാളി,
കുറെ ഒറ്റവരച്ചിത്രങ്ങൾ.

ഗ്രഹണത്തിന്റെ തലേന്ന്
ചന്ദ്രൻ ഒരു കണക്കെടുപ്പു നടത്തും
കഴിഞ്ഞ ഗ്രഹണത്തിന് ശേഷം
കണ്ട കാഴ്ചകളുടെ കണക്ക്.
ചിലപ്പോൾ
ആയിരം കൊല്ലത്തെ കാഴ്ചകളുണ്ടാകും
പുരാതനമായ ഓർമ്മയുടെ നൂലുകൾ
കടലിലൊളിക്കും
ഗ്രഹണം കഴിഞ്ഞേ
അതു തിരിച്ചെത്തൂ.
മാവേലിയും ഗാന്ധിജിയുമൊക്കൊ
അങ്ങനെ ഒളിച്ചവരാണ്

തിരക്കുണ്ട്
എനിക്കും ഒരു പൊളിഞ്ഞ ചെണ്ട
കണ്ടെത്തേണ്ടതുണ്ട്.













31.10.11

കൂ…കൂ…കൂ…


കുറുക്കാ കുറുക്കാ
തലക്കൂത്തും പനിയും
അതിനെന്തു വൈദ്യം?
കൂകൂകൂ
പാടത്ത് പോക്വാ
ഞണ്ടിനെ പിടിക്യാ
കറുമുറു തിന്വാ
പാറമ്മക്കേറ്വാ
ചറപറ തൂറ്വാ
കൂകൂകൂ
എന്തെല്ലാം കളി കളിച്ചതാ
എത്ര കോഴിനെ യ്യ് പിടിച്ചതാ
എത്രവട്ടം തല്ലിക്കൊന്നതാ
ഒന്നു തിരിഞ്ഞാ നീ പായും
ന്ന്ട്ട് രാത്രി കനത്താൽ
കൂട്ടരെക്കൂട്ടി കളിയാക്കും
കൂകൂകൂ
പകലായാലും രാത്രിയായാലും
ഒരു പൊന്തയ്ക്കപ്പുറം നീയുണ്ടായിരുന്നു
പിന്നെപ്പളാ നീ പോയേ?
നീയ്യ്പ്പെവിട്യാ?
സത്യം പറഞ്ഞാ കാണാങ്കൊതിയാകുന്നു
കൂകൂ..കൂ..

25.9.11

ഇറോം ഷർമ്മിളയ്ക്ക്



പ്രിയപ്പെട്ട ഇറോം
നിന്റെ 
ഇനിയും പിടികൊടുക്കാത്ത 
സഹോദരനാണ് ഞാൻ
വഴിവക്കിലിങ്ങനെ
സ്വാതന്ത്ര്യത്തിന്റെ മധുരം
നുരയുമ്പോൾ
നിന്നെയോർക്കാറില്ല, സത്യം.
ഓർമ്മ വരുമ്പോഴൊക്കെ
ബാരക്കിലേക്ക് വണ്ടി കയറും
അരികിലാരും കാണാതെ
കാരമുള്ളിന്റെ ഒരു തൈ നടും
കാരണം
പട്ടാളത്തിന് ചരിത്രത്തിലൊർത്ഥമേയുള്ളു
ജർമ്മനിയിലും തുർക്കിയിലും
മംഗോളിയായിലും കലിംഗയിലും
ലങ്കയിലും എവിടെയും
അതിനൊരർത്ഥമേയുള്ളു.

8.9.11

യാത്രയ്ക്ക് കൂട്ടിന് ആളെ ആവശ്യമുണ്ട്



പ്രായം 38 കഴിഞ്ഞു
വേണമെങ്കിൽ അന്തംവിടാനുള്ള സമയമായി
കാസർക്കോട്ടേക്കുരുട്ടിക്കയറ്റി
കന്യാകുമാരിക്കു വിട്ടാലോന്ന്
ഒരു പ്രാന്ത് തോന്നുന്നു
കടലും മലയും
നഗരത്തിരക്കും
ഗ്രാമത്തിന്റെ സ്റ്റിൽസും കണ്ട്
രുചികൾ നുണഞ്ഞ്
അമ്പലങ്ങളും പള്ളികളും തൊഴുത്
മനുഷ്യമ്മാരെയും പക്ഷിമൃഗസുഹൃത്തുക്കളെയും പരിചയപ്പെട്ട്
തെരുവിലും പുഴവക്കിലുമുറങ്ങി
കള്ളായ കള്ളൊക്കെ കുടിച്ച്
മായം മറിഞ്ഞൊരു യാത്ര
അതിന് കൂട്ടിനൊരാള് വേണം
ഭാര്യയുടെയും കാമുകിയുടെയും ഭാരമില്ലാത്ത,
ഭാരമേയില്ലാത്ത
ഒരു പെണ്ണായാൽ നന്ന്,
പെണ്ണുപോലായാൽ നന്ന്

വരുന്നോ.., കൂടെ?





27.7.11

നഷ്ടം അരനിമിഷം

ഭൂമിയിൽനിന്ന് തെറിച്ചുപോയ
ഒരേയൊരു നിമിഷം…

പാതി വിരിഞ്ഞ
ഒരു പൂവു ക്ഷണിച്ചു
വാ, നമുക്കൊന്നിച്ചു വിരിയാം.
കാറ്റ്
കുളിരാകാൻ കൂട്ട് വിളിച്ചു
നിലാവ്
കവിതയായ് പെയ്യാമെന്നായി

പൂവിനോടൊപ്പം വിരിയാൻ തുടങ്ങിയപ്പോൾ
പുറന്തോട് പൊട്ടിച്ചിതറി
കോശങ്ങൾ തോറും സൂര്യനുദിച്ചു
ഹൃദയം മുറിഞ്ഞ് കവിത തുളുമ്പി
ഞരമ്പുകളിലേക്ക് നിലാവ് പെയ്തു

കാറ്റേത് കുളിരേതെന്നറിയാതെ
സ്വർഗവാതിൽ
ഇതാ ഇവിടെ എന്നായപ്പോൾ
ഉച്ചവെയിലിലേക്ക്
മറിഞ്ഞു വീണു
വീണ്ടും

24.6.11

നഗരത്തിന്റെ ഓർമ്മകൾ

എനിക്കു നന്നായി മനസ്സിലാകുന്ന
ഒരു ഹൃദയമുണ്ടായിരുന്നു,
എന്റെ മുഖം തെളിഞ്ഞുകാണുന്ന ഒന്ന്.
ഈ നഗരത്തിന്റെ
ഓർമ്മകളിലെവിടെയോ ആണത് നഷ്ടപ്പെട്ടത്
ഇവിടെത്തന്നെ അതുണ്ടാകുമെന്നും
എനിക്കുറപ്പുണ്ട്
കാരണം
ഇവിടെയാണ്
ഞങ്ങളുടെ കൗമാരത്തെ അഴിച്ചുവെച്ചത്
ഓർമ്മകളെ
അക്കങ്ങളായി സൂക്ഷിച്ചിരുന്നു.
ജീവിതത്തിന്റെ ചതുരംഗപ്പലകയിൽ
ഇടയ്ക്കെപ്പൊഴോ
പൂജ്യംകൊണ്ടൊന്ന് പെരുക്കിപ്പോയി
പിന്നെച്ചെയ്ത ക്രിയകൾക്കെല്ലാം
ഉത്തരം പൂജ്യം
ഇനി
നഗരത്തിന്റെ പച്ചവെയിലിൽ
പൊടിയിൽ
മഴനനഞ്ഞ നിലാവിൽ
വെളിച്ചം മുറിവേല്പിച്ച സന്ധ്യയിൽ
പരതണം
പഴയ അക്കങ്ങൾ
തെളിഞ്ഞ ആ ഹൃദയം

21.6.11

തെളിവ്

ഇക്കൊല്ലം
എന്റെ കുട കളഞ്ഞു പോയില്ല

സ്വപ്നങ്ങളിൽനിന്ന്
സ്വപ്നങ്ങളിലേക്ക് ഊഞ്ഞാലാടുന്ന
ഞാൻ
മരിച്ചു എന്നതിന്
ഒന്നാംതരം തെളിവ്



5.6.11

ഗോമതേശ്വരനോടൊപ്പം

കുറച്ചുകാലമായുള്ള ആഗ്രഹമായിരുന്നു, കർണാടക ഗ്രാമങ്ങളിലൂടെ ഒരു യാത്ര.  കഴിഞ്ഞ അവധിക്കാലത്ത് ഏതാനും കൂട്ടുകാരോടൊപ്പം മാനന്തവാടി, ബാവൊലി, എച്ച്. ഡി. കോട്ട, ആലനഹള്ളി വഴി ഒരു യാത്ര നടത്തി.  കൃത്യമായ പ്ലാനും പദ്ധതിയുമില്ലാതെ നടത്തിയ ആ യാത്രയിൽ ശ്രാവണബലഗൊള, ഹളെബിഡു, ബേലൂർ എന്നിവിടങ്ങൾ സന്ദർശിച്ചു.  ശ്രാവണബലഗൊളയുടെ വിശേഷങ്ങൾ  ഗോമതേശ്വരനോടൊപ്പം എന്ന കുറിപ്പിൽ വായിക്കാം

9.5.11

ഒച്ച

തെരുവിൽ കൊട്ടുന്ന ചെണ്ട
എന്റെ ഹൃദയത്തിന്റെ ഒച്ചയാണ്.

കണ്ണുകൾ പകരം കൊടുത്ത്
തിരിച്ചുവാങ്ങി

ഇപ്പോൾ  കഴുത്തിൽത്തൂക്കി നടപ്പാണ്
എന്റെ ഹൃദയം.




8.5.11

ലോകവീക്ഷണം

മദ്യശാലയിലേക്കുള്ള
നീണ്ട ക്യൂവിൽ നിൽക്കുമ്പോൾ
സത്യമായും എനിക്കു തോന്നാറുള്ളത്
ഞാനൊഴികെ
മറ്റെല്ലാവരും മുഴുക്കുടിയന്മാരാണെന്നാണ്.

3.4.11

വേഴാമ്പൽ

വീണ്ടും വീണ്ടും ദാഹങ്ങൾ സമ്മാനിക്കുന്ന
ചൂടുറവകളാണ്
ഞാൻ അന്വേഷിച്ചുകൊണ്ടേയിരിക്കുന്നത്

21.3.11

യാത്രാവസാനം

യാത്രകളില്‍
അമ്മയെ കൂട്ടാറില്ല.
യാത്രകഴിഞ്ഞെത്തുമ്പോള്‍
അമ്മ വീട്ടിലുണ്ടാവണം,
എപ്പോഴും

9.3.11

കുടപ്പന

തറയും പറയും കഴിഞ്ഞാല്‍ പനയായി
ആനയ്ക്കു പന ചക്കരയായി
പനയോളം വളര്‍ന്നപ്പോള്‍
പന പടിക്കു പുറത്തായി

പാഠം മൂന്നിലെപ്പന പാലക്കാട്ടെക്കരിമ്പന
കോഴിക്കോട്ടത്‌ കുടപ്പന.
അന്നത്താപ്പാതി പനയെന്ന്
പനയോട്‌ വല്യുമ്മയുടെ ബഹുമാനം
പനങ്കഞ്ഞിയിലും പനംപുട്ടിലും പക്ഷെ,
പട്ടിണിയുടെ മണം,
ഇടിച്ചുപിഴിഞ്ഞ്‌ ഊറ്റിയൂറ്റി നൂറാവുമ്പോഴേക്ക്‌
ഉറക്കം തൂങ്ങുന്നതിന്റെ മടുപ്പ്‌

പനമുറിച്ചേടത്ത്‌ പെണ്ണുങ്ങളെന്നത്‌ കേഴ്‌വി.
വെള്ളിക്കോലില്‍ പലകപലകയായി
വെള്ളപ്പനച്ചീന്തുകള്‍ തൂങ്ങിയത്‌
കാഴ്ചയോ സ്വപ്നമോ

പനയോലയുടെ തണലില്‍ പുരകെട്ടുകല്യാണം
കരിയോലയൊത്ത്‌
പുതുപനയോലതന്‍ മണം, മട്ടലിന്റെ പച്ച, മിനുസം
ഈര്‍ച്ചവാള്‍ പോലെ മുള്ള്‌ ചാഞ്ഞുകിടക്കട്ടെ

തണലിറങ്ങിയ പനയില്‍ ആകാശത്തേക്കു ചൂണ്ടിയ ഒറ്റവിരല്‍.
അതൃമാനെപ്പോലെ, പെണ്ണുങ്ങളങ്ങനെ നോക്കിനില്‍ക്കുന്ന
ഓലവെട്ടുകാരനാവാന്‍ കൊതി

മാപ്പളോ, രണ്ടു മടല്‌ പനോല...
അപ്പോ കാണണം
പറമ്പില്‍ പനനില്‍ക്കുന്നതില്‍
കാരണവര്‍ക്കുള്ള അഭിമാനം

ഓര്‍മ്മയില്‍
(വല്യുപ്പാന്റെ)തലക്കുടയുടെ ഭാരം
മറക്കുട കേട്ടിട്ടേയുള്ളു
പനകുലച്ചാല്‍ നാശം;പനങ്കോട്ടി;വരുന്ന മഴയത്ത്‌
ആയിരം പനങ്കുഞ്ഞുങ്ങള്‍

പച്ചപ്പനങ്കിളിത്തത്ത
ഇനി
ഏതു പനയില്‍നിന്നാവോ...?

28.1.11

രാസവിദ്യ

ഭാര്യയേക്കാള്‍ ഭംഗി
കാമുകിക്കാണ്‌
പരകളത്രങ്ങള്‍
കാമുകിമാരാവാനൊരുക്കമെങ്കിലും
ഒളിയിടങ്ങള്‍ കുറഞ്ഞു വരുന്നതു കൊണ്ട്‌
നിലനിര്‍ത്തുക പ്രയാസമാണ്‌
അതുകൊണ്‌
സ്വന്തം ഭാര്യയെ കാമുകിയാക്കനുള്ള
രാസവിദ്യ
തേടുകയാണ്‌ ഞാന്‍