27.6.14

കരയ്ക്കു പിടിച്ചിട്ടവയുടെ പിടച്ചിലുകൾ

 

 

            തെളിവെള്ളത്തില്‍ മഷി തൂവി നിറപ്പകര്‍ച്ച സംഭവിക്കുന്നതിന്റെ രാസഘട കവിതയിലും കാണാം. തമ്മില്‍ക്കലര്‍ന്നും സ്വതന്ത്രമായും ബഹുവര്‍ണങ്ങൾസൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കവിതയുടെ സ്വരൂപം ആസ്വദിക്കുന്നതു പോലെഎളുപ്പമല്ല നിറപ്പകര്‍ച്ചകളുടെ രാസഘടന കണ്ടെത്തുന്നത്‌. പുതിയ കാലത്ത്‌കവിതാരചന ഏറെ പ്രയാസമുള്ള ഒന്നാണ്‌. നിത്യജീവിതവ്യവഹാരത്തോടുചേര്‍ന്നുനിന്ന്‌ സൌന്ദര്യത്തിന്റെ പുതിയ മേഖലകള്‍ കണ്ടെത്തേണ്ടതുണ്ട്‌, പുതിയ കാലത്ത്‌ കവിക്ക്‌. ബാലിശവും അതിഭാവുകത്വം നിറഞ്ഞതുമായ ശൈലി പുതിയആസ്വാദനശീലങ്ങള്‍ക്കു പുറത്താണ്‌. സമൂഹത്തെയും സ്വകാര്യജീവിതത്തെയുംവിശകലനം ചെയ്യുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ഇപ്പോള്‍ എഴുത്തുകാരന്റെപണിയല്ല. കമ്പോളം നൂറായിരം മാര്‍ഗ്ഗങ്ങളിലൂടെ അതുനിര്‍വഹിച്ചുകൊണ്ടിരിക്കുന്നുണ്ട്‌. ഗുണപരമേതെന്ന്‌ തിരിച്ചറിയുകപ്രയാസകരമാക്കുന്ന തരത്തില്‍ സങ്കീര്‍ണ്ണമാണ്‌ ഇത്തരം വിശകലങ്ങളുടെ ഘടന. വ്യക്തിയുടെ മനസ്സും സ്വകാര്യതകളും സ്വപ്‌നങ്ങളും നിരന്തരംപരിശോധിക്കപ്പെടുകയും കടന്നുകയറ്റങ്ങള്‍ നിര്‍ബാധം നടക്കുകയും ചെയ്യുന്നകാലത്ത്‌ ജീവിതരാഷ്ട്രീയത്തിന്റെ ദിശ കണ്ടെത്തുകയും ഇടപെടുകയും ചെയ്യുകഎന്നത്‌ അത്യന്തം ശ്രമകരമാണ്‌. പുതിയ കാലത്തെ കവികള്‍ നേരിടുന്നവെല്ലുവിളിയും ഇതാണ്‌. എല്ലാ കാലത്തും കവികള്‍ ഇത്തരം പ്രഹേളികകളെഅഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും കുറെക്കൂടി സൂക്ഷ്‌മതകളിലേക്ക്‌ഇറങ്ങിച്ചെല്ലേണ്ടുന്ന അവസ്ഥ പുതുതാണ്‌. ഡി.സി.ബുക്‌സ്‌ ഈയിടെ
പുറത്തിറക്കിയ സെറീനയുടെ 'മുള്ളുകള്‍മാത്രം ബാക്കിയാകുന്നൊരു കടൽ' എന്നസമാഹാരത്തിലെ സമാഹാരത്തിന്‌ ശീര്‍ഷകമായ കവിതയെ ഈ പശ്ചാലത്തിൽവായിക്കാനുള്ള ശ്രമമാണ്‌ ഈ പഠനം.
            പുതുമഴ പോലെ കവിതയുടെ ചൊരിച്ചിലുണ്ടായ കഴിഞ്ഞ ആറേഴു വര്‍ഷങ്ങളിൽ, ബ്ലോഗുകള്‍ ആര്‍ക്കൈവുകളായി മാറുന്നതിനു മുമ്പത്തെ, മലയാളത്തിലെപുതുവെഴുത്തിന്റെ താവളവായി ഫേസ്‌ബുക്ക്‌ മാറുന്നതിനു മുമ്പുള്ളവര്‍ഷങ്ങളിലെ മലയാളം ബ്ലോഗുകളിൽ ഏറ്റവും മൗലികതയുള്ള കവിതകളുടെ പേരില്‍വായിക്കപ്പെട്ട പേരാണ്‌ സെറീനയുടേത്‌. വാക്കിന്റെ കടലിടുക്കിൽവീണുചിതറുന്നതിനെപ്പറ്റി എഴുതുന്ന `മണ്ണിനടിയില്‍ നിന്ന്‌ ദൈവത്തിനൊരുകത്ത്‌' എന്ന കവിത കൊണ്ടാണ്‌ ബ്ലോഗിൽസെറീനയുടെ തുടക്കം. അത്‌ബ്ലോഗില്‍ വന്നതല്ല ആദ്യം. ഒരച്ചടി മാധ്യമത്തില്‍ വന്ന കവിത ബ്ലോഗിൽപ്രസിദ്ധപ്പെടുത്തിയതാണ്‌. പൊതുവെ പത്രാധിപന്മാർ തിരിച്ചയച്ച കവിതകളെകെട്ടിപ്പിടിച്ചാണ്‌ ബ്ലോഗിൽ മലയാളം കവികൾ കാലൂന്നുന്നത്‌. ബ്ലോഗുകവിതയെഴുത്തുകാരില്‍ നിന്ന്‌ സെറീന ആദ്യകവിത കൊണ്ടു തന്നെ വേറിട്ടത്‌അച്ചടി കഴിഞ്ഞൊരു എഴുത്തിനെ`തിരമൊഴിയിലേക്ക്‌ വരുത്തിയാണ്‌. 2008-ലാണ്‌ആദ്യ കവിത സെറീന ബ്ലോഗിലിടുന്നത്‌. ഇതര ബ്ലോഗുകവികളെ അപേക്ഷിച്ച്‌കവിതയുടെ എണ്ണത്തില്‍ സെറീനയുടെ പച്ച എന്ന ബ്ലോഗ്‌ ചെറുതാണ്‌. കവിതയുടെഅതിരു കവിയലുകൊണ്ട്‌ വളരെ വലുതുമാണ്‌. ചരിത്രത്തിലേക്കും ഭാവിയിലേക്കുംദൂരവ്യാപകമായ വാക്കുകള്‍ കൊണ്ട്‌ നിറഞ്ഞിരിക്കുന്നു അവ. എഴുതുന്നസ്‌ത്രീകൾ സ്വന്തം ഹൃദയത്തിലേക്കു നോക്കിയപ്പോള്‍ തരിശുനിലവും അടഞ്ഞവാതിലുകളും കിളിവാതിലില്‍ വന്നു ചോരവാര്‍ക്കുന്ന കുരുവികളെയും കണ്ടതിന്റെവായനകള്‍ നമുക്ക്‌ ലഭിച്ചിട്ടുണ്ട്‌. സെറീന ഉള്ളിലേക്കുനോക്കിയപ്പോഴൊക്കെ ഉള്ളിനെ കടലായാണ്‌ കണ്ടത്‌. കടലിലെ മല്‍സ്യങ്ങളുടെഒത്തൊരുമയില്‍ വലുതും ചെറുതുമായ വാക്കുകള്‍ പായുന്നും പിടയുന്നുംഇരയാവുകയും ഇരപിടിക്കുകയും ചെയ്യുന്നുണ്ട്‌ അവരുടെ കവിതകളിൽ. 

           
തലക്കെട്ടില്‍നിന്നുതന്നെ കവിതയുടെ വായന ആരംഭിക്കേണ്ടതുണ്ട്‌. എന്നാല്‍അതിനപ്പുറം കവിതയുടെ കീഴെ ചേര്‍ത്തിരിക്കുന്ന കവിയുടെ പേരും കവിതയുടെപാരായണത്തില്‍ നിര്‍ണായകമാവുന്നുണ്ട്‌. ഇത്‌ ഒരു വാക്കിന്റെ പരിസരമാകെ ആവാക്കിന്റെ ജ്ഞാനതലത്തെ നിര്‍ണയിക്കുന്നതിൽ ഇടപെടുന്നു എന്നഫില്‍മോറിന്റെ നവഭാഷാശാസ്‌ത്ര ചിന്തകരുടെ ജ്ഞാനാര്‍ത്ഥവിചാരവുമായിചേര്‍ന്നു നില്‍ക്കുന്നു. കവിതയിലെ പുതുഭാവുകത്വം അടയാളപ്പെടുത്തുന്നത്‌ഏതെങ്കിലും വരേണ്യ സ്വത്വത്തെയല്ല. മറിച്ച്‌ ഓരപ്പെട്ടുപോയ എല്ലാശബ്ദങ്ങളെയും അത്‌ മുഖ്യധാരയിലേക്കു കയറ്റി നിര്‍ത്തുന്നു. എല്ലാതൊഴില്‍മേഖലയിൽ നിന്നുള്ളവര്‍ക്കും അവരായിത്തന്നെ അതില്‍ ഇടംകിട്ടുന്നു. തൊഴില്‍പരമല്ലാതെയും വ്യവഹാരമണ്ഡലങ്ങളില്‍വിഭജനങ്ങളുണ്ടല്ലോ. ജാതിമതവിഭജനങ്ങൾ പ്രകടമാണ്‌. എന്നാല്‍ ഇനിയുംസ്വരൂപം അനുവദിച്ചുകിട്ടേണ്ടതായ ഒരുപാടു വിഭാഗങ്ങളുണ്ട്‌.ലൈംഗികത്തൊഴിലാളികളും ലൈംഗികന്യൂനപക്ഷങ്ങളും ഇത്തരത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്‌. ലോകത്തെവിടെയും പെണ്‍കാഴ്‌ചകളും അതുണ്ടാക്കുന്നവ്യവഹാരമണ്ഡലങ്ങളും വേറിട്ടു നില്‍ക്കുന്നതാണ്‌. സാമൂഹികമായ എല്ലാവിഭജനങ്ങള്‍ക്കുമൊപ്പം അതതുവിഭാഗങ്ങളിലെ പെണ്‍കാഴ്‌ചകള്‍ ഉപവിഭാഗമായിപരിഗണിക്കപ്പെടേണ്ടതുണ്ട്‌. ദളിത്‌സ്‌ത്രീ,മുസ്ലിംസ്‌ത്രീ തുടങ്ങിയപരികൽപനകള്‍ അങ്ങനെ രൂപപ്പെട്ടു വരുന്നതാണ്‌. കേരളത്തിന്റെസാമാന്യപശ്ചാത്തലത്തില്‍ സെറീന എന്ന പേര്‌  കാവ്യപാരായണത്തില്‍ സക്രിയമായിഇടപെടുന്ന ചില അര്‍ത്ഥസാധ്യതകളെ തുറന്നുവിടുന്നുണ്ട്‌.
            എല്ലാ കവികളും പ്രാഥമികമായി അവര്‍ ഇടപെടുന്ന സാംസ്‌കാരിക മണ്ഡലങ്ങളുടെപ്രതിനിധികള്‍ എന്ന അര്‍ത്ഥത്തില്‍ കവികള്‍ മാത്രമാണ്‌. മലയാളത്തില്‍കവിതയെഴുതുന്ന സെറീന ആ അര്‍ത്ഥത്തിൽഒരു മലയാളകവിയാണ്‌. പെണ്‍കാഴ്‌ചആണ്‍കാഴ്‌ചയില്‍നിന്നു വ്യത്യസ്ഥമാകുന്നതുകൊണ്ട്‌ സൂക്ഷ്‌മ വായനയിൽസെറീന ഒരു പെണ്‍കവിയും മുസ്ലിംപെണ്‍കവിയുമായി മാറുന്നു.അര്‍ത്ഥോല്‍പ്പാദനത്തിൽ ഇടപെടുന്നു എന്നതുകൊണ്ട്‌ ഇത്തരം വിഭജനങ്ങളെമാറ്റിനിര്‍ത്താനാവില്ല. അതുകൊണ്ട്‌ സെറീന കാണുന്ന കടല്‍ സെറീനയുടെ ലോകത്തെ അടയാളപ്പെടുത്തുന്ന മറ്റൊരു കടലാണെന്ന്‌ നമുക്ക്‌ എളുപ്പംതിരിച്ചറിയാനാകും. മലയാളത്തിലെ പെണ്ണെഴുത്തിന്റെ സ്വരൂപവും ചരിത്രവും കൃത്യമായി വിശകലനംചെയ്യപ്പെട്ടിട്ടുള്ളതാണ്‌. സാറാജോസഫിന്റെയും മാധവിക്കുട്ടിയുടെയുംസാഹിത്യവഴികളെ പരിചയപ്പെടുത്തുന്ന സച്ചിദാനന്ദന്റെ പഠനങ്ങള്‍ഇത്തരത്തില്‍ പ്രസക്തമാണ്‌. (കലയും നിഷേധവും :1998)സാമൂഹികക്രമത്തില്‍ജനാധിപത്യമൂല്യങ്ങളും സാഹിത്യത്തില്‍ ആധുനികതയും കൊണ്ടുവന്ന തുറസ്സുകളെപ്രയോജനപ്പെടുത്തി സ്വാഭാവികമായി രൂപപ്പെടുന്നതോടൊപ്പം പുരുഷന്റെഅധികാരലോകത്തെ ചോദ്യം ചെയ്‌തുകൂടിയാണ്‌ പെണ്ണെഴുത്തിന്റെ വഴികള്‍രൂപപ്പെടുന്നത്‌. കാഴ്‌ചയുടെ  വഴികൾവ്യത്യസ്‌തമാണെന്ന്‌സ്ഥാപിച്ചെടുക്കാനും അതിനായി ഭാഷയെ മാറ്റിത്തീര്‍ക്കാനും മലയാളത്തിലെപെണ്ണെഴുത്തിന്‌ സാധിച്ചിട്ടുണ്ട്‌. സ്വപ്‌നങ്ങളും കാമനകളും അനുഭവങ്ങളുംവ്യത്യസ്‌തമാകുമ്പോഴും വാക്കിനും ചലനത്തിനുമുള്ള സ്വാതന്ത്ര്യം
കേരളീയസമൂഹത്തിന്‌ പൊതുവാണ്‌ എന്നു പറയാനാവില്ല. ജനാധിപത്യത്തിന്റെതുറസ്സുകളെ ഒന്നുകൂടി നീട്ടി നിര്‍ത്തുന്നുണ്ട്‌,ആഗോളവല്‍ക്കരണം എന്നപുതിയ ലോകക്രമം. വിദ്യാഭ്യാസവും തൊഴിലും ചെറിയ സാമൂഹികവട്ടങ്ങളെഭേദിച്ച്‌ പുറത്തു കടക്കുന്നു. വിവരസാങ്കേതികവിദ്യയുടെ സാധ്യതകള്‍വീടിന്റെ ചുമരുകളെ തകര്‍ക്കാതെ മറികടക്കുന്നു. എങ്കിലും ഏതോ കാലത്ത്‌
രൂപപ്പെട്ട സാമൂഹികമായ അതിരുകള്‍ പെണ്ണിനെയും ദലിതനെയുംന്യൂനപക്ഷങ്ങളെയും ഒതുക്കിത്തന്നെ നിര്‍ത്തുകയാണ്‌. സമൂഹത്തില്‍ആഴത്തിൽ വരഞ്ഞിട്ടിട്ടുള്ള ഈ ഭേദചിന്ത അലിഞ്ഞില്ലാതാവാത്തതുകൊണ്ട്‌പുതിയകാലത്തിന്റെ തുറസ്സുകളിലേക്ക്‌ ഇതില്‍പ്പെട്ടവര്‍ക്ക്‌
എത്തിനോട്ടങ്ങള്‍ നടത്തേണ്ടി വരുന്നു. അങ്ങനെയുള്ളവര്‍ക്ക്‌ കടലിലുംബാക്കിയാകുന്നത്‌ മുള്ളുകള്‍ മാത്രമാണ്‌. കവിതയിലെ ആദ്യവരികള്‍ശ്രദ്ധിക്കുക:

വാക്കുകളുടെ തീന്മേശയില്‍          
ആഴത്തില്‍ വരഞ്ഞു മുളക്‌ തേച്ച്‌   
വിളമ്പി വെച്ചിട്ടുണ്ടെന്നെ.

           
വാക്കുകളുടെ തീന്മേശയിലേക്ക്‌ കവി ഒരു മീനായി പകര്‍ച്ച പ്രാപിക്കുന്നു.തെളിനീരില്‍ ഓടിക്കളിക്കുന്നതോ ചില്ലുപാത്രത്തില്‍ കണ്ണുകള്‍ക്ക്‌ ആനന്ദംപകരുന്നതോ ആയ മീനല്ല ഇത്‌. ആഹാരമായി തീന്മേശമേലെത്തുമ്പോള്‍ മത്സ്യവുമായിബന്ധപ്പെട്ട എല്ലാ ലാവണ്യചിന്തകളും ആഹാരത്തിന്റെ പോഷകമൂല്യങ്ങളായി, രുചികളായി വേഷം മാറുന്നു. ലാവണ്യപരമായ രൂപകമെന്ന നിലവിട്ട്‌ ആസക്തിയുടെരുചിക്കൂട്ടാവുന്ന ഒരു ഗതിമാറ്റം കേരളീയസാഹചര്യത്തില്‍ ഇന്നുംനിലനില്‍ക്കുന്നുവെന്ന്‌ ഈ വരികള്‍ മുറിവില്‍ത്തേച്ച മുളകുപോലെഓര്‍മ്മിപ്പിക്കുന്നു. അങ്ങനെ ആദ്യവരികളില്‍ മത്സ്യശരീരത്തില്‍ കാണുന്നആഴമേറിയ വരകളും അതില്‍ത്തേച്ച മുളകും കവിതയിലെ വക്താവിന്റെ അനുഭവമെന്നനിലവിട്ട്‌ വായനക്കാരനില്‍ അസുഖകരമായ എരിവായി അനുഭവപ്പെടുന്നു. വിളമ്പലുംതീന്‍മേശയും ഈ രുചികള്‍ ആസ്വദിക്കാന്‍ അര്‍ഹതപ്പെട്ട മറ്റാരെയോഓര്‍മ്മിപ്പിക്കുന്നുണ്ട്‌.

തിരിച്ചും മറിച്ചുമിട്ട്‌ പൊള്ളിച്ചെടുത്തതാണ്‌  
എന്നിട്ടും എവിടെനിന്നാണ്‌         
ഈ വെളുത്ത പിഞ്ഞാണവക്കിനെ
കരപോലെ നനയ്‌ക്കുന്ന വേലിയേറ്റം?      

           
വരികള്‍ക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ഈ വെളുത്തപിഞ്ഞാണം അടുത്തകാലംവരെ മുസ്ലിം ഗാര്‍ഹികപദാവലിയിൽസജീവമായിരുന്ന ഒന്നാണ്‌. മീനിന്‌കുടുങ്ങിക്കിടക്കാനുള്ള ഒരു തടവറയാണ്‌ ഈ പിഞ്ഞാണം. നേരത്തേ സൂചിപ്പിച്ചവിഭവമായിപ്പോകുന്നതിന്റെ വിഹ്വലതകള്‍ ഇതിലുണ്ട്‌. അതോടൊപ്പം പിഞ്ഞാണമെന്നസവിശേഷപദമുല്‍പ്പാദിപ്പിക്കുന്ന മുസ്ലിം ഗാര്‍ഹികസദസ്സിലേക്കും അവിടുത്തെപെണ്‍ജീവിതത്തിലേക്കും വായനയുടെ കണ്ണുപാളേണ്ടതുണ്ട്‌. ഇപ്പോള്‍,മുസ്ലിംപെണ്‍കുട്ടികളെ എത്ര നേരത്തെ കെട്ടിച്ച്‌ വീട്ടിനുള്ളിലാക്കാമെന്ന്‌മതപുരോഹിതന്മാര്‍ കോടതിയെ സമീപിച്ചു കളയും എന്നു ഭീഷണിപ്പെടുത്തിയകാലത്താണ്‌ സെറീനയുടെ ആദ്യ പുസ്‌തകം പ്രകാശനം ചെയ്യപ്പെടുന്നത്‌.പെണ്ണിനുമേല്‍ പുരുഷന്‌ ആധിപത്യങ്ങളുണ്ട്‌ എന്ന രീതിയിലാണ്‌ ഈയിടെകേരളത്തിലെ പ്രമുഖനായ ഒരു മുസ്ലിം പണ്ഡിതന്‍ പ്രതികരിച്ചത്‌.

            ആഗോളവത്‌കരണത്തിന്റെയും വിവരസാങ്കേതികവിദ്യയുടെയുംതുറസ്സുകൾ അനുഭവിക്കുമ്പോഴും മുസ്ലിംസ്‌ത്രീകളെക്കുറിച്ചുള്ളഅധികാരത്തര്‍ക്കങ്ങളും അവകാശത്തര്‍ക്കങ്ങളുമൊക്കെ അവരനുഭവിക്കുന്നദുസ്വാതന്ത്ര്യത്തിന്റെ പ്രത്യക്ഷസൂചനകളാണ്‌. ആണിന്‌ അനുഭവിക്കാനുള്ള ഒരുവിഭവം മാത്രമായി പെണ്ണ്‌ പരിമിതപ്പെടുന്നതിന്റെ ഈ സാമൂഹികസാഹചര്യംതന്നെയാണ്‌ കവിതയിലും വിഷയമാകുന്നത്‌. പിഞ്ഞാണവക്കിനെ നനയ്‌ക്കുന്നവേലിയേറ്റം കണ്ണീരിന്റെ നനവല്ല,കരയുടെ കെട്ടുപൊളിച്ചേക്കാവുന്നവിങ്ങലിന്റെ ശക്തിപ്രകടനവും നാളെയുടെ സൂചനയുമാണ്‌. ഒരു ഭൂകമ്പത്തിന്റെസഹായമുണ്ടെങ്കില്‍ ഈ വേലിയേറ്റത്തിരമാലകള്‍ക്ക്‌ തങ്ങള്‍ നിരന്തരം
തലതല്ലിച്ചാവുന്ന കരയുടെ പരിമിതികളെ മറികടക്കാനാവും. തലച്ചോറില്‍കോര്‍ത്ത മണങ്ങളും ഉള്ളില്‍ കലര്‍ന്ന നിറങ്ങളും അസ്ഥിയില്‍ വിടര്‍ന്നപൂക്കളും കൊടും തണുപ്പിന്റെ ആഴവും ഭൂമിയില്‍ നിന്നൊരു കാഴ്‌ചയും വേണ്ടാഎന്ന കേഴലും വെയില്‍ തുളച്ച വഴികളും വെട്ടിമൂടിയ പച്ച മണ്ണിനടിയിലൂടെ ഒരുകീറുവെളിച്ചം കൈനീട്ടിയേക്കാം എന്ന പ്രതീക്ഷയും സെറീന എഴുതിയിട്ടുണ്ട്‌.വാക്കുകള്‍ കൊണ്ട്‌ അവര്‍ തന്റെ തന്നെ ആന്തരികതകളെ പുറത്തെടുത്തു വച്ച്‌ശുശ്രൂഷിക്കുകയാണ്‌. കടലില്‍ നിന്നും കരക്കെത്തിച്ചിട്ടും ജീവൻപോയിട്ടും അടുക്കളയും അടുപ്പും പിന്നിട്ട്‌ പാചകം കഴിഞ്ഞിട്ടും പിന്നെയുംബാക്കിയാകുന്ന ഉള്ളിനെയാണ്‌ കവിതയില്‍ എടുത്തു നോക്കുന്നത്‌.സെറീന എന്നകവിയ്‌ക്ക്‌ രൂപകങ്ങൾചമയ്‌ക്കാനുള്ള കഴിവിന്‌ ഉദാഹരണമാണ്‌ അടുത്തവരികള്‍.   

പറിച്ചെടുത്തുകളഞ്ഞ
ആ ചെകിളപ്പുവുകളുണ്ടല്ലോ         
അതിനിടയിലാണ്‌
അവസാനം കോര്‍ത്തെടുത്ത        
ആ ശ്വാസം സൂക്ഷിച്ചിരുന്നത്‌       
അതിലായിരുന്നു
അവന്റെ ഓര്‍മ്മയെ വെച്ചിരുന്നത്‌.

           
കുടുംബം,വിവാഹം തുടങ്ങിയ സ്ഥാപനങ്ങള്‍ ഒരു പെണ്‍കുട്ടിയില്‍നിന്നുപറിച്ചെടുക്കുന്നതെല്ലാം ഈ ചെകിളപ്പൂക്കളിലുണ്ട്‌. മത്സ്യം ഒരു വിഭവമായിമാറുമ്പോള്‍ അതിന്റെ ജീവസത്തയായിരുന്ന ചെകിളപ്പൂക്കള്‍ ഒരുസ്‌മാരകമായിപ്പോലും പരിഗണിക്കപ്പെടുന്നില്ല. സ്വതന്ത്രമായ കടലിലെനൂറായിരം ഓര്‍മ്മകളിൽ ഏറ്റവും പ്രിയപ്പെട്ട ഒന്നുമാത്രമാവണം, അവന്റെ ആഓര്‍മ്മ. കടല്‍ സ്വാതന്ത്ര്യത്തിന്റെ ഒരു വലിയ പരപ്പല്ലെന്നുംമറികടക്കാനാവാത്ത അസ്വാതന്ത്ര്യമാണെന്നും കവി തിരിച്ചറിയുന്നു.    

മുറിച്ചു നീന്തിയ കടലൊന്നും         
കടലായിരുന്നില്ലെന്ന്‌ ഇപ്പോഴറിയുന്നു,      
നിശ്ചലതയെക്കാള്‍ വലിയ കടലില്ലെന്നും  

           
അസ്വാതന്ത്ര്യത്തിന്റെ ഏറ്റവും വലിയ കടല്‍ നിശ്ചലതയാണ്‌.നിശ്ചലതയില്‍പ്പെട്ടുപോയ ഒരു മീനിന്‌ ഒരു അണുപോലും മുന്നോട്ടുനീങ്ങാനാവില്ല.ഈ കവിത പ്രതീക്ഷാനിര്‍ഭരമാകുന്നത്‌ അവസാനത്തെ വരികളിലാണ്‌.  ഹെമിംഗ്‌വേയുടെ കിഴവനും കടലും എന്ന കഥയിലെ വൃദ്ധനായ മീന്‍പിടുത്തക്കാരന്‌ലഭിക്കുന്ന വലിയ മത്സ്യം കരയിലെത്തുമ്പോഴേക്കും ഒരു മുള്ളു മാത്രമായിബാക്കിയാകുന്നത്‌ നമുക്കോര്‍മ്മ വരും. അവിടെ അദ്ദേഹം പറയുന്നത്‌ മനുഷ്യനെകൊല്ലാനാകും പക്ഷെ, തോല്‍പ്പിക്കാനാകില്ല എന്നാണ്‌. ഇതേപോലൊരു പ്രതീക്ഷസെറീനയുടെ കവിതയിലും മരിക്കാതെ കിടക്കുന്നുണ്ട്‌.           

പോളകളില്ലാത്ത കണ്‍വൃത്തത്തില്‍           
മരിക്കാതെ കിടപ്പുണ്ട്‌ ഒരു ആകാശം         
മീന്‍കണ്ണുതിന്നാനിഷ്ടമുള്ള കുട്ടീ,    
നിനക്കാണതിലെ മേഘങ്ങള്‍,     
തിന്നുകൊള്ളൂ,
മുള്ളു കൊള്ളാതെ, കടലിന്റെ ചോര പൊടിയാതെ.  

           
മത്സ്യത്തിന്‌ കണ്‍പോളകളില്ലാത്തത്‌ കല്‌പനയെ യുക്തിസഹമാക്കുന്നു. ഏതുസാഹചര്യത്തിലും മരിക്കാതെ കിടക്കുന്ന പ്രതീക്ഷകളെയാണ്‌ ഈ ആകാശംവായനയ്‌ക്കു വെയ്‌ക്കുന്നത്‌. മുള്ളുകൊള്ളാതെയും പെണ്‍ജീവിതമാകുന്നകടലിന്റെ ചോരപൊടിയാതെയും ഈ ആകാശത്തെ സ്വീകരിക്കാനാവശ്യപ്പെടുന്നത്‌കുട്ടിയോടാണ്‌. സ്വന്തമായി പുറത്തുചാടാന്‍ സാധിക്കാത്ത ഈ ആകാശത്തെ അടുത്തതലമുറയിലേക്കു മാറ്റിവെയ്‌ക്കുന്നതിലെ വീര്യക്കുറവിനെ ആരുവിചാരിച്ചാലും
അടച്ചുവെക്കാന്‍ കഴിയാത്ത കണ്ണുകളുടെ രൂപകം കൊണ്ട്‌ മറികടക്കുന്നുണ്ട്‌, കവി. ഉപ്പും മുളകുമിട്ട്‌ പൊരിച്ചെടുക്കപ്പെട്ട ഒരു കടല്‍മല്‍സ്യത്തിന്റെആത്മഭാഷണമല്ല ഈ കവിത. സ്വന്തം ജൈവലോകം നഷ്‌ടപ്പെട്ടുപോയതിന്റെഖേദത്തില്‍, യഥേഷ്‌ടം സഞ്ചരിച്ചിരുന്ന ജലപംക്തികളും കടലാഴങ്ങളുംമുറിച്ചുമാറ്റപ്പെട്ടതിന്റെ വേദനയില്‍ സ്വയം ജലകന്യകയാകുന്നൊരുപെണ്‍മനസ്സിന്റെ വാക്കാലുള്ള ദയാഹരജിയാണത്‌. ദയ ചോദിക്കുന്നത്‌പുറത്തൊരാളോടാണെന്നും കരുതുക വയ്യ. കാരണം താന്‍ പിടിക്കപ്പെട്ടതുംവേവിക്കപ്പെട്ടതും ആര്‍ക്കാണെന്നും എന്തിനെന്നും ആ മല്‍സ്യത്തോളംഅറിയുന്നവരില്ല അതിന്റെ ചുറ്റിലുമുള്ളവരായിട്ട്‌.           

           
ഈ കവിത മലയാളത്തിലെ എഴുതുന്ന സ്‌ത്രീത്വത്തിന്റെ ശബ്‌ദമായിരിക്കെ തന്നെപ്രമേയപരമായി, അടച്ചുമൂടപ്പെട്ട മുസ്ലിംപെണ്‍ജീവിതത്തെിന്റെആത്മാവിഷ്‌കാരം കൂടി നിര്‍വഹിക്കുന്നുണ്ട്‌. പെണ്‍കാഴ്‌ചകളില്‍നിന്നുസമാഹരിക്കുന്നഗാര്‍ഹികപദാവലികള്‍കൊണ്ടാണ്‌ സംവാദാത്മകമായവിചാരണകള്‍ക്കുള്ള ഭാഷ സെറീന രൂപപ്പെടുത്തുന്നത്‌. പുസ്‌തകത്തിന്‌കവിയെഴുതിയ ആത്മാഭിമുഖ്യമുള്ള കുറിപ്പ്‌ ഈ വാസ്‌തവത്തിന്റെ മൗനത്തിലുള്ളഅറിയിപ്പാണ്‌. തീഞൊറിവുകള്‍ മായുന്ന കവിതയുടെ നിശാവസ്‌ത്രം താൻധരിച്ചിരിക്കുന്നതായി അവരാശ്വസിക്കുന്നുണ്ട്‌. ഇതേ നിശാവസ്‌ത്രത്തെകുറിച്ച്‌ അതു ഭയത്തിന്റേതു കൂടിയാണെന്ന്‌ എഴുതിയിട്ടുള്ള മറ്റൊരുമലയാളിപ്പെണ്ണ്‌ കമലാദാസാണ്‌. ``അഞ്ചാം തരം മുതല്‍ മഹാരാജാസ്‌ വരെയുള്ളവായനയുടെയും എഴുത്തിന്റെയും ലോകം വന്നവസാനിച്ചത്‌ അറവുശാലയിലേക്ക്‌തുറക്കുന്ന ജനാലകളുള്ള ഒരു വീട്ടിലാണ്‌. അക്ഷരങ്ങളുടെ ഗന്ധമോകൂട്ടുകാരുടെ ഒച്ചയോ കടന്നു വരാത്ത അവിടുത്തെ പത്തിലേറെ വര്‍ഷങ്ങളുടെനിശബ്ദതയില്‍ നിനച്ചിരിക്കാതെ കൈവന്ന സൗഹൃദമാണ്‌ വീണ്ടുംഅക്ഷരങ്ങളുടെ വഴിതുറന്നത്‌. നീ പറയുന്നതൊക്കെ കവിതയാണെന്ന്‌ പറഞ്ഞു കവിതയിലേക്ക്‌കൈപിടിച്ചത്‌, എന്റെ എഴുത്തിനെ തിരികെ തന്നത്‌. അമര്‍ത്തി പിടിച്ചിരുന്നഒരു പുഴ പൊടുന്നനെ പുറപ്പെട്ടു വരുമ്പോലെയായിരുന്നു അത്‌. വാക്കുകള്‍ആത്മാവിലെ ഏതോ പാട്ടിനൊപ്പം ചുവടുകള്‍ വെയ്‌ക്കാന്‍ തുടങ്ങി..'' മുള്ളുകള്‍ മാത്രം ബാക്കിയാകുന്ന ഈ കടല്‍ വരുംകാലത്തെ കാവ്യസംവാദങ്ങളിൽകടന്നുവരുമെന്ന്‌ ഉറപ്പിച്ചുപറയാന്‍ സന്ദേഹിക്കേണ്ടതില്ല.

                                                                                   വി. അബ്ദു ലത്തീഫ്