3.11.10

ചെമ്പരത്തിയുടെ താക്കോല്‍

ബോധിവൃക്ഷത്തിന്റെ

വേരുകളില്‍നിന്നും
നൂറ്റാണ്ടുകളിലൂടെ നടന്നെത്തിയ
അന്തവും കുന്തവും
മണ്ണിലേക്കു കൊട്ടി
വര്‍ത്തമാനത്തിന്റെ
പുരാവൃത്തങ്ങളില്‍നിന്ന്
അഹന്തകള്‍ പെറുക്കി
ഒരു കൂടു കെട്ടി

പേരില്‍
കയറിയിരിക്കണമെന്നു തോന്നിയപ്പോള്‍
ദേശങ്ങളിലും ഭാഷകളിലും തിരഞ്ഞ്‌
കൗതുകങ്ങള്‍
തിരിച്ചും മറിച്ചും നോക്കി
അതിരിലിലെ
ചെടിപ്പടര്‍പ്പിനരികില്‍
തളര്‍ന്നിരുന്നപ്പോഴാണ്‌
പറിച്ചെടുത്ത ചങ്കിന്റെ
പര്യായവാക്കായ
ഞാന്‍ മതിയോയെന്ന്
ഒരു ചെമ്പരത്തി തൊണ്ടി വിളിച്ചത്‌

ഇപ്പോള്‍
വഴിപോക്കര്‍
ചെമ്പരത്തിക്കു താഴെ ചാരിവെക്കുന്ന
ചോദ്യച്ചിഹ്നങ്ങളെ
ആകാശംകൊണ്ട്‌ തടുക്കുമ്പോള്‍
തുരന്നെടുത്ത വയറുമായി ഒരു മല
പിത്താശയത്തിനു മുറിവേറ്റ ഒരു പുഴ
അളവുകള്‍ നഷ്ടപെട്ട ചക്രവാളം
നിറങ്ങള്‍ ചോര്‍ന്നുപോയ സന്ധ്യ
കടപ്പെട്ടുപോയ ദിവാസ്വപ്നങ്ങള്‍
പിന്നെയും ആരൊക്കെയോ ചേര്‍ന്ന്
നീയിരിക്കുന്നത്‌
ആനപ്പുറത്തല്ലായെന്ന്
വിളിച്ചുപറയുന്നു

10 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

തുരന്നെടുത്ത വയറുമായി ഒരു മല...
പിത്താശയത്തിനു മുറിവേറ്റ ഒരു പുഴ...
അളവുകള്‍ നഷ്ടപെട്ട ചക്രവാളം...


അതെ എല്ലാം ചോര്‍ന്നുപോയവ...

umbachy said...

വരുന്നൂ ഞങ്ങള്‍ ചെമ്പരത്തിയിലേക്ക്, മാഷെനിക്കെഴുതിയ അനേകം കത്തുകളിലൊന്നു പോലെ ഈ കവിത...

Anaswayanadan said...

നന്നായി ...........

പട്ടേപ്പാടം റാംജി said...

എല്ലാം നശിപ്പിച്ചുകൊണ്ട് മനുഷ്യന്‍ മുന്നോട്ട്...!!
നന്നായിരിക്കുന്നു മാഷെ.

Junaiths said...

പറിച്ചെടുത്ത ചങ്കിന്റെ
പര്യായവാക്കായ
ഞാന്‍ മതിയോയെന്ന്
ഒരു ചെമ്പരത്തി തൊണ്ടി വിളിച്ചത്‌..
നന്നായിരിക്കുന്നു...ആശംസകള്‍

ഹംസ said...

ആശംസകള്‍ :)

Ranjith chemmad / ചെമ്മാടൻ said...

ഇപ്പോള്‍
വഴിപോക്കര്‍
ചെമ്പരത്തിക്കു താഴെ ചാരിവെക്കുന്ന
ചോദ്യച്ചിഹ്നങ്ങളെ
ആകാശംകൊണ്ട്‌ തടുക്കുമ്പോള്‍
തുരന്നെടുത്ത വയറുമായി ഒരു മല !!!!!

പാവപ്പെട്ടവൻ said...

ആധുനികതയും, ഉത്താരധുനികതയും, അത്യുന്താധുനികതയും സാഹിത്യരചനക്ക് ഓരോ കാലഘങ്ങളില്‍ ചാര്‍ത്തപ്പെട്ട പേരുകളാണ് ..എല്ലാത്തിന്‍റെയും ഉദ്ദേശ്യം ഫലത്തില്‍ ഒന്ന് തന്നെയാണ് . എനിക്ക് തോന്നുന്നത് എല്ലാസാഹിത്യ രചനക്കും സാധരത്വം വേണമെന്നാണ് അപ്പോളെ അത് ജകിയമാകുകയുള്ള് ...അതിനു ജാനകിയമായ ഭാഷയില്‍ ലളിതമായി കാര്യങ്ങള്‍ പറയാന്‍ കഴിയണം ...രചന ഒരാള്‍ വായിച്ചിട്ട് മനസിലായില്ല എന്ന് പറയുന്നത് ആ എഴുത്തിന്‍റെ പരാജയമാണ് ..

Umesh Pilicode said...

kollaam...

Aardran said...

കോലായ സന്ദശിച്ച,
അഭിപ്രായങ്ങള്‍ പറഞ്ഞ
എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി