9.3.11

കുടപ്പന

തറയും പറയും കഴിഞ്ഞാല്‍ പനയായി
ആനയ്ക്കു പന ചക്കരയായി
പനയോളം വളര്‍ന്നപ്പോള്‍
പന പടിക്കു പുറത്തായി

പാഠം മൂന്നിലെപ്പന പാലക്കാട്ടെക്കരിമ്പന
കോഴിക്കോട്ടത്‌ കുടപ്പന.
അന്നത്താപ്പാതി പനയെന്ന്
പനയോട്‌ വല്യുമ്മയുടെ ബഹുമാനം
പനങ്കഞ്ഞിയിലും പനംപുട്ടിലും പക്ഷെ,
പട്ടിണിയുടെ മണം,
ഇടിച്ചുപിഴിഞ്ഞ്‌ ഊറ്റിയൂറ്റി നൂറാവുമ്പോഴേക്ക്‌
ഉറക്കം തൂങ്ങുന്നതിന്റെ മടുപ്പ്‌

പനമുറിച്ചേടത്ത്‌ പെണ്ണുങ്ങളെന്നത്‌ കേഴ്‌വി.
വെള്ളിക്കോലില്‍ പലകപലകയായി
വെള്ളപ്പനച്ചീന്തുകള്‍ തൂങ്ങിയത്‌
കാഴ്ചയോ സ്വപ്നമോ

പനയോലയുടെ തണലില്‍ പുരകെട്ടുകല്യാണം
കരിയോലയൊത്ത്‌
പുതുപനയോലതന്‍ മണം, മട്ടലിന്റെ പച്ച, മിനുസം
ഈര്‍ച്ചവാള്‍ പോലെ മുള്ള്‌ ചാഞ്ഞുകിടക്കട്ടെ

തണലിറങ്ങിയ പനയില്‍ ആകാശത്തേക്കു ചൂണ്ടിയ ഒറ്റവിരല്‍.
അതൃമാനെപ്പോലെ, പെണ്ണുങ്ങളങ്ങനെ നോക്കിനില്‍ക്കുന്ന
ഓലവെട്ടുകാരനാവാന്‍ കൊതി

മാപ്പളോ, രണ്ടു മടല്‌ പനോല...
അപ്പോ കാണണം
പറമ്പില്‍ പനനില്‍ക്കുന്നതില്‍
കാരണവര്‍ക്കുള്ള അഭിമാനം

ഓര്‍മ്മയില്‍
(വല്യുപ്പാന്റെ)തലക്കുടയുടെ ഭാരം
മറക്കുട കേട്ടിട്ടേയുള്ളു
പനകുലച്ചാല്‍ നാശം;പനങ്കോട്ടി;വരുന്ന മഴയത്ത്‌
ആയിരം പനങ്കുഞ്ഞുങ്ങള്‍

പച്ചപ്പനങ്കിളിത്തത്ത
ഇനി
ഏതു പനയില്‍നിന്നാവോ...?

6 comments:

Aardran said...

കുടപ്പന എങ്ങനെയോ
ഓര്‍മ്മയിലെത്തി

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

പനച്ചരിതം വളരെ ഇഷ്ടപ്പെട്ടു..
പനംചക്കരയുടെ മധുരം..
പിന്നെ,കേട്ടറിവ് വച്ചെങ്കിലും ഒരു വാക്കെഴുതാമായിരുന്നു..
മ്.. ആ പനങ്കള്ളിനെക്കുറിച്ചും..

Pranavam Ravikumar said...

gooD one!

Aardran said...

മുഹമ്മദ്‌ ബായ്‌,
കവിത വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും സന്തോഷം.
പനംചക്കരയും പനങ്കള്ളും ഓര്‍ക്കാഞ്ഞല്ല, അനുഭവിക്കാഞ്ഞുമല്ല. കുടപ്പനയില്‍ ഇതുരണ്ടുമില്ലാഞ്ഞിട്ടാണ്‌. കുടപ്പനയുടെ കാണ്‌ഡവും ഓലയുമാണ്‌ ഉപയോഗിക്കാന്‍ പറ്റിയത്‌. കള്ളെടുക്കുന്നത്‌ ഞങ്ങളുടെ നാട്ടില്‍ ഈര്‍മ്പന എന്നുവിളിക്കുന്ന പനയില്‍നിന്നാണ്‌. ഈര്‍മ്പനയുടെ ഓലയാണ്‌ ആനയ്ക്കു പഥ്യം. പാലക്കാട്ടൊക്കെ ധാരാളമുള്ള കരിമ്പനയുടെ ഓലയും നന്ന്, കള്ളും കിട്ടും ധാരാളം. കുടപ്പന പാവം കുടപ്പന

മേഘമല്‍ഹാര്‍(സുധീര്‍) said...

പയ്യെ തിന്നാല്‍ പനയും തിന്നാം ... അല്ലെ...

Jithu said...

ഇഷ്ടപ്പെട്ടു .......