30.6.12

എന്നെയും തേടി വരുമോ, ഈ ചോര?

വല്ലാത്തൊരു ചോരയാണ് ഈ ചന്ദ്രശേഖരന്റേത്
ഇങ്ങനെയെങ്കിൽ വെട്ടാതെ കൊല്ലാമായിരുന്നു
അതിന് ചോര അമ്പത്തൊന്ന് മുറിവുകളിൽക്കൂടി പുറത്തു വരുന്നതല്ലല്ലോ
മരണശേഷം മനസ്സുകളിൽനിന്ന് മനസ്സുകളിലേക്ക് പരക്കുന്ന രൂപകമല്ലേ
ചോരയെ രൂപകം എന്ന് സൌന്ദര്യശാസ്ത്രമാക്കിയാൽ
ചരിത്രം പൊറുക്കുമോ? അല്ലെങ്കിൽത്തന്നെ ഒരു രൂപകത്തിൽ അത് നിൽക്കുമോ?
ഒന്നരമാസത്തിനു ശേഷവും കളി തുടരുകയാണ് ഈ രൂപകം, ചോര,
അതിന്റെ രാഷ്ട്രീയരാസികം (കെമിസ്ട്രി)

കവിമനസ്സുകളിൽപ്പതിഞ്ഞ ചോരച്ചിത്രങ്ങളെ
വെട്ടുവഴിയിൽ പെറുക്കിവയ്ക്കുകയാണ് ഡി.സി.
ഇത് പ്രസാധകധർമ്മമോ കച്ചവടധർമ്മമോ?
ധർമ്മാധർമ്മങ്ങളെ ഇങ്ങനെ തരം തിരിക്കാമോ?
കവിത ചേർക്കുന്നത് കൊള്ളാം അനുവാദം ചോദിക്കാഞ്ഞത് ശരിയായില്ല എന്ന് ഒരു കവി
(ഉമ്പാച്ചിയുടെ വെട്ടുവഴിക്കവിത-അമ്പത്തൊന്നക്ഷരാധി)
ഫെയ്സ്ബുക്കിൽ മണിക്കൂറുകൾ നീണ്ട ചർച്ചകൾ
എഴുത്തുകാരന്റെ അവകാശങ്ങൾ, പ്രസാധകൻ, ചോര, രാഷ്ട്രീയം, ഉത്തരവാദിത്വങ്ങൾ.
എന്തായാലും പണം വാങ്ങണമെന്ന് നിരൂപകശ്രേഷ്ഠരുടെ ഫലിതം!..?
ചന്ദ്രശേഖരന്റെ ആത്മാവിന് (സഖാക്കൾക്ക് അതുണ്ടാകമോ?)
റോയൽറ്റി കൊടുക്കേണ്ടേ? കൊടുക്കുമോ?

വല്ലാത്ത ചോരയാണ് ഈ ചന്ദ്രശേഖരന്
ഒ‍ഞ്ചിയത്തെ ചുവന്ന മണ്ണ് അത് കുടിച്ചു വറ്റിച്ചില്ല
മണ്ടോടിക്കണ്ണന്റെ,
കൊല്ലാച്ചേരി കുമാരന്റെ
അളവക്കൻ കൃഷ്ണന്റെ
മേനോൻ കണാരന്റെ
സി.കെ. ചാത്തുവന്റെ
പുറവിൽ കാണാരന്റെ
വി.കെ.രാഘൂട്ടിയുടെ
കെ. എം. ശങ്കരന്റെ
പാറോള്ളതിൽ കാണാരന്റെ
ചോര കുടിച്ച മണ്ണ് ചന്ദ്രശേഖരന്റെ ചോര പുറത്തേക്കൊഴുക്കുമെന്ന് ആരറിഞ്ഞു
അല്ലെങ്കിലും ഈ രക്തസാക്ഷികളുടെ ചോര ഒരു മണ്ണും കുടിക്കില്ല
തെക്കോട്ടും വടക്കോട്ടും ഒഴുകും
കിഴക്കോട്ടു നീങ്ങി മലകളെയും
പടിഞ്ഞാട്ടു നീങ്ങി കടലിനേയും ചുവപ്പിക്കും
ഇപ്പോഴിതാ, പാലക്കാട്ടെത്തിയിരിക്കുന്നു. കണ്ണൂരെത്തിയിരിക്കുന്നു
കാലത്തിലൂടെ 30 40 കൊല്ലമൊക്കെ പിന്നോട്ടൊഴുകുന്നു.
മുന്നോട്ട് എത്രയൊഴുകുമെന്ന് ആർക്കറിയാം
അർത്ഥഗർഭങ്ങളായ പഴയ ധ്വനിപാഠങ്ങളെ
പോലീസിന്റെ ജീവനില്ലാത്ത സാഹിത്യമാക്കുന്നു
അല്ലെങ്കിൽ ധ്വനിപാഠങ്ങൾക്ക് വരേണ്യത കല്പിക്കാൻ ഞാനാര്
(മേൽപ്പത്തൂരോ? ഉദ്ദണ്ഡശാസ്ത്രികളോ?)

എന്തായാലും ഞാൻ പിടിക്കപ്പെടില്ലെന്ന് എനിക്കുറപ്പുണ്ട്
കൊലപാതകങ്ങളെ
അരുംകൊലയെന്നും വിപ്ലവമെന്നും
വേർതിരിച്ചതിൽ എനിക്കു പങ്കുണ്ട്
മരിച്ചു വീണത്
ഒറ്റുകാരും വർഗ്ഗീയവാദികളും സാമ്രാജ്യത്വ ദല്ലാളന്മാരുമാണെന്ന്
വിശ്വസിച്ചതിൽ എനിക്കു പങ്കുണ്ട്.
കേസു നടത്താൻ സന്തോഷത്തോടെ പണം കൊടുത്തതിലും
എനിക്കു പങ്കുണ്ട്. (പിരിവ്, പാർടി ഫണ്ട്)
എന്നാലും
ഒരു പോലീസും എനിക്കെതിരെ തിരിയില്ല
ഒരു കോടതിയും എനിക്കെതിരെ വിധിക്കില്ല
പക്ഷെ
ചന്ദ്രശേഖരന്റെ ചോര കാണുമ്പോൾ മാത്രം എനിക്കു പേടിയാകുന്നു