17.11.09

ദൂ…….രം

മറവിയില്‍നിന്ന്
കവിതയിലേക്കുള്ള ദൂരത്തില്‍
ഭ്രാന്തിന്റെ വിത്തുകളുണ്ടായിരുന്നു
ചരടറ്റ പട്ടത്തിന്‌ വഴികാട്ടിയത്‌
അലഞ്ഞുതിരിയുന്ന
ഒരു പമ്പരം

കൊതിപ്പിക്കാന്‍
അവസാനിക്കാത്ത വഴികള്‍
അതിരുകളില്ലാത്ത ആകാശം
ആഴമറിയാത്ത കടല്‍
എങ്ങോട്ടും
സൗജന്യയാത്ര വഗ്ദാനം ചെയ്ത്‌
കാറ്റ്‌

ഉന്മാദത്തില്‍നിന്ന്
കടലാസിലേക്കു ഭ്രമണം ചെയ്യാന്‍
നിറങ്ങളണിഞ്ഞെത്തിയ കിളികള്‍,
ചിത്രശലഭങ്ങള്‍

സുറുമയെഴുതിയ ജലാശയങ്ങളില്‍
ഇലയനക്കത്തില്‍ പുറത്തേക്കു തുളുമ്പിയ
നിലാവിനൊപ്പം
മെല്ലെ തുഴഞ്ഞപ്പോള്‍
ആവലാതിപ്പെട്ടിയുടെ തക്കോല്‍
ആഴങ്ങളിലുറഞ്ഞുപോയി
വീട്ടിലേക്കുള്ള വഴിയും
കണക്കുപുസ്തകവും
കടത്തിണ്ണയിലെ നയതന്ത്രരേഖകളും
വിരുന്നുമേശയിലെ
മാനേജുമന്റ്‌ പുഞ്ചിരിയും
അതിനകത്തായിരുന്നു

എന്തും തുറക്കാമെന്ന
തുരുമ്പിച്ച താക്കോലുമായി
ഗണിതച്ചിഹ്നങ്ങള്‍ വാരിയെടുത്ത്‌
പുഞ്ചിരിയുടെ പഠിതവൃത്തിയില്‍ പൊതിഞ്ഞ്‌
കടക്കെണിയില്‍
കാലും തലയും വെച്ച്‌
വീട്ടിലെക്കുള്ള വഴി തേടിയപ്പോള്‍
മുന്നില്‍
ആറിത്തണുത്ത
ഒരു നിഴല്‍ മാത്രം

തിരിച്ചു നടന്നപ്പോള്‍
കാറ്റ്‌ വാഗ്ദാനം മറന്നു
'ഇത്രയേയുള്ളൂ' വെന്ന്
കടല്‍
ആഴം തലയിലെടുത്തു നിന്നു
ഇലയനക്കത്തില്‍ ഒന്നും തുളുമ്പിയില്ല
കിളികളും ശലഭങ്ങളും
സുറുമ മങ്ങിയ കുളക്കരയില്‍
ഫോസിലുകളായി

അവസാനിക്കാത്ത വഴികള്‍ക്കും
അതിരുകളില്ലാത്ത ആകാശത്തിനുമിടയില്‍
പമ്പരം മാത്രം
'നൂലു പൊട്ടിയവരേ, ഇതിലേ ഇതിലേ'യെന്ന്
ഹൃദയം തുറന്ന്
പാടിക്കൊണ്ടേയിരുന്നു