20.11.10

ഭ്രാന്ത്‌

വക്രിച്ച കണ്ണുകള്‍ക്ക്‌
കോമാളിയാകാന്‍
ചങ്ങലയഴിക്കേണ്ടതല്ല;
മാലാഖക്കുഞ്ഞുങ്ങളുടെ കൈ പിടിച്ച്‌
അനന്തതയില്‍നിന്ന്
ഗസല്‍ക്കൊലുസ്സുകള്‍
വീണ്ടെടുക്കാനുള്ള
തേക്കുപാട്ടാണത്‌

കലഹിച്ച്‌
അറ്റം പൊടിക്കേണ്ട
സ്ഫടികപ്പാത്രവുമല്ല.
പ്രണയമധുമോന്തി,
അക്ഷരങ്ങളിലടയിരുന്ന്
മുന്തിരിവള്ളിയാകാനുള്ള
ഊഷ്മളതയാണത്‌

മുള്ളെന്നും മൂക്കുപൊത്തണമെന്നും
ഭ്രാന്തു പറയുമെങ്കിലും
നിലാവിലേക്ക്‌ തുറന്ന് വിട്ടേക്കുക
മഴപ്പിച്ച്‌ മുറുകുമ്പോള്‍
തലതല്ലി ഇടയിറങ്ങുന്ന
മഞ്ഞ നീര്‍നാഗങ്ങളെപ്പോലെ
അത്‌ കടല്‍ കടന്നോളും.

12.11.10

കറുത്ത പുഷ്പങ്ങള്‍


(ഒരു തീവണ്ടിയുടെ ആശ്ലേഷത്തിന്‌ ശരീരം വിട്ടുകൊടുത്ത കവി ഗുഹന്റെ അനുസ്മരണത്തോടനുബന്ധിച്ച്‌ കോഴിക്കോട്ട്  നടന്ന കവിസമ്മേളനത്തില്‍ അവതരിപ്പിച്ച കവിത)

വെളിച്ചം വറ്റിയ
കരിമ്പിന്‍ തോട്ടങ്ങളില്‍നിന്ന്
അടിമകള്‍ കണ്ടെടുത്തതാണ്‌
ആത്മഹത്യ എന്ന കറുത്ത കവിത

അന്നു മുതല്‍ അത്‌
മറുപടിയില്ലാത്ത
ആയുധങ്ങളായി

ഇത്രനാള്‍
കൂടെക്കഴിഞ്ഞതിന്‌ ഒരു സ്നേഹസമ്മാനമെന്ന്‌
കവികള്‍ കറുത്ത പുഷ്പങ്ങള്‍
ഏകാന്തരായ മരച്ചില്ലകളില്‍
തൂക്കിയിട്ടു

ഭൂമി
നടന്നു തുടങ്ങാനും
ആകാശം
ചെന്നെത്താനുമുള്ള ഇടങ്ങളായി
അടയാളപ്പെടുത്തിയവര്‍ക്ക്‌
പൂക്കളും വര്‍ണ്ണക്കൂട്ടങ്ങളും
വഴിവക്കിലെ
കൗതുകക്കാഴ്ചകളായിരുന്നു

കളിപ്പാട്ടങ്ങളോട്‌ ജീവന്‍ ചേര്‍ത്തുവെക്കുന്ന
കുസൃതികള്‍
കുറുമ്പു കനക്കുമ്പോള്‍
അവ വലിച്ചെറിയുമ്പോലെ

ഒരു മയില്‍പ്പീലി, ഒരു വളപ്പൊട്ട്‌
കാണാതെ പോയതിന്‌
പ്രണയത്തെ മുഴുവന്‍ കവിതയിലേക്ക്‌ പകര്‍ത്തി
വെള്ളാരംകണ്ണുകള്‍
പിണങ്ങിപ്പോകുമ്പോള്‍,

ഒരു തുള്ളി മധുരം കുറഞ്ഞതിന്‌
മധുപാത്രം തന്നെ വലിച്ചെറിഞ്ഞ്‌
പുഞ്ചപ്പാടത്തെ
നെടിയ വരമ്പുകള്‍ ഉപേക്ഷിച്ച്‌,
പൂത്ത താഴ്‌വരകളെ അവഗണിച്ച്‌
മുള്‍വഴികളിലൂടെ
ഒരുകാഞ്ഞിരമരത്തിന്റെ കൈപിടിച്ച്‌
പൂക്കളുടെ കാമുകന്മാര്‍
ആകാശത്തേക്ക്‌
നേരെ നടന്നുപോകുമ്പോള്‍

ഒരു വെള്ളിടി,
നിലയ്ക്കാത്ത ഒരു പെരുമഴ
കറുത്ത പുഷ്പങ്ങളുടെ
നിറം മങ്ങിയ ക്യാന്‍ വാസില്‍
ബാക്കിയാവുന്നു,
എപ്പോഴും.

3.11.10

ചെമ്പരത്തിയുടെ താക്കോല്‍

ബോധിവൃക്ഷത്തിന്റെ

വേരുകളില്‍നിന്നും
നൂറ്റാണ്ടുകളിലൂടെ നടന്നെത്തിയ
അന്തവും കുന്തവും
മണ്ണിലേക്കു കൊട്ടി
വര്‍ത്തമാനത്തിന്റെ
പുരാവൃത്തങ്ങളില്‍നിന്ന്
അഹന്തകള്‍ പെറുക്കി
ഒരു കൂടു കെട്ടി

പേരില്‍
കയറിയിരിക്കണമെന്നു തോന്നിയപ്പോള്‍
ദേശങ്ങളിലും ഭാഷകളിലും തിരഞ്ഞ്‌
കൗതുകങ്ങള്‍
തിരിച്ചും മറിച്ചും നോക്കി
അതിരിലിലെ
ചെടിപ്പടര്‍പ്പിനരികില്‍
തളര്‍ന്നിരുന്നപ്പോഴാണ്‌
പറിച്ചെടുത്ത ചങ്കിന്റെ
പര്യായവാക്കായ
ഞാന്‍ മതിയോയെന്ന്
ഒരു ചെമ്പരത്തി തൊണ്ടി വിളിച്ചത്‌

ഇപ്പോള്‍
വഴിപോക്കര്‍
ചെമ്പരത്തിക്കു താഴെ ചാരിവെക്കുന്ന
ചോദ്യച്ചിഹ്നങ്ങളെ
ആകാശംകൊണ്ട്‌ തടുക്കുമ്പോള്‍
തുരന്നെടുത്ത വയറുമായി ഒരു മല
പിത്താശയത്തിനു മുറിവേറ്റ ഒരു പുഴ
അളവുകള്‍ നഷ്ടപെട്ട ചക്രവാളം
നിറങ്ങള്‍ ചോര്‍ന്നുപോയ സന്ധ്യ
കടപ്പെട്ടുപോയ ദിവാസ്വപ്നങ്ങള്‍
പിന്നെയും ആരൊക്കെയോ ചേര്‍ന്ന്
നീയിരിക്കുന്നത്‌
ആനപ്പുറത്തല്ലായെന്ന്
വിളിച്ചുപറയുന്നു