19.5.13

വഴികൾ



വഴികളങ്ങനെ
പടർന്നു വലുതാവുന്നതാണ്
ഇന്നത്തെപ്പാട്ട്

സൂക്ഷിച്ചു വെച്ച ഒരു പാത്രമുണ്ട്
പൂക്കളുടെ ചിത്രമുള്ളത്
അതിലാണ് നിറയെ വളപ്പൊട്ടുകൾ

പഴയൊരു പെരുമഴക്കാലത്ത്
പ്രണയാധികാരപ്രയോഗാൽ
പൊട്ടിച്ചെടുത്തതാണ്
ആ ചുവന്ന വളപ്പൊട്ടുകൾ
ചോര പൊടിഞ്ഞിരുന്നു
നോക്കി നോക്കിയിരിക്കേ
അവൾതന്നെയായും മാറിയിരുന്നു

എപ്പോഴോ ഈ പാത്രത്തിലായി,
ചൂട്ടുവെളിച്ചത്തിൽത്തുടുത്ത ആ മുഖവും
തെളിഞ്ഞു കണ്ട വഴിയൊക്കെയും

അവൾ
ഞാൻ നടന്നു വന്ന വഴിയാണ്.
നടന്നിങ്ങെത്തുമ്പോൾ
വഴിയൊരു വളപ്പൊട്ടാകും

അങ്ങനെയെടുത്തിട്ട വഴിപ്പൊട്ടുകളാണ്
ഈ പുള്ളിപ്പാത്രമാകെ

വഴികളുടെ ഈ പൂപ്പാത്രവും
ഒരു വളപ്പൊട്ടാകും
ഞാനുമൊരു പൊട്ടാകും
പൊട്ടക്കവിതയാകും.

പ്രണയത്താലെന്നാലും
വീണ്ടുംവീണ്ടും പൊട്ടിച്ചെടുത്തേ തീരൂ
പുതുവഴികൾ