28.10.08

കൈഫോണ്‍

നിന്റെ മൂന്നരവയസ്സുകാരന്‍
എന്റെ ടെലിമൊഴികളോട്‌
'അച്ഛന്‍' എങ്ങ്‌ കിണുങ്ങിയപ്പോഴാണ്‌
നീയെനിക്കു പുളിച്ചുതുടങ്ങിയത്‌

മനസ്സുകളുടെ
ഇതളുകല്‍
മറിച്ചിടുന്നതിനിടയിലെപ്പൊഴോ
ഒരു പത്തക്ക നമ്പറായി
കൈഫോണുകളിലേക്കു
ചേക്കേറിയ നാം
കാറ്റുപോലെ ഏതോ ഒന്നിന്റെ
തുമ്പില്‍ പിടിച്ച്‌ എത്രപെട്ടെന്നാണ്‌
പുറം മോടികളില്‍നിന്നും
വിവസ്ത്രരായത്‌

ലോകത്തിന്റെ ഏതറ്റത്തും
കൈഫോണിന്റെ മറ്റേയറ്റം
നിന്റെ ചെവിക്കരികിലെവിടെയോ
നിതാന്തജാഗ്രതയിലാണെന്ന
ഉറപ്പ്‌
കൈഫോണ്‍ബില്ലിലെ അക്കങ്ങളെ
കവിതകളാക്കി,
കാമുകന്റെ ഡയറിക്കുറിപ്പും
പ്രണയവും രതിയുമാക്കി.

ഡാഫൊഡില്‍സ്‌ പൂക്കളുടേതെന്നപോലെ
നിന്റെ മണവും എനിക്കറിയില്ലെന്നു ഞാന്‍ പറഞ്ഞത്‌
മൈസൂര്‍ രാജാക്കന്മാരുടെ
പനിനീര്‍ത്തോട്ടങ്ങളില്‍ വെച്ചായിരുന്നു.

മുല്ല പൂക്കുന്ന നിലാവുള്ള രാത്രികളില്‍
നിന്റെ മുലക്കണ്ണുപോലെ
സുന്ദരമായ ഇരുട്ടിന്‍ തുരുത്തുകളില്‍
നിന്റെ ഗൂഢാക്ഷരികളുടെ
കുതിരപ്പുറത്തേറി
ഭൂമിയുടെ വന്യമായ ഗന്ധം പാര്‍ത്ത്‌
ഞാന്‍
ദൂരേക്ക്‌ ദൂരേക്ക്‌ സഞ്ചരിച്ചു

സ്നേഹസംവാദങ്ങള്‍ക്കു ചാര്‍ത്താന്‍
ആപ്പിളിന്റെ മാദകഗന്ധം തേടിയ നാം
തക്കാളിയുടെ പുളിപ്പുമായി
ഹൃദയത്തില്‍നിന്ന്
പരസ്പരം കുടഞ്ഞുകളയുമ്പോഴും
ഇനിയെന്തുചെയ്യണമെന്നറിയാതെ
കാതില്‍ കുരുങ്ങിയ ചിലതുണ്ട്‌

സമയരേഖകള്‍ കണ്ടു കിടുങ്ങുവോളം
കൊഞ്ചിപ്പകര്‍ന്ന തേന്മൊഴികള്‍,
തള്ളവിരലുകള്‍കൊണ്ട്‌
വിളമ്പിയ ഇക്കിളിക്കുറിമാനങ്ങള്‍,
നൂറുനൂറാവര്‍ത്തിച്ച
'ഷഹബാസിന്റെ' മഴപ്പാട്ടുപല്ലവി,
അദൃശ്യമായ നൂലിഴകളിലൂടെ
നേരം നോക്കതെ പറന്നെത്തി
മൗനത്തിന്‌ അര്‍ഥമുണ്ടാക്കിയ
മിസ്കാളിന്റെ സാന്ദ്രസൗന്ദര്യം,
കൈഫോണിന്റെ ഇത്തിരിച്ചതുരത്തിലൂടെ
ഞാന്‍ വലിച്ചെടുത്ത
നിന്റെ നേര്‍ത്ത നിശാവസ്ത്രങ്ങള്‍,
കൈകള്‍ അഴകളവുകളിലും
കാല്‍കള്‍
നിളാമണലിലും പുതഞ്ഞ്‌
ഉള്ളുതുളുമ്പി നടന്നുപോയ
നിലാരാത്രികള്‍,
രമണന്റെ കുന്നിന്‍പുറക്കാഴ്ചകള്‍,


ഒരു സ്വരഭേദത്തിന്‌
ആല്‍മരമായിപ്പടര്‍ന്ന
കിനാവള്ളികളെ
മര്‍മ്മത്ത്‌ വിരലമര്‍ത്തി നിഗ്രഹിക്കുവാന്‍
ഞൊടിയിടമതിയെന്ന ബോധ്യം
മറ്റു നമ്പരുകളിലേക്കുള്ള
തള്ളവിരലിന്റെ
ദ്രുതചലനമൊന്നുകൊണ്ടുമാത്രമാണ്‌
അതിജീവിച്ചത്‌.

-----ആര്‍ദ്രന്‍---------

21.5.08

നീയും ഞാനും

കരയാന്‍ തുടങ്ങുമ്പോള്‍
ചിരിച്ചുകളയുന്ന നിന്നെ
എനിക്കെന്തിഷ്ടമാണെന്നോ

ഇഷ്ടപ്പെടുവാന്‍ കാരണങ്ങളൊരുപാടുണ്ട്‌
ഒരു പച്ചമരത്തിന്റെ ചുവട്ടിലെന്നോണം
ആരോഗ്യദായകമാണ്‌ നിന്റെ സാന്നിധ്യം
എന്നെ എത്ര നേരവും കേള്‍ക്കും
ഓരോ വാക്കും പെറുക്കിയെടുക്കും

കളഞ്ഞുപോയ ഏതാനും അക്ഷരങ്ങള്‍
ഒരു നടത്തം
രണ്ടുവരി ഗസല്‍:
യുഗങ്ങള്‍ നീണ്ട പരിചയത്തിനിടയില്‍
ഇങ്ങനെ ചില കാര്യങ്ങളേ
നീ ആവശ്യപ്പെട്ടുള്ളൂ,
എന്തെങ്കിലുമെപ്പോഴും
നീ ചോദിച്ചുകൊണ്ടേയിരിക്കണമെന്ന്
ആഗ്രഹിച്ചിരുന്നെങ്കിലും.

എന്തിന്‌
നിനക്കെന്നോടിങ്ങനെ കൗതുകമെന്ന്
ആശ്ചര്യമാണെപ്പൊഴും
നിന്റെയിഷ്ടംകൊണ്ടുള്ള
വലിപ്പമോര്‍ത്തഹങ്കരിച്ചിരുന്നു.
കണ്ണാടി കാണുമ്പോഴെല്ലാം
ചെറുതായിച്ചെറുതായി വന്നപ്പോഴാണ്‌
നീയൊരു ആയിരമിതള്‍പ്പൂവായത്‌.

തീര്‍ച്ച
ഇതിനുമുമ്പും
നമ്മളെവിടെയോ
അറിഞ്ഞിരുന്നിട്ടുണ്ട്‌

കുടിയൊഴിക്കല്‍

കടുകടുത്ത നിറങ്ങളുടേയും
മിന്നിമറയുന്ന വേഗങ്ങളുടേയും
വിളംബരത്തില്‍
ബഹുവര്‍ണ്ണ സ്വപ്നങ്ങളുടെ പെരുക്കവുമായി
വീടു വിറ്റി റങ്ങിപ്പോയി,
ചോരകിനിയുന്ന
സമരങ്ങളും
മേല്‍ വിലാസമുണ്ടാക്കിത്തന്ന
നിയമങ്ങളുമോര്‍ക്കാതെ.

ചുമരില്‍
അധികാരത്തിന്റെ ഭീഷണി പതിയാതെ,
സമരങ്ങളുണരാതെ.

ഒരു ഇടം പിരിയന്‍ കാറ്റും
ഒരു വലം പിരിയന്‍ കാറ്റും
നിറങ്ങളറ്റ്‌
സ്വപ്നം ഒരുപിടി മണ്ണായി

കാലുറപ്പിക്കാന്‍
ചുവന്ന മണ്ണില്‍നിന്ന്
ഇടവഴികളിലേക്കും
ചതുപ്പുകളിലേക്കും
മുടന്തുകയാണിപ്പോള്‍

കൂട്ടിന്‌ സ്വന്തം കൂര ചുമന്നു നടക്കുന്ന
ചുവന്ന ഇന്ത്യാക്കരനുണ്ട്‌
ഇസ്താംബൂളുകാരനും
ബാഗ്ദാദിയുമുണ്ട്‌
മണ്ണ്‌ നഷ്ടപ്പെട്ട ഉറുമ്പുകളുണ്ട്‌
കാട്‌ നഷ്ടപ്പെട്ട മൃഗങ്ങളും
പുഴ നഷ്ടപ്പെട്ട മീനുകളുമുണ്ട്‌

ഉമ്മ എലികളുമായി ഇഷ്ടത്തിലാണ്‌

ആടുക്കള മുഴുവന്‍
എലിക്കാഷ്ടം
നിറഞ്ഞപ്പോഴാണ്‌
എലിക്കെണി എന്ന ആശയം
പൊന്തി വന്നത്‌

വിഷം വെച്ചാല്‍
ചത്തുമണക്കുമെന്നും
കത്രികയില്‍ കുടുങ്ങിയാല്‍
ചോരചിന്തുമെന്നും പറഞ്ഞ്‌
കെണിയിലെത്തിച്ചത്‌
ഉമ്മയാണ്‌

തേങ്ങാപ്പൂള്‍ ചുട്ട്‌ കെണിവെച്ച്‌
വിളക്കണച്ചപ്പോള്‍ത്തന്നെ
'ടപ്പേ'ന്ന് എലികുടുങ്ങി
എലിയെക്കൊന്ന് വീണ്ടും
കെണിക്കാമെന്ന
വേട്ടക്കാരുടെ വീര്യത്തെ
നാളെക്കൊല്ലാമെന്ന്‌
ഉമ്മ വീറ്റോ ചെയ്തു.

എല്ലാവരും ഉണര്‍ന്നപ്പൊഴേക്കും
എവിടെ, എങ്ങനെ എന്നത്‌ രഹസ്യമാക്കി
ഉമ്മ കൃത്യം നിര്‍വഹിച്ചിരുന്നു.
പിറ്റേന്നും അതിന്റെ പിറ്റേന്നും
ഇതുതന്നെ ആവര്‍ത്തിച്ചപ്പോള്‍
സംശയമായി:
ആരും കാണാതെ അതിരില്‍ കൊണ്ടുപോയി
എലികളെ
തുറന്നു വിടുകയാണെന്ന്
പുലര്‍ച്ചെ
മദ്രസയില്‍ പോകുന്ന
കുട്ടിച്ചാരന്മാരാണ്‌
കണ്ടെത്തിയത്‌.


വിസ്തരിച്ച്‌ പാത്രം കഴുകാനിരിക്കുമ്പോള്‍
ചുറ്റും കൂടുന്ന
കോഴികളോടും
കാക്കകളോടും
മൈനകളോടും
അണ്ണാങ്കൊട്ടനോടുമുള്ള
വര്‍ത്തമാനത്തിനിടയില്‍
ഉമ്മ ഇക്കാര്യം പറഞ്ഞ്‌
നിറയെ ചിരിച്ചിട്ടുണ്ടാകണം

29.1.08

മരം പക്ഷികളോടു പറഞ്ഞത്‌

നീയാരായിരുന്നു?
ഈ ചോദ്യത്തില്‍ കുഴഞ്ഞാണ`
കുറച്ചേറെ നാളുകള്‍ തണുത്തുറഞ്ഞത്‌

ഒറ്റ നിറത്തിലുള്ള
ഇലകള്‍
ശിഖരങ്ങളും തണലുമില്ലാത്ത
ഉടല്‍
പുളിയും ആഴത്തില്‍ കയ്പുമുള്ള
കനികള്‍

ആരും എന്റെ ചുവട്ടില്‍
കാലത്തെ അടയാളപ്പെടുത്തിയില്ല

കടിച്ചു തുപ്പുകയോ
ചവിട്ടിത്തെറിപ്പിക്കുകയോ
അല്ലാതെ
കനികളിലാരും നവരസം നുണഞ്ഞില്ല

നീ വന്നു
എന്റെ ഇലകളില്‍ സംഗീതമുണ്ടെന്നു വിളിച്ചുപറഞ്ഞു.
ആര്‍ത്തിയോടെ
എന്റെ പഴങ്ങള്‍ കൊത്തിത്തിന്നു
കൂട്ടരെക്കൂട്ടി
വലിയൊരു തണല്വൃത്തം
വരച്ചിട്ടു

ഒരു രാവും
ഒരു പകലും:
അടുത്ത സന്ധ്യയ്ക്കുമുന്‍പ്‌
നീ ചക്രവാളം കടന്നു

ഒരു പ്രഭാതം കൊണ്ട്‌,
നീ പകര്‍ന്നു തന്ന
മധുരവസന്തത്തിലേക്ക്‌
കണ്ണുതുറക്കാനേ കഴിഞ്ഞുള്ളൂ.
ഒരു പകല്‍ കൊണ്ട്‌,
നിന്റെ സ്വപ്നത്തൂവലുകള്‍ കണ്ട്‌
ആശ്ചര്യപ്പെടാനേ കഴിഞ്ഞുള്ളൂ

നീ
നിന്റെ കഥകള്‍ പറഞ്ഞില്ല
എന്റെ സ്വപ്നങ്ങല്‍ നീ ചോദിച്ചുമില്ല
എന്നാലും ഇടയ്ക്കെപ്പൊഴോ
ചേര്‍ന്നു നിന്ന്
നമ്മുടെ ഹൃദയങ്ങള്‍ പരസ്പരം
പുഴകളെ
ഒഴുക്കിയിരുന്നു

നിന്റെ ചിറകുകളും
എന്റെ വേരുകളും
നില്‍ക്കാന്‍ നിനക്കോ
കൂടെ വരാന്‍ എനിക്കോ
അനുവാദം തന്നില്ല.

അതുകൊണ്ട്‌
നീയാരെന്നറിയാന്‍
അടുത്ത മരുപ്പച്ചയിലേക്ക്‌
ഇലകള്‍ പൊഴിച്ച്‌
കാറ്റിനോട്‌
കൈ കൂപ്പുകയാണു ഞാന്‍.