21.3.11

യാത്രാവസാനം

യാത്രകളില്‍
അമ്മയെ കൂട്ടാറില്ല.
യാത്രകഴിഞ്ഞെത്തുമ്പോള്‍
അമ്മ വീട്ടിലുണ്ടാവണം,
എപ്പോഴും

9.3.11

കുടപ്പന

തറയും പറയും കഴിഞ്ഞാല്‍ പനയായി
ആനയ്ക്കു പന ചക്കരയായി
പനയോളം വളര്‍ന്നപ്പോള്‍
പന പടിക്കു പുറത്തായി

പാഠം മൂന്നിലെപ്പന പാലക്കാട്ടെക്കരിമ്പന
കോഴിക്കോട്ടത്‌ കുടപ്പന.
അന്നത്താപ്പാതി പനയെന്ന്
പനയോട്‌ വല്യുമ്മയുടെ ബഹുമാനം
പനങ്കഞ്ഞിയിലും പനംപുട്ടിലും പക്ഷെ,
പട്ടിണിയുടെ മണം,
ഇടിച്ചുപിഴിഞ്ഞ്‌ ഊറ്റിയൂറ്റി നൂറാവുമ്പോഴേക്ക്‌
ഉറക്കം തൂങ്ങുന്നതിന്റെ മടുപ്പ്‌

പനമുറിച്ചേടത്ത്‌ പെണ്ണുങ്ങളെന്നത്‌ കേഴ്‌വി.
വെള്ളിക്കോലില്‍ പലകപലകയായി
വെള്ളപ്പനച്ചീന്തുകള്‍ തൂങ്ങിയത്‌
കാഴ്ചയോ സ്വപ്നമോ

പനയോലയുടെ തണലില്‍ പുരകെട്ടുകല്യാണം
കരിയോലയൊത്ത്‌
പുതുപനയോലതന്‍ മണം, മട്ടലിന്റെ പച്ച, മിനുസം
ഈര്‍ച്ചവാള്‍ പോലെ മുള്ള്‌ ചാഞ്ഞുകിടക്കട്ടെ

തണലിറങ്ങിയ പനയില്‍ ആകാശത്തേക്കു ചൂണ്ടിയ ഒറ്റവിരല്‍.
അതൃമാനെപ്പോലെ, പെണ്ണുങ്ങളങ്ങനെ നോക്കിനില്‍ക്കുന്ന
ഓലവെട്ടുകാരനാവാന്‍ കൊതി

മാപ്പളോ, രണ്ടു മടല്‌ പനോല...
അപ്പോ കാണണം
പറമ്പില്‍ പനനില്‍ക്കുന്നതില്‍
കാരണവര്‍ക്കുള്ള അഭിമാനം

ഓര്‍മ്മയില്‍
(വല്യുപ്പാന്റെ)തലക്കുടയുടെ ഭാരം
മറക്കുട കേട്ടിട്ടേയുള്ളു
പനകുലച്ചാല്‍ നാശം;പനങ്കോട്ടി;വരുന്ന മഴയത്ത്‌
ആയിരം പനങ്കുഞ്ഞുങ്ങള്‍

പച്ചപ്പനങ്കിളിത്തത്ത
ഇനി
ഏതു പനയില്‍നിന്നാവോ...?