22.3.13

മൈലേ, മഴയേ, മിന്നലേ……..





ഡോക്ടർ ഹാനിമാന്റെ ശിഷ്യരിലൊരാളായ മഴ
നേർത്തുനേർത്ത്, പിന്നെയും നേർത്ത്
സൂചിയിൽ സൂചിയായി
ഇടംകാലിലെ ചെറുവിരലിലേക്ക് പെയ്യാൻ തുടങ്ങി
മഹാധമനികളിൽ
മരുഭൂമിക്കടിയിലെ രഹസ്യപ്രളയംപോലെ അത് പെരുകിക്കയറി
യുഗാന്തരങ്ങൾക്കപ്പുറത്തേക്കയച്ച വേരുകളെ മുഴുവൻ
മഴക്കാടുകൾ തിരിച്ചുവിളിച്ചു
പാതാളത്തിൽനിന്ന് ആകാശത്തേക്കു വളർന്ന്
മഞ്ഞുമലകൾക്കിടയിൽ കുരുങ്ങിയ മേഘഭിത്തികളിൽ
വാൽമൂട്ടകളുടെ നിരന്തരസഞ്ചാരംകൊണ്ട്തുളവീണപ്പോൾ
സൂര്യന്റെ ആസക്തിമുഴുവൻ
മഞ്ഞട്ടികളുടെ ഒറ്റശിഖരത്തിലേക്കു കൺതുറന്നു
ധിം……
മൂന്നാം ദിവസം
മലകയറ്റക്കാരുടെ പതിനാല് മൃതദേഹങ്ങൾ
മഞ്ഞുപോലെ മലയിറങ്ങി
നൂറ്റാണ്ടുകളിലൂടെ സഞ്ചരിച്ച ഹിമമൗനം
ഡമരുവിൽത്തട്ടി മഹേശ്വരനോട് പ്രപഞ്ചരഹസ്യം വെളിപ്പെടുത്തി

കാളപൂട്ടുകമ്പക്കാരൻ കുഞ്ഞാപ്പമുതലാളി
അടുപ്പിച്ചടുപ്പിച്ച് മത്സരം ജയിച്ചതിന്റെ ഓർമ്മയ്ക്ക്
നാട്ടിലെ ഏക എയ്ഡഡ് വിദ്യാലയത്തിന് ദാനം ചെയ്ത
നാട്ടുമാപ്പലകയുടെ തുളവീണ ബഞ്ചിലിലിരുന്ന്
ഗോപാലനും ബഷീറും ബാപ്പയില്ലാത്ത സൈനബയും
കുറേ ഒച്ചകളും കുറേ പച്ചകളും
കുമാരനാശാന്റെ തേന്മാവ് വാശിയോടെ പഠിച്ചുകൊണ്ടേയിരുന്നു.
അവരാരുമപ്പോൾ വാഗൻട്രാജഡിയെക്കുറിച്ചോർത്തില്ല
വൈകിമാത്രമെത്തുന്ന തീവണ്ടി കാത്തുനിൽക്കെ
മീൻമണമുള്ള സ്റ്റേഷൻബഞ്ചിൽ ഒരുപെണ്ണ് ഒരാണിനോട്
അവർക്കുമാത്രം മനസ്സിലാകുന്ന ഭാഷയിൽ
എനിക്കു നിന്നെ ഇഷ്ടമാണ്എന്നു  പറഞ്ഞ്
രണ്ടു തീവണ്ടിയൊച്ചകളായി തെക്കോട്ടും വടക്കോട്ടും
പാഞ്ഞുപോകുമെന്നുമോർത്തില്ല

വ്യാഖ്യാനങ്ങൾക്കു പിടിതരാത്ത മൗനം പിന്നെയെത്തുന്നത്
ചിലന്തിനൂലായാണ്.
കരിമ്പാറയിൽക്കൊത്തിയ കൺപോള
അനുവാദത്തിനു കാത്തുനിൽക്കാതെ കുത്തിത്തുറന്ന്
അതു നേരെ കരളിലേക്കാണു പോയത്
അവിടെ യുദ്ധകാലത്തെയും വിപ്ലവകാലത്തെയും കവികളെ
മഞ്ഞപുതച്ച് വരിവരിയായി കിടത്തിയിരുന്നു
അവരിലൊരാൾ പൊട്ടിക്കരഞ്ഞുകൊണ്ട്
കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയ്ക്ക് തീ കൊളുത്തി
വിരലുകളിലേക്ക് പാളിക്കയറിയ
തീനാമ്പുകൾ ശൈത്യകാലത്തെ ഓർമ്മിപ്പിച്ചു
വേറെരണ്ടുപേർ നാവുകുഴയും വരെയും
താടികൾ നീണ്ട് രണ്ടുവൈക്കോൽക്കൂനകളുണ്ടാകും വരെയും
തർക്കിച്ച്
ഒരാൾ മദ്യശാലയിലേക്കും ഒരാൾ പാപത്തെരുവിലേക്കും പോയി
ബാക്കിയുള്ളവർ പെൺഭ്രൂണം നുണയുന്നവരെ
കല്ലെറിഞ്ഞുകൊണ്ടേയിരുന്നു.
പിറ്റേന്ന്
നഗരം സൂക്ഷിപ്പുകാർ പ്ലാസ്റ്റിക് കുപ്പികൾക്കിടയിൽ
ഒരു കറുത്ത ബുദ്ധനെ കണ്ടെത്തി

ബന്ദു കഴിഞ്ഞിറങ്ങിയ
ദേശീയ പത്രത്തിലെ അക്ഷരങ്ങൾ
ഇറങ്ങി നടക്കാൻതുടങ്ങിയപ്പോഴാണ്
പിന്നെയും ഇടിമുഴങ്ങിയത്
രണ്ടിടികൾക്കിടയിൽ
നഗരത്തിലെ പുതിയ ഷോപ്പിംഗ് മാളിന്റെ പിന്നിലെ
അതീവരഹസ്യമായ പച്ചയിലേക്ക്
സ്ലോമോഷനിൽ
നൃത്തം ചെയ്തിറങ്ങിയ മിന്നലാണ്
മയിൽപ്പൂവനായത്.
അതാണിപ്പോൾ
നീലയെന്നും പേരറിയാത്ത വർണ്ണങ്ങളെന്നും
തെരുവുകൾതോറും തുളുമ്പി നടക്കുന്നത്.