11.1.13

അന്നയും റസൂലും മലയാളത്തെ ഒപ്പിയെടുത്ത റിയലിസ്റ്റിക് പ്രണയകഥ





മലയാളസിനിമയെ സംബന്ധിച്ച് പുതുപ്രതീക്ഷകൾ തരുന്ന സിനിമയാണ് രാജീവ് രവി സംവിധാനം ചെയ്ത ‘അന്നയും റസൂലും.’ നാളെ ഈ സിനിമയ്ക്കാധാരമായ ഏതെങ്കിലും കൊറിയൻ സിനിമ ആരെങ്കിലും ഉയർത്തിക്കൊണ്ടു വന്നാലും തനതു കേരളീയ ജീവിതത്തിന്റെ ആവിഷ്കാരംകൊണ്ട് ഈ സിനിമ നിലനിൽക്കും.  കേരളത്തിൽ കുറച്ചുകാലമായി പ്രേക്ഷക‍ക്ക് കാഴ്ചയുടെ പുത്തനനുഭവം പകരുന്ന നവസിനിയുടെ രസക്കൂട്ടുകൾ അന്നയും റസൂലും എന്ന സിനിമയും പങ്കു വെയ്ക്കുന്നു.  പരീക്ഷണങ്ങളെ കുറച്ചുകൂടി ആഴത്തിൽ സ്വാംശീകരിച്ചു എന്നത് സിനിമയെ വ്യത്യസ്തമാക്കുന്നു. 
ഈ സിനിമയിൽ താരങ്ങളില്ല, മനുഷ്യരെയുള്ളൂ.  മനുഷ്യരുടെ ചലങ്ങൾ അതിന്റെ താളത്തിലും വേഗതയിലും സിനിമയിലേക്ക് ഒപ്പിയിരിക്കുന്നു.  ജീവിതത്തിന്റെ തനത് ആവേഗങ്ങൾ ഓരോ ഷോട്ടിലും കാണാം.  സിനിമയ്ക്കു വേണ്ടി നിർമ്മിച്ച ഒറ്റ ഷോട്ടും ഈ സിനിമയിൽ കാണില്ല. സംഭാഷണം, വസ്ത്രാലങ്കാരം, പശ്ചാത്തല സംഗീതം എന്നിവയിലെല്ലാം ഇക്കാര്യത്തിൽ അണിയറപ്രവർത്തകർ സൂക്ഷ്മത പുലർത്തിയിരിക്കുന്നു.  സിനിമയുടെ ക്ലാസിക്ക് ഷോട്ടുകൾ ഉറപ്പിക്കാനായി ക്യാമറയ്ക്കു മുമ്പിൽ വരുന്ന ശല്യങ്ങൾ മാറ്റാറുണ്ട്. ഈ സിനിമയിൽ നമുക്കത് കാണാനാവില്ല.  മട്ടാഞ്ചേരിയിലെ ഇലക്ട്രിക് ലൈനുകളും മറ്റനേകം നൂലാമാലകളും ക്യാമറാമാന് തടസ്സമായില്ല. അതിനിടയിലൂടെ ജീവിതം പകർത്തുമ്പോൾ അത് ശരിക്കും ജീവിതചിത്രീകരണമാവുകയും ചെയ്യുന്നു.  സിനിമയിലെ കഥാപാത്രങ്ങൾക്ക് അവരുടെ ജീവിത സാഹചര്യങ്ങൾക്കും ചേരും വിധം സിനിമയിലുടനീളം വസ്ത്രങ്ങൾ ആവർത്തിച്ചുപയോഗിക്കുന്നു. സിനിമയിലെ സ്റ്റണ്ട് സീനടക്കം സിനിമാറ്റിക്കല്ല, റിയലിസ്റ്റിക്കാണ്.  സംഭാഷണത്തിലെ ശബ്ദനിയന്ത്രണം പോലും സാഹിത്യത്തോടൊപ്പം സൂക്ഷ്മശ്രദ്ധ പതിഞ്ഞു കാണുന്നു. ഈ സിനിമയിലെ നായികയ്ക്ക് പത്തോളം ഡയലോഗുകളെ ഉള്ളുവെന്നതും നമ്മെ അത്ഭുതപ്പെടുത്തും.  തീവ്രപ്രണയങ്ങൾ ഭാഷയ്ക്കുമപ്പുറത്താണ് എന്നൊരു സന്ദേശം ഇവിടെ വായിക്കാം.
അല്പം ദീർഘമാണ് സിനിമ. പതിയെ വളർച്ച പ്രാപിക്കുന്ന ക്ലൈമാക്സ് പക്ഷെ, ആരെയും ബോറഡിപ്പിക്കില്ല.  ജീവിതവേഗത്തെ സിനിമയുടെ വേഗവുമായി അത്ഭുതകരമായി കൂട്ടി യോജിപ്പിക്കാൻ കഴിഞ്ഞതിനാലാണിത്.  തിരുവനന്തപുരത്തും ഗോവയിലുമൊക്കെയായി മേളകളിൽ പരിചയപ്പെട്ട നവസിനിമകളെ കെട്ടിലും മട്ടിലും ഓർമ്മിപ്പിക്കുന്നുണ്ട് അന്നയും റസൂലും.  ലാറ്റിനമേരിക്കൻ സിനിമകളിലൊക്കെ അവരുടെ ദേശവും സംസ്കാരവും മുദ്ര പതിപ്പിക്കുന്നതു പോലെ ഈ സിനിമയിൽ കൊച്ചിയും മട്ടാഞ്ചേരിയും തന്മയത്വത്തോടെ പശ്ചാത്തലമാകുന്നു. കണ്ണാടിയിൽ കാണുന്നതു പോലെ കേരളീയ ജീവിതത്തെ കാണുമ്പോൾ സാംബ്രദായിക കെട്ടുകാഴ്ചകളോടുള്ള പുച്ഛം ഇരട്ടിക്കുന്നു.
അന്നയും റസൂലും സുഘടിതമായ തിരക്കഥകൊണ്ട് ശക്തമാണ്. സോദ്ദേശസൂചകമാണ് തിരക്കഥ.  പേരുസൂചിപ്പിക്കുന്നതു പോലെ മുസ്ലിം ക്രിസ്ത്യൻ പ്രണയമാണ് സിനിമയുടെ പ്രമേയം.  പ്രണയം പുരോഗമിക്കുമ്പോൾ അന്നയ്ക്കും റസൂലിനും മതം പ്രശ്നമേയാകുന്നില്ല.  മതം മാറാൻ അന്നയോ റസൂലോ പരസ്പരം നിർബന്ധിക്കുന്നില്ല. ഒരു ഘട്ടത്തിൽ റസൂൽ പറയുന്നത് “അത് പള്ളീപ്പോയി പറഞ്ഞാ മതി” എന്നാണ്.  ജീവിതത്തിരക്കിനിടയിൽ മതം രണ്ടാം സ്ഥാനത്തേക്കു മാറി നിൽക്കുന്നതിന്റെ സൂചനകൾ വേറെയും ഈ സിനിമയിലുണ്ട്.  മനസ്സമതം കഴിഞ്ഞ് പ്രീ മാര്യേജ് കോഴ്സിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് റസൂൽ അന്നയെ ബാലിശ ചലനങ്ങളൊന്നുമില്ലാതെ, പ്രസംഗങ്ങളില്ലാതെ വിളിച്ചിറക്കി കൈപിടിച്ചു നടന്നു പോകുന്നത്.  പൊന്നാനിയിൽ ബാപ്പ റസൂലിനു മുന്നിൽ നിസ്സഹായനാകുന്നു. അവിടെനിന്ന് റസൂൽ എത്തിച്ചേരുന്നത് ഇടുക്കിയിലെ ഹൈറേഞ്ചിലാണ്. മതങ്ങൾ നിരാകരിച്ച പ്രണയിനികളെ വഴിവക്കിൽ നിരനിരയായി പറക്കുന്ന ചെങ്കൊടികളാണ് സ്വീകരിക്കുന്നത്. വർത്തമാന യാഥാർത്ഥ്യം എന്തായാലും ചെങ്കൊടിയുടെ പ്രത്യയശാസ്ത്രത്തിൽ മതരിരപേക്ഷതയുടെ സാധ്യതകൾ സംവിധായകൻ കാണുന്നുണ്ടെന്നു തോന്നുന്നു. 
പ്രണയത്തിനു സമാന്തരമായി വളരുന്ന മട്ടാഞ്ചേരിയുടെ സൌഹൃദവും വയലൻസും ക്ലൈമാക്സിലേക്കു നീളുമ്പോൾ ആഹ്ലാദകരമായ ആദ്യരാത്രി കഴിഞ്ഞ് പുതുജീവിതത്തിലേക്കു പ്രവേശിക്കുന്ന നായകൻ കൊലക്കുറ്റത്തിന് ജയിലിലാകുന്നു.  കഥപറച്ചിലിന്റെ മനോഹരിത കൂട്ടുന്നത് പൊന്നാനി കടപ്പുറത്തുനിന്ന് പുറപ്പെട്ട ഒരു മിത്തിന്റെ ആവിഷ്കാരത്തിലാണ്. വെള്ളത്തിനടിയിലേക്ക് ഊളിയിട്ട് കണ്ണുതുറന്ന് തന്റെ പ്രിയപ്പെട്ടവളെ തേടുന്ന ഈ മിത്ത് മലയാള സിനിമയ്ക്ക് പുതുപ്രതീക്ഷയാണ്. 
സമ്മിലൂമി എന്ന ഗാനത്തിലൂടെ ഗാനരചനയിലേക്കു ചുവടു വെച്ച റഫീഖ് എന്റെ പ്രിയശിഷ്യനാണെന്നത് സിനിമയുമായി എനിക്കൊരു രക്തബന്ധമുണ്ടാക്കുന്നു.  സിനിമയിൽ റസൂൽ അനുഭവിക്കുന്ന വൈകാരികക്ഷോഭങ്ങളെ അടയാളപ്പെടുത്താൻ റഫീഖിന്റെ വരികൾക്കായിട്ടുണ്ടെങ്കിൽ ഇതൊരു പ്രതിഭയുടെ പിറവി കൂടിയാണ്.  സിനിമയുടെ അണിയറപ്രവർത്തകർക്ക്, അഭിനേതാക്കൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.