28.8.07

പേരുമാറ്റം

പേരുമാറ്റണം
പഴയ പേര്‌
ഒരുപാട്‌ തെറ്റിദ്ധാരണകളുണ്ടാക്കുന്നു

പണ്ടു നാടു തെണ്ടിയപ്പോള്‍ കിട്ടിയ പേരാണ്‌
ആള്‍ക്കാര്‍ക്ക്‌ അവകാശബോധുണ്ടാക്കന്‍
നടന്നപ്പോള്‍ കിട്ടിയത്‌
ആളെക്കൂട്ടി
വീടില്ലാത്തോര്‍ക്ക്‌ഒരു പണി സംഭാവന,
ഒരു കവുങ്ങ്‌ സംഭാവന,
മെറ്റഞ്ഞ കുറച്ചോലയും
ഇത്തിരിപ്പണവും സംഭാവന,
എന്നു പിരിച്ചു നടന്നപ്പോള്‍ കിട്ടിയ പേരാണ്‌

ഇടവഴി നിരത്തി റോഡാക്കാന്‍ നടന്നപ്പോള്‍,
മുഖം തിരിച്ചവന്റെ പറമ്പ്‌
ഒറ്റരാത്രികൊണ്ട്‌ നിരത്താന്‍വിപ്ലവം കൂട്ടിയപ്പോള്‍,
മലയായ മലയൊക്കെ
പൈപ്പുവെള്ളമെത്തിക്കാന്
‍നിവേദനമെഴുതിയപ്പോള്‍,
വായനശാലയുണ്ടാക്കി
അക്ഷരത്തിന്റെ രാഷ്ട്രീയം പഠിപ്പിച്ചപ്പോള്‍
ഒരു പതക്കം പോലെ
ഹൃദയത്തില്‍ ചാര്‍ത്തിത്തന്ന പേര്‌

ആര്‍ക്കൊക്കെയോ വേണ്ടി
ആശുപത്രിപ്പടിക്കല്‍കാവല്‍ കിടന്നപ്പോള്‍,
രക്തം കൊടുത്തപ്പോള്‍ കിട്ടിയ പേര്‌,
രക്തത്തിന്റെ നിറമുള്ള പേര്‌

അന്ന് കൂടെയുണ്ടായിരുന്നവര്‍ ഇന്നില്ല
ചെരിഞ്ഞു മാത്രം കിടക്കവുന്ന
തുളവീണ മരബെഞ്ച്‌
പുക കിട്ടാത്ത ബീഡി
കടുംവര്‍ണ പോസ്റ്റര്‍ക്കളറുകള്
‍തേഞ്ഞ എഴുത്തുബ്രഷുകള്
‍നിറയെ മക്ഷിയുള്ള ഒരു പേന
ചുവന്ന തലക്കെട്ടുകളുള്ള റ്റാബ്ലോയിഡുകള്‍

കണ്ണടക്കവറും
മൊബെയില്‍ഫോണും ഗര്‍ഭത്തില്‍പ്പേറുന്ന
ചുളിയാത്ത പുത്തന്‍ കുപ്പായങ്ങള്‍ക്ക്‌
ഇന്ന് ആ പേര്‌ ചേരില്ല
അതുകൊണ്ട്‌ കുറഞ്ഞ പക്ഷം
അതിന്റെ കൂടെ 'മുന്‍' എന്നു ചേര്‍ത്തുതരുവാന്‍ അപേക്ഷ.