18.12.10

കഴുത

പ്രിയപ്പെട്ട കൂട്ടുകാരിയെ
അദ്ധ്യാപകന്‍
"കഴുതേ..." എന്ന്
വിളിച്ചപ്പോഴാണ്
കഴുത
ഒരു ഓമനമൃഗമാണെന്ന്
എനിക്ക് മനസ്സിലായത്.

15.12.10

സഖാവിന്‌

ആല്‍മരത്തിന്‌
സ്റ്റാലിന്‍ എന്നാവും
ട്രോട്‌സ്കിയന്‍ ഭാഷ്യം

പ്രിയ സഖാവേ,
താങ്കളൊരു ആല്‍മരത്തയ്യാണെന്ന്‌
ഞാന്‍
നിശ്ചയമായും വ്യസനിക്കുന്നു

20.11.10

ഭ്രാന്ത്‌

വക്രിച്ച കണ്ണുകള്‍ക്ക്‌
കോമാളിയാകാന്‍
ചങ്ങലയഴിക്കേണ്ടതല്ല;
മാലാഖക്കുഞ്ഞുങ്ങളുടെ കൈ പിടിച്ച്‌
അനന്തതയില്‍നിന്ന്
ഗസല്‍ക്കൊലുസ്സുകള്‍
വീണ്ടെടുക്കാനുള്ള
തേക്കുപാട്ടാണത്‌

കലഹിച്ച്‌
അറ്റം പൊടിക്കേണ്ട
സ്ഫടികപ്പാത്രവുമല്ല.
പ്രണയമധുമോന്തി,
അക്ഷരങ്ങളിലടയിരുന്ന്
മുന്തിരിവള്ളിയാകാനുള്ള
ഊഷ്മളതയാണത്‌

മുള്ളെന്നും മൂക്കുപൊത്തണമെന്നും
ഭ്രാന്തു പറയുമെങ്കിലും
നിലാവിലേക്ക്‌ തുറന്ന് വിട്ടേക്കുക
മഴപ്പിച്ച്‌ മുറുകുമ്പോള്‍
തലതല്ലി ഇടയിറങ്ങുന്ന
മഞ്ഞ നീര്‍നാഗങ്ങളെപ്പോലെ
അത്‌ കടല്‍ കടന്നോളും.

12.11.10

കറുത്ത പുഷ്പങ്ങള്‍


(ഒരു തീവണ്ടിയുടെ ആശ്ലേഷത്തിന്‌ ശരീരം വിട്ടുകൊടുത്ത കവി ഗുഹന്റെ അനുസ്മരണത്തോടനുബന്ധിച്ച്‌ കോഴിക്കോട്ട്  നടന്ന കവിസമ്മേളനത്തില്‍ അവതരിപ്പിച്ച കവിത)

വെളിച്ചം വറ്റിയ
കരിമ്പിന്‍ തോട്ടങ്ങളില്‍നിന്ന്
അടിമകള്‍ കണ്ടെടുത്തതാണ്‌
ആത്മഹത്യ എന്ന കറുത്ത കവിത

അന്നു മുതല്‍ അത്‌
മറുപടിയില്ലാത്ത
ആയുധങ്ങളായി

ഇത്രനാള്‍
കൂടെക്കഴിഞ്ഞതിന്‌ ഒരു സ്നേഹസമ്മാനമെന്ന്‌
കവികള്‍ കറുത്ത പുഷ്പങ്ങള്‍
ഏകാന്തരായ മരച്ചില്ലകളില്‍
തൂക്കിയിട്ടു

ഭൂമി
നടന്നു തുടങ്ങാനും
ആകാശം
ചെന്നെത്താനുമുള്ള ഇടങ്ങളായി
അടയാളപ്പെടുത്തിയവര്‍ക്ക്‌
പൂക്കളും വര്‍ണ്ണക്കൂട്ടങ്ങളും
വഴിവക്കിലെ
കൗതുകക്കാഴ്ചകളായിരുന്നു

കളിപ്പാട്ടങ്ങളോട്‌ ജീവന്‍ ചേര്‍ത്തുവെക്കുന്ന
കുസൃതികള്‍
കുറുമ്പു കനക്കുമ്പോള്‍
അവ വലിച്ചെറിയുമ്പോലെ

ഒരു മയില്‍പ്പീലി, ഒരു വളപ്പൊട്ട്‌
കാണാതെ പോയതിന്‌
പ്രണയത്തെ മുഴുവന്‍ കവിതയിലേക്ക്‌ പകര്‍ത്തി
വെള്ളാരംകണ്ണുകള്‍
പിണങ്ങിപ്പോകുമ്പോള്‍,

ഒരു തുള്ളി മധുരം കുറഞ്ഞതിന്‌
മധുപാത്രം തന്നെ വലിച്ചെറിഞ്ഞ്‌
പുഞ്ചപ്പാടത്തെ
നെടിയ വരമ്പുകള്‍ ഉപേക്ഷിച്ച്‌,
പൂത്ത താഴ്‌വരകളെ അവഗണിച്ച്‌
മുള്‍വഴികളിലൂടെ
ഒരുകാഞ്ഞിരമരത്തിന്റെ കൈപിടിച്ച്‌
പൂക്കളുടെ കാമുകന്മാര്‍
ആകാശത്തേക്ക്‌
നേരെ നടന്നുപോകുമ്പോള്‍

ഒരു വെള്ളിടി,
നിലയ്ക്കാത്ത ഒരു പെരുമഴ
കറുത്ത പുഷ്പങ്ങളുടെ
നിറം മങ്ങിയ ക്യാന്‍ വാസില്‍
ബാക്കിയാവുന്നു,
എപ്പോഴും.

3.11.10

ചെമ്പരത്തിയുടെ താക്കോല്‍

ബോധിവൃക്ഷത്തിന്റെ

വേരുകളില്‍നിന്നും
നൂറ്റാണ്ടുകളിലൂടെ നടന്നെത്തിയ
അന്തവും കുന്തവും
മണ്ണിലേക്കു കൊട്ടി
വര്‍ത്തമാനത്തിന്റെ
പുരാവൃത്തങ്ങളില്‍നിന്ന്
അഹന്തകള്‍ പെറുക്കി
ഒരു കൂടു കെട്ടി

പേരില്‍
കയറിയിരിക്കണമെന്നു തോന്നിയപ്പോള്‍
ദേശങ്ങളിലും ഭാഷകളിലും തിരഞ്ഞ്‌
കൗതുകങ്ങള്‍
തിരിച്ചും മറിച്ചും നോക്കി
അതിരിലിലെ
ചെടിപ്പടര്‍പ്പിനരികില്‍
തളര്‍ന്നിരുന്നപ്പോഴാണ്‌
പറിച്ചെടുത്ത ചങ്കിന്റെ
പര്യായവാക്കായ
ഞാന്‍ മതിയോയെന്ന്
ഒരു ചെമ്പരത്തി തൊണ്ടി വിളിച്ചത്‌

ഇപ്പോള്‍
വഴിപോക്കര്‍
ചെമ്പരത്തിക്കു താഴെ ചാരിവെക്കുന്ന
ചോദ്യച്ചിഹ്നങ്ങളെ
ആകാശംകൊണ്ട്‌ തടുക്കുമ്പോള്‍
തുരന്നെടുത്ത വയറുമായി ഒരു മല
പിത്താശയത്തിനു മുറിവേറ്റ ഒരു പുഴ
അളവുകള്‍ നഷ്ടപെട്ട ചക്രവാളം
നിറങ്ങള്‍ ചോര്‍ന്നുപോയ സന്ധ്യ
കടപ്പെട്ടുപോയ ദിവാസ്വപ്നങ്ങള്‍
പിന്നെയും ആരൊക്കെയോ ചേര്‍ന്ന്
നീയിരിക്കുന്നത്‌
ആനപ്പുറത്തല്ലായെന്ന്
വിളിച്ചുപറയുന്നു

26.10.10

സ്ലേറ്റ്‌

(സമര്‍പ്പണം: വഴിയിലുപേക്ഷിക്കപ്പെട്ട എല്ലാ കാമുകിമാര്‍ക്കും)

ഇഷ്ടം പോലെ
എഴുതാനും മായ്ക്കാനുമുള്ള ഇടം
വികാരത്തള്ളലില്‍
എറിഞ്ഞുടയ്ക്കാം
ഓര്‍ത്തു കരയാം
പിന്നെ
കണ്ണീര്‍ത്തുള്ളികള്‍
പെറുക്കിയെടുത്ത്‌
കവിതയാക്കാം

24.10.10

ഞാന്‍ ആദം...












ഹവ്വ
ഒരു ഓര്‍മ്മയാണ്‌,
സുഖനിദ്രയിലെ
തേന്‍ തുളുമ്പുന്ന
ഒരു കിനാവു പോലെ.

കണ്ണാടിയില്‍
അവള്‍
നിറങ്ങളാവുമ്പോള്‍
മധുരമെന്ന്
അടയാളപ്പെടുത്തിയ
സ്ഥലനാമങ്ങള്‍
പറുദീസയെക്കുറിച്ചുള്ള
പുരാവൃത്തങ്ങളാകും

ഹവ്വ
ദാഹങ്ങളെ
തെളിനീരുകൊണ്ടും
മോഹങ്ങളെ
നറുതേന്‍ കൊണ്ടും
അരിശങ്ങളെ
എരിവാര്‍ന്നകന്താരികൊണ്ടും
നേരായി പൂരിപ്പിക്കുന്നവള്‍

വെളിച്ചത്തില്‍
മറിഞ്ഞു മറിഞ്ഞു പോകുന്ന
താളുകളിലൊന്നും
ഹവ്വയില്ല
ഇരുട്ടുകൊളുത്തി
സ്വപ്നത്തിന്റെ ഭാഷയിലേക്ക്‌
ഉടുപ്പഴിക്കുമ്പോള്‍
അവ്വള്‍ വരും,
എന്നും.

18.9.10

എഴുതുന്നതെന്തെന്നാല്‍

മധുരവും മിനുസവും
കുറവാണെന്ന്
കവിത വായിച്ചവരൊക്കെ
മനസ്സു കോട്ടുന്നു.

കവിതയില്‍
വാക്കുകള്‍ വരേണ്ടത്‌
ഹൃദയത്തില്‍ നിന്നാണത്രെ.

പാടത്തും പറമ്പത്തും നടന്ന്,
വരമ്പത്തും ഇടവഴിയിലും തിരഞ്ഞ്‌
വാക്കുകള്‍ നിറച്ചിരുന്നു, ഹൃദയത്തില്‍.

സ്കൂളില്‍ച്ചെന്നപ്പോള്‍
ടീച്ചറതൊക്കെയും
തിരിച്ചുകിട്ടാത്തവണ്ണം
തൂത്തെറിഞ്ഞു കളഞ്ഞു
പൊന്താത്ത കുറെ വാക്കുകള്‍
തുമ്പിക്കാലില്‍ ചേര്‍ത്തുംതന്നു

ആരും കാണാതെ കരയാനും
മനസ്സറിഞ്ഞ്‌ ചീത്ത പറയാനുമല്ലാതെ
ഇനിയൊന്നും ഹൃദയത്തിലില്ല

പിന്നെ,
തലച്ചോറുകൊണ്ടെങ്കില്‍ തലച്ചോറുകൊണ്ട്‌,
എഴുതാതിരിക്കാന്‍ എനിക്കാവില്ല.



27.7.10

കത്തുന്ന വേനലില്‍
വിഷുപൊട്ടിയെത്തുന്ന ജൂണില്‍
പുതുനാമ്പു പൊട്ടിത്തഴയ്കുന്ന നാട്ടുവിദ്യാലയം
കള്ളത്തരങ്ങളാലിക്കുറി
മുളയറ്റു.

ഞൊണ്ടിയെത്തിയ
മഴയില്‍പ്പിശകി
ആല്‍മരച്ചോട്ടിലെ
അക്ഷരക്കുഞ്ഞുങ്ങള്‍
വക്കുപൊട്ടി ചീര്‍ത്തുനിന്നു.

ഉയരങ്ങളിലേക്കു നടന്നുപോയ
വലിയ കാല്‍പാടുകല്‍
നനഞ്ഞ കരിയിലകള്‍ക്കൊപ്പം
ചിതലുകള്‍ക്കു ഭക്ഷണമായി.

എന്നെങ്കിലും
തങ്ങളെത്തേടി വന്നേക്കാവുന്ന
അന്വേഷകര്‍ക്കായി
ഇരിപ്പുകൂട്ടങ്ങള്‍
പൊടിയുടെ പുതപ്പണിഞ്ഞ്‌
ഫോസിലാകാനൊരുങ്ങി

പുരാവസ്തുവാകുന്നതിനുമുമ്പുള്ള അശ്ലീലമായി
വരാന്തകള്‍
മുണ്ടഴിഞ്ഞുകിടന്നു

മഴയത്തു തുറന്നുവച്ച
മഷിക്കുപ്പിയില്‍നിന്നും
മെലിഞ്ഞ ഒരു ജാഥ
വിറങ്ങലിച്ച
അക്ഷരങ്ങളെത്തോണ്ടി
മെല്ലെ
ഇടവഴിയിലേക്കിറങ്ങി.

22.7.10

അവസരവാദവും ഒരു വാദമാണ്‌

സ്വത്വരാഷ്ട്രീയ ചര്‍ച്ചയുടെ ഇടവേളയില്‍ കണ്ട
കണ്ണാടിയാണ്‌
ഒറ്റസ്വത്വമല്ല,
ഒരാള്‍ക്കൂട്ടമാണു-
ഞാനെന്നു പറഞ്ഞുതന്നത്‌.

ഏതോ ഒരച്ചുതണ്ട്‌
പരസ്പരം ചേര്‍ത്തുനിര്‍ത്തുന്ന
കലഹിക്കുന്ന ആള്‍ക്കൂട്ടത്തില്‍
കമ്മ്യൂണിസ്റ്റുകാരനുണ്ട്‌
സൂഫിയുണ്ട്‌
കവിയും
അദ്ധ്യാപകനുമുണ്ട്‌

മധ്യവര്‍ഗ്ഗരോഗങ്ങളുണ്ട്‌

ദളിതനും സവര്‍ണനുമുണ്ട്‌
പേരിട്ടുവിളിക്കാനാവാത്ത
വേറെയും ഒരുപാടു പേരുണ്ട്‌

ഒരു വര വരച്ച്‌
ഒന്നുകിലപ്പുറം അല്ലെങ്കിലിപ്പുറം
എന്നു വാശിപിടിക്കുന്ന
സ്വത്വവാദസദസ്സില്‍
ഞാനെന്നെ
എങ്ങനെയാണവതരിപ്പിക്കുക?

അവസരവാദവും ഒരു വാദമാണെന്ന്
അംഗീകരിക്കുമെങ്കില്‍ മാത്രമേ
ഞാനിനി അങ്ങോട്ടുള്ളൂ.

20.7.10

മീനുകളുമായി പുഴയില്‍ കഴിഞ്ഞ കാലത്തിന്റെ ഓര്‍മ്മയ്ക്ക്‌

ഞങ്ങള്‍ക്ക്‌
നന്നായി
മീന്‍ പിടിക്കാനറിയാമായിരുന്നു

ചൂണ്ടയില്‍ കുടുങ്ങുന്നവ
വലയില്‍ കോരേണ്ടവ
വലയെറിയേണ്ടവ
ഇവയൊക്കെ
നടന്നും നീന്തിയും
പഠിച്ചതാണ്‌
ഏതു മീനിനെ
എപ്പോഴെന്നും
ആഴങ്ങളനുസരിച്ച്‌
എങ്ങനെയെന്നും
മഴ കൊണ്ട്‌,
പുഴ നനഞ്ഞ്‌
ഞങ്ങള്‍ ഹൃദിസ്ഥമാക്കിയിരുന്നു

മീന്‍ പിടിക്കാതിരിക്കനും
ഞങ്ങള്‍ക്കറിയാമായിരുന്നു

മീന്‍ കുഞ്ഞുങ്ങള്‍
ഏപ്പോഴും
വലകളില്‍നിന്നും ചോര്‍ന്നുപോയിരുന്നു
തള്ളമീനുകളെ
ഞങ്ങള്‍ ബഹുമാനിച്ചിരുന്നു
ചൂണ്ടയേറ്റ്‌ പരിക്കേല്‍ക്കുന്ന മീനുകള്‍
ഞങ്ങളുടെ
ഉറക്കം കെടുത്തിയിരുന്നു

ഞങ്ങളുടെ സ്വപ്നങ്ങള്‍ക്ക്‌
ഇഴയിട്ടത്‌
പുഴയും മീനുകളും ചേര്‍ന്നാണ്‌
പ്രണയത്തിന്റെ
രൂപകങ്ങളായതും
ഹൃദയത്തിലേക്ക്‌ ഊളിയിട്ടിറങ്ങിയതും
മീനുകള്‍ തന്നെ

മിന്നിമറയാന്‍ പരല്‍മീനുകള്‍
പെരുക്കമായി വയമ്പുകള്‍
പിടി തരാതെ വാലാത്തന്‍
പ്രതീക്ഷയായി വരാല്‍
സാഹസമായി വാള
സങ്കടമായി പൂച്ചയെക്കൊല്ലി
വേദനയായി കടു
പോഴത്തമായി മഞ്ഞില്‍
പഴങ്കഥയായി തിരുതയും കൂരനും

മീന്‍ കൂട്ടാതെ
ഞങ്ങള്‍ക്ക്‌
മിണ്ടാനാവില്ല

ഞങ്ങള്‍ക്ക്‌
മീന്‍ പിടിക്കാനേ അറിയുകയുള്ളൂ
പുഴയുടെ മര്‍മ്മവും
മഴയുടെ കാലവും മാത്രമേ
വഴങ്ങുകയുള്ളൂ

ആകാശം മുട്ടുന്ന
കമ്പിവേലിക്കിപ്പുറം
പുഴയില്ലാത്ത മണ്ണില്‍
വായിലും തലയിലും ഹൃദത്തിലും
മീനുകളുമായി
ഞങ്ങളാരോടാണ്‌ സംസാരിക്കേണ്ടത്‌?

22.2.10

ലൗ ജിഹാദ്‌

ഭാഗം 1




1. മറവി



വാഴക്കൂമ്പിന്റെ നിറമുള്ള,

അറബിക്കഥയുടെ മണമുള്ള

സൂഫിയാനെ കണ്ടപ്പോള്‍

ഉപ്പിലിറങ്ങി നിന്ന

ഉണ്ണി കെ. വിശ്വംഭരന്‍

വര്‍ഷങ്ങളോളം ചവിട്ടിയുറപ്പിച്ച

ആര്‍ഷഭാരതസംസ്കാരം

പൊടുന്നനെ മറന്നു.



2. പായക്കപ്പല്‍



കപ്പലിന്‌

പെട്ടെന്നാണ്‌ കാറ്റുപിടിച്ചത്‌

പായ വലിച്ചു താഴ്ത്താനും

നങ്കൂരമിടാനും

അയാള്‍ തയ്യാറല്ലായിരുന്നു

എത്തിച്ചേര്‍ന്നത്‌

അതുവരെ നടന്ന തീരവും കടലും വിട്ട്‌

തൊപ്പിക്കാരും തട്ടക്കാരും മാത്രമുള്ള

ഒരു ദ്വീപില്‍



3. കാറ്റു പറഞ്ഞത്‌



പത്തേമാരി വന്നെന്ന്

പൊന്നും പണവും തിളങ്ങിയെന്ന്

പറന്നുപൊങ്ങിയ കൊടിക്കൂറയില്‍

ജിന്നുകളിറങ്ങിയെന്നും

മന്ത്രച്ചരടാല്‍

ഉണ്ണി കെ. വിശ്വംഭരന്‍

ബന്ധിതനാണെന്നും



4. കര്‍ക്കടകം



വഴികളാകെ

ചിന്നം പിന്നം കരഞ്ഞു

അങ്ങാടി മൂടിക്കെട്ടി

സന്ധ്യയോടെ

തെക്കോട്ടും വടക്കോട്ടും

മിന്നല്‍പ്പിണരുകളോടി

ഇരുട്ടില്‍

അതിഖരമായി ആരൊക്കെയോ

കലമ്പി



5. പകല്‍



കാറ്റിനെ പിടികൂടി

കവലയില്‍ കെട്ടിയിട്ടു

ഉണ്ണി കെ. വിശ്വംഭരന്റെ

ഓര്‍മ്മകള്‍

പല വഴികളിലൂടെ

തിരിച്ചെത്തി

പടിഞ്ഞാറുനിന്നും

പത്തേമാരിക്കാരുമെത്തി

അണയാന്‍ മറന്ന വിളക്കുകാലുകള്‍

കാഴ്ചക്കാരയി





6.ഭരതവാക്യം



വെള്ളത്തൊപ്പി ഊരുന്നതിനിടെ

ഉണ്ണി കെ. വിശ്വംഭരന്റെ

തലയുടെ ഒരു ഭാഗം

അതില്‍ പുരണ്ടു

ഹൃദയം ഇതളുകളായി-

സൂഫിയാന്‍, സൂഫിയാന്‍ എന്ന്

അടയാളപ്പെടുത്തി

ഉടല്‍ ആര്‍ഷഭാരതമേറ്റുവാങ്ങി

ഒന്നും കിട്ടിയില്ലെങ്ങിലും

പരിവാരങ്ങളും

തൃപ്തരായി.



ഭാഗം 2



പത്തേമാരി തിരിച്ചുപോയി

കൊടിക്കൂറയില്‍ത്തൂങ്ങിയ

അറബിക്കഥയില്‍നിന്ന്

ഒരു മാദകഗന്ധം

കരയിലേക്ക്‌ ഇളകുന്നുണ്ടായിരുന്നു.

കാറ്റ്‌, പക്ഷേ

ഒന്നും മിണ്ടിയില്ല.