25.12.13

വെളിപ്പെടാത്ത സ്വർഗ്ഗ ഭൂമികൾ (Paradise Unexplored)


വെളിപ്പെടാത്ത സ്വർഗ്ഗ ഭൂമികൾ

(പുസ്തക പ്രകാശനം)

സ്വാഗതം                                : സാജൻ( പ്രസിഡ്, കൾച്ചറൽ കൊളീഗ്‌സ്)
അധ്യക്ഷൻ                              : ശ്രീ. എ.കെ. അബ്ദൂൾ ഹക്കീം
പുസ്തക പരിചയം                  : വി.ബിനോയ്
പുസ്തകപ്രകാശനം                 : ശ്രീ. എൻ.പ്രഭാകരൻ
പുസ്തകം ഏറ്റുവാങ്ങുത്             : ശ്രീ.ബിപുൽ റേഗൻ
ബിപുലിന് മലയാളത്തിന്റെ ആദരം : ഡോ. പി.പവിത്രൻ
സി.ഡി.പ്രകാശനം                   : ശ്രീ. വി.ആർ.സുധീഷ്
സി.ഡി.ഏറ്റുവാങ്ങുത്                  : ഡോ. രാജശ്രീ ഹസാരിക (ആസാമീസ് എഴുത്തുകാരി)


ആശംസകൾ                      
  :ശ്രീമതി. കബിത മുഖോബാധ്യായ 
  : ശ്രീ. ടി.കെ.ഉമ്മർ
  : ഡോ. എം.സി.അബ്ദുൾ നാസർ
  : ശ്രീമതി. ഷെറിൻ
  :സന്ദീപ് കുമാർ ബഡോലൊയ് (ആസാമീസ്എഴുത്തുകാരൻ)
                                              :  ഉത്തം ഹസാരിക (ആസാമീസ് കവി)
                                              : ദിലുമണി ഗൊഗോയ് രാജ്‌ഖൊവ   (ആസാമീസ് പാട്ടുകാരൻ)
                                               : പൂനം ബൊഡോലോയ് (ആസാമീസ് ന‍ർത്തകൻ)
                                               : ജൊൻമോനി (ആസാമീസ് കവി, നാടകകൃത്ത്)

സാന്നിധ്യം                                 : ശ്രീ. ഗുലാബ് ജാൻ
                                                : ശ്രീ. റാസി മുഹമ്മദ്
                                                : വി.അബ്ദുൾ ലത്തീഫ്
                                                : ആസാമിൽനിന്നുള്ള കലാകാരന്മാർ

നന്ദി                                         : ഡോ.കെ.എസ്.വാസുദേവൻ


കുട്ടികളുടെ പപ്പറ്റ് ഷോ
ആസാമീസ് ബിഹു നൃത്തം, സത്രിയ നൃത്തം
സോളോ



 




29.9.13

വത്സലടീച്ചറുടെ ലേഖനം: വാദം പ്രതിവാദം



നേരൊഴുക്കുകളുടെയും അടിയൊഴുക്കുകളുടെയും കലങ്ങിമറിയലുകളാണ് ഓരോ തെരഞ്ഞെടുപ്പുകാലവും. ഇന്ത്യൻ പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ത്യക്കാരുടെ മാത്രം താൽപര്യങ്ങളിൽ ഒതുങ്ങുന്നില്ല. അധികാരം പിടിച്ചെടുക്കാനുള്ള വികേന്ദ്രീകൃത മൂലധനശക്തികളുടെ ആഗോളഅജണ്ടകളിൽ ശതകോടി മൂല്യങ്ങമുള്ള ഇന്ത്യൻ മാ‍ർക്കറ്റിന് വലിയ പ്രാധാന്യമുണ്ട്. വിഭവങ്ങളെ തങ്ങളുടെ വഴിക്കാക്കുക എന്ന മാനേജുമെന്റ് തന്ത്രത്തിന്റെ പ്രയോഗശാലയായി നമ്മുടെ തെരഞ്ഞെടുപ്പുകാലം മാറുന്നുണ്ട്. വലിയ തോതിലുള്ള ആസൂത്രണങ്ങളും പണമൊഴുക്കും നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യേണ്ടത് ജനങ്ങളാണ് എന്നതുകൊണ്ട് പൌരന്മാരുടെ രാഷ്ട്രീയ തീരുമാനങ്ങളെ സ്വാധീനിക്കുക എന്നതാണ് പ്രധാനം. ഇന്ത്യയുടെ വോട്ടു ബാങ്ക് വൈവിധ്യമാർന്നതാണ്. അതിൽ നഗരവാസികളും ഗ്രാമീണരുമുണ്ട്. അതിസമ്പന്നരും മധ്യവർഗ ജനവിഭാഗങ്ങളും ദരിദ്രരുമുണ്ട്. വിദ്യാസമ്പന്നരും നിരക്ഷരരുമുണ്ട്. വാണിജ്യവിഭാഗങ്ങളും കർഷകരും സർക്കാർ ജോലിക്കാരും കൂലിത്തൊഴിലാളികളുമുണ്ട്. ഇതിനെല്ലാം പ്രാദേശികഭേദങ്ങളുണ്ട്. ഈ വൈവിധ്യങ്ങളെ ബൌദ്ധികമായും വൈകാരികമായും സ്വാധീനിക്കുക എന്നത് ചില്ലറക്കാര്യമല്ല. കുശാഗ്രബുദ്ധികളായ സോഷ്യൽ എഞ്ചിനീയർമാരുടെ  സുദീർഘമായ പ്രവർത്തനപദ്ധതികളുടെ പ്രയോഗങ്ങൾ എല്ലാ മേഖലയിലും എന്നേ തുടങ്ങിക്കഴിഞ്ഞിട്ടുണ്ടാവും.

ജനാഭിപ്രായം രൂപപ്പെടുത്തുന്നതിൽ പത്രമാധ്യമങ്ങൾക്കുള്ള പങ്ക് ചെറുതല്ല. തെരഞ്ഞെടുപ്പ് അനുകൂലമാക്കാനുള്ള ശ്രമങ്ങളിൽ മാധ്യമങ്ങളെ വശത്താക്കുക എന്നത് പരമപ്രധാനമാണ്. സ്വാധീനിക്കപ്പെടാൻ ഏറെ സാധ്യതയുള്ള മാധ്യമങ്ങളിലൂടെ പുറത്തു വരുന്ന വാർത്തകളും വിശകലനങ്ങളും ലേഖനങ്ങളും ജനമനസ്സുകളെ സ്വാധീനിക്കാനുള്ള പൂർവ്വനിശ്ചിതപദ്ധതികളുടെ ഭാഗമാവുന്നതിൽ അതിശയമില്ല. ഇന്നലെ മാതൃഭൂമി പത്രത്തിന്റെ എഡിറ്റ് പേജിൽ പി.വത്സല മാതാ അമൃതാനന്ദമയിയെക്കുറിച്ചെഴുതിയ ലേഖനം ഇത്തരത്തിലൊന്നാണ്.
            മാതാഅമൃതാനന്ദമയി എന്ന അങ്ങേയറ്റം സംസ്കൃതീകൃതമായ സംഞ്ജാനാമം വിപുലമായ അർത്ഥങ്ങളെ ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഏതു സാഹചര്യത്തിലായാലും ഇത്തരം പ്രയോഗങ്ങൾ അതിന്റെ പ്രത്യയശാസ്ത്രവിവക്ഷകളെ അബോധത്തിലെങ്കിലും അംഗീകരിക്കുന്ന ഒരു ഭാഷാപ്രതിഭാസം സൃഷ്ടിക്കുന്നുണ്ട്. മലയാളത്തിന്റെ സാമാന്യ പരിസരത്തുനിന്നുള്ള ഒരു സംജ്ഞാനാമമല്ല മാതാഅമൃതാനന്ദമയി എന്നത്. ഇന്ത്യയുടെ സവിശേഷമായ വിശ്വാസ സങ്കല്പങ്ങളുടെ തുടർച്ചയും സമീപകാലത്തു രൂപപ്പെട്ട ജനകീയ ഗുരു കൾട്ടുകളുടെ വിശ്വാസപരിസരവും ഈ സം‍ഞ്ജാനാമത്തിനൊപ്പം പുറപ്പെട്ടു വരുന്നു. വാക്കിന്റെ ഈ പ്രത്യശാസ്ത്രപരിസരത്തെ അംഗീകരിക്കാത്തവർക്കും വസ്തുതാവിശകലനത്തിനു മുതിരുന്നവർക്കും പ്രയോഗത്തിൽ നിഷ്പക്ഷത പുലർത്തുന്ന ഒരു പകരം പദം കണ്ടെത്തുക ശ്രമകരമാണ്. ആൾദൈവമെന്നും ഭക്തിവ്യാപാരിയെന്നും പറയുമ്പോൾ പ്രത്യയശാസ്ത്രപരമായ എതിർവാദത്തോടൊപ്പം പരനിന്ദകൂടി കടന്നുവരുന്നുണ്ട്. തെറ്റോ ശരിയോ ആയിക്കൊള്ളട്ടെ, ബഹുജനങ്ങളുടെ വിശ്വാസബോധ്യങ്ങളെ അവമതിക്കുന്ന പ്രയോഗങ്ങൾക്ക് ജനാധിപത്യമര്യാദവച്ച് പ്രയോഗസാധുത ഇല്ല തന്നെ. 
    ഇടതുപക്ഷസഹയാത്രികയായ എഴുത്തുകാരിയാണ് പി.വത്സല. അവരുടെ സാഹിത്യത്തിൽ കൃത്യമായ ഇടതുപക്ഷപാതമുണ്ട്. എഴുത്തുകാരുടെ കൂട്ടായ്മകളിലും ഔദ്യോഗിക പരിപാടികളിലും ഇടതുപക്ഷത്തെയാണ് അവർ പ്രതിനിധീകരിച്ചു വരാറുള്ളത്. ഇടതുപക്ഷപ്രത്യയശാസ്ത്രത്തിനു പുറത്തു നിൽക്കുന്ന ഒരു സാമൂഹ്യപ്രതിഭാസത്തെ വിലയിരുത്തുമ്പോൾ അവരുപയോഗിച്ച പദാവലികൾ ജനാധിപത്യമര്യാദകളുടെ സാധുതയ്ക്കകത്തുള്ളതായിരുന്നു. ഭാഷയുടെ അർത്ഥവിവക്ഷകളുടെ സങ്കീർണതകൾ കാരണം കേരളത്തിലെ ഇടതുബോധ്യങ്ങളെ വത്സലടീച്ചറുടെ ലേഖനം മുറിവേൽപ്പിച്ചിട്ടുണ്ട്. ഇടതുപക്ഷത്തുനിന്നും അമൃതാനന്ദമയിയുടെ വിശ്വാസപരിസരങ്ങളിലേക്ക് എഴുത്തുകാരി കൂറുമാറിയോ എന്ന് തീ‍ർച്ചയായും സംശയിക്കപ്പെട്ടു.
കേരളത്തിന്റെ വർത്തമാനകാലസാമൂഹികസ്ഥിതികളെ പരിശോധിക്കേണ്ടതല്ലേ? കേരളീയസമൂഹം എന്നാൽ വിവിധമതക്കാരും പ്രസ്ഥാനക്കാരും ചേർന്നതാണ്. വ്യത്യസ്ത നിലപാടുകളുള്ളവർ പരസ്പരം ശത്രുരാജ്യങ്ങളായി പരിഗണിക്കേണ്ടതില്ല. നിലപാടുകളിൽ വ്യത്യസ്തത പുലർത്തുമ്പോഴും പരസ്പരം ബഹുമാനിക്കുക എന്നത് അഗീകരിക്കപ്പെട്ട ഒരു സാംസ്കാരികമൂല്യമാണ്. ഒരേ ചരിത്രത്തിന്റെ ഓരങ്ങളിലൂടെ നടന്നു വന്നവരാണ് എല്ലാവരും. തീർത്തും വ്യത്യസ്തമായ ചേരികളിലുള്ള രണ്ടു മലയാളികളെ താരതമ്യം ചെയ്താൽ ചെറിയ ചില കാര്യങ്ങളിൽ മാത്രമെ വ്യത്യസ്തതയുണ്ടാകൂ. ഭാഷ,ഭക്ഷണശീലങ്ങൾ,വസ്ത്രധാരണം, വിദ്യാഭ്യാസം,തൊഴിൽ,ആഗ്രഹങ്ങൾ,സ്വപ്നങ്ങൾ എന്നിവയിൽ സമാനതകളാവും കൂടുതൽ. നേരിയ വ്യത്യാസങ്ങളെ അടർത്തിയെടുത്ത് ചർച്ച ചെയ്യുമ്പോഴാണ് വെവ്വേറെ ചേരികൾ എന്ന തോന്നലുണ്ടാക്കുന്നത്. ആഗ്രഹങ്ങളിലും സ്വപ്നങ്ങളിലും വരെ വ്യത്യാസമുള്ള വെവ്വേറെ ചേരികൾ മറ്റു ദേശങ്ങളിൽ കണ്ടേക്കാമെങ്കിലും കേരളത്തിൽ അതു കുറവാണ്. മതങ്ങളും രാഷ്ട്രീയ പാർടികളും തങ്ങളുടേതായ ചേരികളെ നിർമ്മിച്ചെടുക്കാൻ നിനന്തരം യത്നിക്കുമ്പോഴും മലയാളി എന്ന ഏകതയാണ് എല്ലാറ്റിനും മുന്നിൽ നിൽക്കുന്നത്.
കേരളത്തിൽ സംവാദമെന്ന വ്യവഹാരരൂപം രൂപപ്പെടുത്തിയത് രാഷ്ട്രീയപാർട്ടികളാണ്. സാമൂഹികഏകകങ്ങളെ പൊതുവായി കാണുന്നതിനു പകരം തങ്ങളുടേതായ പ്രത്യയശാസ്ത്രപരിസരം രൂപപ്പെടുത്തുന്നതിനായി വല്ലാത്തൊരു എതിർസ്വരം നമ്മുടെ സംവാദങ്ങൾ മുഖമുദ്രയാക്കിയിട്ടുണ്ട്. തങ്ങളുടെ വിശ്വാസമണ്ഡലത്തിനു പുറത്തുനിൽക്കുന്ന എന്തും വിലകുറഞ്ഞതും വിരുദ്ധവും തെറ്റുമാണെന്ന മുൻവിധി സംവാദമെന്ന വ്യവഹാരരൂപം മുന്നോട്ടുവെക്കുന്നു. പി.വത്സയുടെ ലേഖനത്തിന്റെ ഭാഷ നിലവിലുള്ള സംവാദശൈലിയിൽനിന്ന് വേറിട്ടു നിൽക്കുന്നു. നിഷ്പക്ഷമായ പദാവലികൾ പരമാവധി എടുത്തുപയോഗിക്കുമ്പോഴും തന്റെ ലേഖനത്തിൽ വിശകലനവിധേയമാക്കപ്പെടുന്ന വിഭാഗത്തെ അവമതിക്കാതിരിക്കാൻ അവർ ആശ്രയിക്കുന്നത് ലേഖികയുടെ പ്രത്യയശാസ്ത്രവിവക്ഷകൾക്കു പുറത്തുനിൽക്കുന്ന പദാവലികളാണ്. മാതാഅമൃതാനന്ദമയി, അമ്മ, നിയോഗം എന്നൊക്കെ പറയുമ്പോൾ വത്സല പക്ഷം മാറിയോ എന്ന തോന്നലുണ്ടാക്കുന്നുണ്ടെങ്കിലും ലേഖനത്തിന്റെ ആകെ അവസ്ഥ അതല്ല ചൂണ്ടിക്കാണിക്കുന്നത്.
രണ്ടു കാര്യങ്ങൾ ടീച്ചറുടെ ലേഖനവുമായി ബന്ധപ്പെട്ട് പ്രസക്തമാകുന്നുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രി മോഡിയെ മുൻനിർത്തിയുള്ള തെരഞ്ഞെടുപ്പു തന്ത്രങ്ങളുടെ ഭാഗമായി രൂപപ്പെടുത്തിയെടുക്കുന്ന അനുകൂലനങ്ങൾ ഇതുമായി കൂട്ടി വായിക്കാം. മലയാളപത്രങ്ങളുടെ ഒന്നാം പേജിൽ അമൃതാനന്ദമയിയുടെ ജന്മദിനം വാ‍ർത്തയാകുന്നതും അവരോടൊപ്പം തുല്യവലിപ്പത്തിൽ (ചിലപ്പോൾ കുറച്ചധികം വലിപ്പത്തിൽ) മോഡിയുടെ പടം വരുന്നതും യാദൃശ്ചികമല്ല. തെരഞ്ഞെടുപ്പിൽ സ്വന്തം പാളയത്തെ ഉറപ്പിക്കുന്നതിനേക്കാൾ പ്രാധാന്യം പുതിയ തരംഗങ്ങൾ സൃഷ്ടിക്കുന്നതിനുണ്ട്. പി.വത്സലയ്ക്കു പകരം ആ ലേഖനം അമ്മശിഷ്യന്മാരാരെങ്കിലും എഴുതിയിരുന്നെങ്കിൽ ഒരു ചടങ്ങ് ലേഖനമാകുമായിരുന്നു. ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്ന ഹൈന്ദവരെ സ്വാധീനിക്കുക എന്നു തന്നെയാണ് അനുകൂലനങ്ങൾ ചമയ്ക്കുന്ന സൂത്രവിദ്യയുടെ ഉന്നം. മാധ്യമങ്ങളുമായുള്ള എഴുത്തുകാരുടെ ബന്ധങ്ങളും ബലഹീനതകളും ഇവിടെ കൃത്യമായി ഉപയോഗിക്കപ്പെട്ടു. പക്ഷെ ഭാഷയ്ക്കുമേൽ സമ‍ർത്ഥമായ സ്വാധീനമുള്ള എഴുത്തുകാരി മറ്റൊരു ചർച്ചയിലേക്കു കൂടി എഴുത്തിനെ നീട്ടി നിർത്തുന്നു. അതാണ് ഈ ലേഖനത്തെ പ്രസക്തമാക്കുന്ന രണ്ടാമത്തെ വസ്തുത.

ദേശീയപ്രസ്ഥാനത്തിന്റെ പ്രവാഹവഴികളെ ഗുണപരമായി പ്രയോജനപ്പെടുത്തിയാണ് കേരളത്തിന്റെ ബൌദ്ധികമായ ആധുനീകരണം രൂപപ്പെടുന്നത്. ഇടതുപക്ഷബോധവും ഉയർന്ന വിദ്യാഭ്യാസവും സാമൂഹികബോധവുമെല്ലാം എല്ലാവിധ ദോഷങ്ങളോടുമൊപ്പം ഇതിനോട് കടപ്പെട്ടിരിക്കുന്നു. പ്രസിദ്ധമായ ഇന്ത്യൻ കർമ്മസിദ്ധാന്തങ്ങൾക്കപ്പുറം അധ്വാനശക്തിയിൽ വിശ്വസിച്ച ഒരു സമൂഹമായി കേരളത്തെ മാറ്റിയതിൽ ഇടതുപക്ഷങ്ങൾ വലിയ അവകാശവാദങ്ങൾ ഉന്നയിക്കാറുണ്ട്. അതിൽ ശരിയുണ്ടുതാനും. എന്നിട്ടും എന്തുകൊണ്ടാണ് തൊണ്ണൂറുകളോടെ കേരളം പിന്നോട്ടു നടക്കാൻ തുടങ്ങിയത്? വിശ്വാസികളല്ലാത്തവർ കൂടുതൽക്കൂടുതൽ ഒറ്റപ്പെടുന്നു. ആരാധനാലയങ്ങളും വിസ്വാസവുമായി ബന്ധപ്പെട്ട ആഘോഷങ്ങളും സജീവമാകുന്നു. പൂജകളും അനുഷ്ഠാനങ്ങളും എല്ലാമതത്തിലും തിരിച്ചുവരുന്നു. അമൃതാനന്ദമയിയെപ്പോലുള്ളവരുടെ കൾട്ടുകൾ രാഷ്ട്രീയക്കാർക്കും മാധ്യമങ്ങൾക്കും അവഗണിക്കാനാകാത്ത ബഹുജനപ്രസ്ഥാനങ്ങളാകുന്നു. വലിയ അഴിമതികളുടെയും ദുർന്നടപ്പിന്റെയും കേന്ദ്രങ്ങളായി തെളിവുസഹിതം പിടിക്കപ്പെടുമ്പോഴും ഇത്തരം കേന്ദ്രങ്ങൾ മനുഷ്യ‍ർക്ക് ആശ്വാസവും പ്രതീക്ഷയുമാകുന്നതെന്തുകൊണ്ടാണ്?
പുരാതനമായ ചില വിശകലനപദ്ധതികളല്ലാതെ ഇത്തരം സാമൂഹികപ്രതിഭാസങ്ങളെ വിലയിരുത്താൻ ഇടതുപക്ഷത്തിന് വഴികളില്ല. സ്വന്തം ശൈലികളുടെ അടിമകളോ ഇരകളോ ആയി ചത്തുപോകുന്ന വിശകലങ്ങൾ ഒരിക്കലും ശരിയുത്തരങ്ങൾ ഉൽപാദിപ്പിക്കുകയില്ല. കേരളത്തിന്റെ ധൈഷണികതയെ പ്രചോദിപ്പിക്കുന്ന ഒരു പ്രവർത്തനപരിപാടിയും അടുത്തകാലത്തൊന്നും മുന്നോട്ടു വയ്ക്കപ്പെട്ടിട്ടില്ല. മാറുന്നതിനു പകരം സ്വന്തം പൌരാണികതയെ ന്യായീകരിക്കുകയും ജീ‍ർണതയുടെ പഴുതുകളിൽ തങ്ങളുടെ പങ്കുപറ്റുകയും ചെയ്യുന്ന ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ നടപ്പുരീതികളിൽനിന്ന് ചെറിയൊരു മാറി നടപ്പ് പി.വത്സലയുടെ ലേഖനത്തിൽ കാണാം. സമൂഹത്തിന്റെ ധൈഷണികവും വൈകാരികവുമായ ആശാകേന്ദ്രം എന്ന നില നഷ്ടപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ഇടതുപക്ഷത്തിന്റെതായി അവ‍ർ ഏറ്റെടുക്കുന്നു. സംവാദത്തിന്റെ വ്യവഹാരരൂപത്തിൽ ജനാധിപത്യമര്യാദകളുടെ പുതിയൊരു സംസ്കാരം കൊണ്ടുവരുന്നു. ഇടതുപപാളയത്തെയും നിഷ്പക്ഷമതികളെയും അങ്കലാപ്പിലാക്കുമ്പോഴും വത്സലടീച്ചറുടെ ലേഖനം തെരഞ്ഞെടുപ്പിന്റെ സൂക്ഷ്മചലനങ്ങളെ അടയാളപ്പെടുത്തുന്നതും ചില രാഷ്ട്രീയ ശരികളെ ഉൽപാദിപ്പിക്കുന്നതുമാണ്. ദീഘകാലാടിസ്ഥാനത്തിൽ ഇടതുപക്ഷത്തെ തിരുത്തുകയാണ് ശരി എന്ന ബോധ്യമുള്ളതുകൊണ്ട് ഞാൻ ആ ലേഖനത്തിന്റെ കൂടെ നിൽക്കുന്നു.

വി.അബ്ദുൾ ലത്തീഫ്





19.5.13

വഴികൾ



വഴികളങ്ങനെ
പടർന്നു വലുതാവുന്നതാണ്
ഇന്നത്തെപ്പാട്ട്

സൂക്ഷിച്ചു വെച്ച ഒരു പാത്രമുണ്ട്
പൂക്കളുടെ ചിത്രമുള്ളത്
അതിലാണ് നിറയെ വളപ്പൊട്ടുകൾ

പഴയൊരു പെരുമഴക്കാലത്ത്
പ്രണയാധികാരപ്രയോഗാൽ
പൊട്ടിച്ചെടുത്തതാണ്
ആ ചുവന്ന വളപ്പൊട്ടുകൾ
ചോര പൊടിഞ്ഞിരുന്നു
നോക്കി നോക്കിയിരിക്കേ
അവൾതന്നെയായും മാറിയിരുന്നു

എപ്പോഴോ ഈ പാത്രത്തിലായി,
ചൂട്ടുവെളിച്ചത്തിൽത്തുടുത്ത ആ മുഖവും
തെളിഞ്ഞു കണ്ട വഴിയൊക്കെയും

അവൾ
ഞാൻ നടന്നു വന്ന വഴിയാണ്.
നടന്നിങ്ങെത്തുമ്പോൾ
വഴിയൊരു വളപ്പൊട്ടാകും

അങ്ങനെയെടുത്തിട്ട വഴിപ്പൊട്ടുകളാണ്
ഈ പുള്ളിപ്പാത്രമാകെ

വഴികളുടെ ഈ പൂപ്പാത്രവും
ഒരു വളപ്പൊട്ടാകും
ഞാനുമൊരു പൊട്ടാകും
പൊട്ടക്കവിതയാകും.

പ്രണയത്താലെന്നാലും
വീണ്ടുംവീണ്ടും പൊട്ടിച്ചെടുത്തേ തീരൂ
പുതുവഴികൾ

13.4.13

ഹൃദയത്തിന്റെ ഭാഷ(ഹിമാലയ യാത്രയുടെ അനുഭവങ്ങൾ)




യാത്ര ഒരു ആധിയാണ്, പുറപ്പെടാതിരിക്കലാണ് ഉപാധി എന്നു കേട്ടിട്ടുണ്ട്. യാന്തികജീവിതത്തിന് മറുമരുന്നും പച്ചപ്പുമാണ് എനിക്ക് യാത്രകൾ. ഇത് മൂന്നാംതവണയാണ് കുടുംബമൊന്നിച്ച് ഒരു വലിയ യാത്രയ്ക്കൊരുങ്ങുന്നത്. ഈ മാസം 16-ന് യാത്ര തുടങ്ങും. ആസാം, അരുണാചൽപ്രദേശ്, മേഘാലയ, നാഗാലാൻറ് സംസ്ഥാനങ്ങളാണ് ലക്ഷ്യം. ആസാമിലെ ജോർഹട്ട് അടിസ്ഥാനമാക്കി മറ്റു സ്ഥലങ്ങളിലേക്ക് പോകാനാണ് പദ്ധതി. ബ്രഹ്മപുത്ര നദിയിലെ മജൂരി ദ്വീപും ചിറാപ്പൂഞ്ചിയും ലക്ഷ്യസ്ഥാനങ്ങളാണ്. പത്തോളം കുടുംബങ്ങൾ ചേർന്ന വലിയൊരു സംഘമായാണ് ഞങ്ങളുടെ യാത്ര. കുഞ്ഞുകുട്ടികൾ മുതൽ എല്ലാ പ്രായത്തിലുള്ളവരും ‍ഞങ്ങളുടെ സംഘത്തിലുണ്ട്. തിരുവനന്തപുരം മുതൽ കാസറഗോഡു വരെയുള്ളവർ സംഘത്തിലുണ്ട്. എല്ലാവരും ഏതെങ്കിലും വിധത്തിൽ സൌഹൃദമുള്ളവർ, ഏതാണ്ടൊരേ മനസ്സുള്ളവർ, പരസ്പരം ബുദ്ധിമുട്ടിക്കാത്തവർ. സിദ്ധാന്തങ്ങളും നിയമാവലിയും നേതാവുമില്ലാത്ത ജൈവകമ്യൂണാണ് ഞങ്ങളുടെ സംഘം. കമ്യൂണിന്റെ താളത്തോട് ചേർന്നു നിൽക്കാവുന്ന ആർക്കും ഇതിനകത്തേക്കു വരാം.
            

             ഓരോ യാത്രയും അനുഭവങ്ങളുടെ പരമ്പരയാണ്. ചിലതെല്ലാം അവിസ്മരണീയമാവും 2010 ഓഗസ്റ്റിൽ ഞങ്ങൾ നടത്തിയ ഹിമാലയ സന്ദർശനം അത്തരത്തിലൊന്നാണ്.  അന്നത്തെ യാത്ര നയിച്ച വാസുദേവൻമാഷ് ഹിമാലയത്തെക്കുറിച്ച് ചില മോഹിപ്പിക്കുന്ന കാര്യങ്ങളെ പറഞ്ഞു തന്നിരുന്നുള്ളൂ. ആരെയും പോകാൻ പ്രേരിപ്പിക്കുംവിധമുള്ള സുന്ദരസൂചനകൾ. എത്ര ദിവസമെടുക്കും? എത്ര പണം ചെലവാകും? കുട്ടികളുമായി യാത്ര നടക്കുമോ? തുടങ്ങിയ മിനിമം ചോദ്യങ്ങളേ എന്റെ ഭാഗത്തുനിന്നുണ്ടായുള്ളൂ. അതിനെല്ലാം നിസ്സാരമായ മറുപടിയാണ് അദ്ദേഹം തന്നത്. കോഴിക്കോട്ടുനിന്ന് തീവണ്ടി പിടിച്ചാൽ  രണ്ടാം ദിവസം ഹരിദ്വാറിലെത്താം. അന്നവിടെ താമസിച്ച് അയ്യപ്പക്ഷേത്രത്തിൽനിന്ന് ഭക്ഷണവും കഴിച്ച് ഗംഗാസ്നാനവും കഴിഞ്ഞ് ചാർദാം യാത്ര. ഗംഗോത്രി, യമുനോത്രി, കേദാർനാഥ്, ബദരീനാഥ് ഇത്രയും സ്ഥലങ്ങളടങ്ങിയതാണ് ചാർദാം യാത്ര. രാമചന്ദ്രന്റെ തപോഭൂമി ഉത്തരാഖണ്ഡ് യാത്രയ്ക്കു മുമ്പേ വായിച്ചിരുന്നെങ്കിലും ഹരിദ്വാറിൽനിന്ന് ഏതാനും മണിക്കൂറുകൾകൊണ്ട് ചെന്നെത്താവുന്ന സ്ഥലങ്ങളായാണ് ഈ നാലു സ്ഥലങ്ങളും എനിക്ക് അനുഭവപ്പെട്ടത്.
(ഗോകുൽ, മാളവിക, ഐഷ, ആമി)
            ഹരിദ്വാറിലെത്തി ബുദ്ധിമുട്ടില്ലാതെ അയ്യപ്പക്ഷേത്രത്തിനടുത്തുള്ള ഹോട്ടലിലെത്തി. കുറച്ചു മഞ്ഞുവസ്ത്രങ്ങളും റെയിൻക്കോട്ടുമെല്ലാം വാങ്ങി തലേന്നേ യാത്രയ്ക്കു തയ്യാറായി. ഹിമാലയത്തിൽ മഴയാണെന്നും യമുന കരകവിഞ്ഞൊഴുകുകയാണെന്നും യാത്രയിൽ ഞങ്ങൾക്ക് വിവരം കിട്ടിയിരുന്നു.  പിറ്റേന്ന് അതിരാവിലെ ഗംഗാസ്നാനം കഴിഞ്ഞ് എല്ലാവരും യാത്രയ്ക്കൊരുങ്ങി.  സത്യത്തിൽ അപ്പോൾ മാത്രമാണ് ദൂരത്തെക്കുറിച്ചൊരു ധാരണ എനിക്കുണ്ടായത്.  ഹോട്ടലിലെ റിസപ്ഷിൽ വിവിധ സ്ഥലങ്ങളിലേക്കുള്ള അകലവും വാഹനങ്ങളുടെ വാടകവിവരങ്ങളും എഴു

തിയിരിക്കുന്നു. ബദരീനാഥാണ് ഏറ്റവും ദൂരമുള്ള ലക്ഷ്യകേന്ദ്രം, 325 കിലോമീറ്റർ. ഞങ്ങളുടെ മറ്റു ലക്ഷ്യങ്ങളും ഏതാണ്ട് ഇതിനോടടുത്ത് ദൂരമുള്ളവ തന്നെ. 
            പോകാനുള്ള വാഹനത്തെസംബന്ധിച്ചുള്ള ആലോചനകൾ നീണ്ടു.  ഹിമാലയത്തിലേക്ക് ദിവസങ്ങളായി വാഹനങ്ങൾ കടത്തിവിടുന്നില്ല. മഴയും മണ്ണിടിച്ചിലും. യാത്രികരുമായി ചില വാഹനങ്ങൾ അപകടത്തിൽപ്പെടുകയും ചെയ്തത്രെ. ഏഴു മണിയോടെ വാഹനങ്ങൾക്ക് പോകാമെന്നായി. ഞങ്ങളടക്കം ഏതാനും സംഘങ്ങൾ അപ്പോൾ ഹരിദ്വാറിലുണ്ട്. കേദാർനാഥിലേക്കുള്ള വഴി തുറന്നിട്ടുണ്ടെന്ന് കേട്ട് ഞങ്ങൾ ആദ്യയാത്ര അങ്ങോട്ടാക്കാമെന്നു തീരുമാനിച്ചു. ബാക്കി സ്ഥലങ്ങളിലേക്ക് പോകാൻ ഹരിദ്വാറിൽ തിരിച്ചെത്തേണ്ട കാര്യമില്ല. ചമോലി തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് വഴിമാറിപ്പോയാൽ എല്ലാ ലക്ഷ്യങ്ങളിലുമെത്താം. അപ്പോഴും യാത്രയെക്കുറിച്ച് കൃത്യം ധാരണയാകാത്ത പലരും ബസ്സിൽക്കയറുമ്പോൾത്തന്നെ സ്വെറ്റും മഞ്ഞുതൊപ്പിയുമൊക്കെ അണിഞ്ഞിരുന്നു. ഹരിദ്വാറിൽ ആ സമയത്ത് നാട്ടിലേക്കാൾ ഉഷ്ണമായിരുന്നു! 280 KM യാത്രയുണ്ട് കേദാറിലേക്ക്. അവസാനത്തെ 17 കി.മി. നടക്കണം. പുറപ്പെടുന്ന ദിവസം അവിടെ എത്തുമെന്ന് ഒരു ഉറപ്പുമില്ല. 50 കി.മീ. ചെന്നാൽ ഋഷികേശായി. അവിടെനിന്ന് കയറ്റം ആരംഭിക്കുന്നു. ഗംഗയുടെ തീരങ്ങളിലൂടെ. ഭാഗീരഥിയും മന്ദാകിനിയും ചേർന്ന് ഗംഗയാവുന്നത് ഋഷികേശിൽനിന്ന് കുറച്ചുമാറിയാണ്.  ഭാഗീരഥിയുടെ തീരം ചേർന്നാണ് ഗംഗോത്രി യാത്ര. ഞങ്ങൾ മന്ദാകിനിയുടെ തീരം ചേർന്ന് യാത്ര തുടർന്നു. നദീസംയോഗങ്ങൾ പുരാണപ്രസിദ്ധങ്ങളാണ്. ദേവപ്രയാഗ്, രുദ്രപ്രയാഗ്, കർണ്ണപ്രയാഗ് എന്നിങ്ങനെ. ഓരോ പ്രയാഗിലും വണ്ടി നിർത്താൻ ഞങ്ങൾ ആവശ്യപ്പെട്ടു. ‍ഡ്രൈവർ അക്ഷമനാകുന്നതൊന്നും ഞങ്ങൾ കാര്യമാക്കിയില്ല. കുഞ്ഞുങ്ങളടക്കം 35 പേരുണ്ടായിരുന്നു ഞങ്ങളുടെ സംഘത്തിൽ അത്രയും പേരെ ഉൾക്കൊള്ളാവുന്ന ഒരു സ്മാർട്ട് ബസ്സായിരുന്നു ഞങ്ങളുടെ വണ്ടി. രാംസിങ് എന്ന ഡ്രൈവറും ഗോപാൽ എന്ന ചെറുപ്പക്കരാൻ സഹയിയും. 




നീലകണ്ഠപർവ്വതം  
            ശിവാലിക് മലിരകളിലൂടെയാണ് യാത്ര. ഹിമാലയത്തേക്കാൾ പ്രാചീനമാണ് ശിവാലിക്ക്. പലയിടവും നിബിഢവനങ്ങളാണ്. ഈ കാട്ടിൽ എല്ലാവിധ വന്യജീവികളുമുണ്ട്. 12 കി.മി. യുള്ള താമരശ്ശേരി ചുരം കയറി ലോകത്തിന്റെ നെറുകയിലെത്തി എന്നു കരുതിയ ഞങ്ങൾ ശിവാലിക്കിന്റെ ഗിരിശൃംഗങ്ങൾ കണ്ട് അമ്പരന്നു. പലയിടങ്ങളിലും 2000 അടിയോളം താഴ്ചയുണ്ട്. താഴെ മന്ദാകിനിയും അളകനന്ദയും പുളച്ചൊഴുകുന്നു. ചുരം ഭയാനകമാണ്. പലയിടത്തും മലയിടിഞ്ഞ് തടസ്സങ്ങൾ. റോഡിലേക്കു വീണ മൺകൂമ്പാരത്തെ വെട്ടിക്കുമ്പോൾ വാഹനം പലപ്പോഴും കൊക്കയിലേക്ക് തലനീട്ടി. പരിചയസമ്പന്നനായ ഡ്രൈവർ വേഗം കുറയ്ക്കാതെ മിന്നിച്ചു പാഞ്ഞുകൊണ്ടിരുന്നു. സൈഡ്സീറ്റിലിരുന്നവർക്ക് പലപ്പോഴും വൈകുണ്ഠദർശമുണ്ടായി. ഇടയ്ക്ക് എന്റെ ഭാര്യ പേടിച്ച് പൊട്ടിക്കരഞ്ഞു. കരഞ്ഞില്ലെങ്കിലും അസ്സൽ ഉൾക്കിടിലം എല്ലാവരുടെയും ഉള്ളിലുണ്ടായി. ഈ ഭാഗത്ത് റോഡിന്റെ നിയന്ത്രണം പരാമിലിട്ടറി ഗ്രൂപ്പായ ബോ‍ർഡർ റോഡ്സ് ഓർഗനൈസേഷനാണ്. ചൈനീസ് യുദ്ധകാലത്ത് ഗഡ്.വാൾ ഹിമാലയഭാഗങ്ങൾ യുദ്ധമേഖലയായിരുന്നു.  അതുകൊണ്ട് തടസ്സപ്പെടുന്ന വഴികൾ മണിക്കൂറുകൾക്കകം പൂർവ്വസ്ഥിതിയിലാകും. ബി.ആർ.ഒ. അംഗങ്ങൾ മഞ്ഞിലും മഴയിലും സേവനം ചെയ്യുന്നതിനിയിൽ പലപ്പോഴും അപകടത്തിൽപ്പെട്ടിട്ടുണ്ട്.
(ബാക്കി നാളെ)
യാത്രക്കിടയിൽ വാസുമാഷ് തന്റെ ഭൂമിശാസ്ത്രവിജ്ഞാനം കുട്ടികൾക്കു പകർന്നുകൊടുത്തത് മുതിർന്നവർക്കും പ്രയോജനം ചെയ്തു. ലോകത്തിലെ പഴക്കം കുറഞ്ഞ പർവ്വതനിരയാണത്രെ ഹിമാലയം. കോടിക്കണക്കിന് വർഷങ്ങൾക്കുമുമ്പ് ഭാരതഭൂപ്രദേശം സ്വതന്ത്രവൻകരയായിരുന്നത്രെ. ക്രമേണ ഏഷ്യാവൻകരയോട് ചേർന്നു. ഈ വൻകരാസമാഗമത്തിന്റെ ഉൽപ്പന്നമത്രെ ഹിമാലയം. ഹിമാലയഭാഗത്തുനിന്ന് സമുദ്രതീരത്തുമാത്രം കാണുന്ന ശിലാഖണ്ഡങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഉറപ്പുകുറഞ്ഞ (മാ‍ർബിൾ പോലുള്ള) ശിലാപാളികൾകൊണ്ടാണ് ഹിമാലയം രൂപപ്പെട്ടിരിക്കുന്നത്. അതുകൊണ്ടു മഴക്കാലത്ത് മലയിടിച്ചിൽ സ്വാഭാവികം.  ഗിരിശൃംഗങ്ങളിലെ ചെറിയ ഇടിച്ചിൽ താഴെയെത്തുമ്പോഴേക്ക് ഭീകരമാവും. ഉരുൾപൊട്ടലും മറ്റും തീർത്ത ആയിരക്കണക്കിനു നീർച്ചാലുകളുണ്ട് ഹിമാലയവഴികളിൽ. അവയൊക്കെ ചെറുതും വലുതുമായ പാലങ്ങളാൽ ബന്ധിപ്പിച്ചിരിക്കുന്നു. മുകളിലെ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും റോഡും പാലങ്ങളും പലപ്പോഴും ഒഴുകിപ്പോകും. ഉച്ചയോടെ വഴി തടസ്സപ്പെടാൻ തുടങ്ങി. രുദ്രപ്രയാഗിനടുത്ത് മണിക്കൂറുകളോളം വഴിയിൽക്കുടുങ്ങി. ആയിരക്കണക്കിന് വാഹനങ്ങൾ റോഡിൽക്കിടക്കുന്നു. എവിടെയോ തകർന്ന റോഡ് നന്നാക്കിയാലെ മുന്നോട്ടു പോകാനാവൂ. ഏതാണ്ട് 3 മണിക്കൂറിനു ശേഷം വഴി തുറന്നു. പക്ഷെ, കേദാർനാഥിലേക്ക് കടത്തിവിടുന്നില്ലെന്ന് വിവരം കിട്ടി.  ബദരീനാഥിലേക്കു പോകാമെന്നായി. പിന്നെയും വഴി തടസ്സപ്പെട്ട് വൈകുന്നേരത്തോടെ മലമടക്കുകൾക്കിടയിലെ അപരിചിതമായ കൊച്ചു പട്ടണത്തിൽ രാത്രി കഴിച്ചു കൂട്ടി. രണ്ടു ചെറിയ ഹോട്ടലുകളിലായാണ് മുറികൾ കിട്ടിയത്. ചെറുതും വൃത്തികുറഞ്ഞതുമായ മുറികളെ കിട്ടിയുള്ളു. ഭക്ഷണത്തിനും ഒന്നുരണ്ടു കൊച്ചു കടകൾക്കുമുന്നിൽ തിരക്കുകൂട്ടേണ്ടി വന്നു. കുട്ടികളെയൊക്കെ മുറിയിലാക്കി ഞാനവിടെ കുറേനേരം ഒറ്റയ്ക്കു നടന്നു. ഹൈവെയിൽ കുറച്ചു ഭാഗം നഗരമായും ചന്തയായും രൂപപ്പെട്ടിരിക്കുന്നു. ഉപറോഡുകളൊന്നും തന്നെയില്ല. സമതലപ്രദേശങ്ങൾ ഒട്ടുമില്ല ഇവിടെ. എവിടെയും ചെങ്കുത്തായ പർവ്വതഭാഗങ്ങൾ. ചെറിയൊരു പീടികമുറിപോലും മലയോട് ചാരിവച്ചതു പോലെയും മലതുരന്നുണ്ടാക്കിയതു പോലെയും തോന്നും. പഴയ ഗർവാൾ രാജ്യത്തിന്റെ ഭാഗമാണ് ഈ പ്രദേശങ്ങൾ. മലമടക്കുകളിലെ കൃഷിയും കന്നുകാലിവള‍ത്തലും കോവർക്കഴുത, കുതിരകൾ എന്നിവയെ മേയ്ക്കലുമാണ് ജനങ്ങളുടെ ഉപജീവനമാർഗ്ഗം. കോത്തുവാളി എന്ന പ്രാദേശികഭാഷയാണ് സംസാരിക്കുന്നത്. ഹിന്ദിപോലെയാണെങ്കിലും മനസ്സിലാക്കാൻ പ്രയാസമാണ്. അപരിചിതമായ ഭാഷയിൽ വിലപേശി ഞാൻ ചില സാധനങ്ങളൊക്കെ വാങ്ങി. രാവിലെ 5 മണിക്ക് പുറപ്പെടണമെന്ന ധാരണയിൽ ഞങ്ങൾ ഉറങ്ങാൻ കിടന്നു.
            കുട്ടികളെയെല്ലാം ഒരുക്കി പുറത്തിറങ്ങുമ്പോഴേക്ക് 6.30 ആയി. ഡ്രൈവർ വല്ലാതെ അക്ഷമനായി. സത്യത്തിൽ ഞങ്ങൾ യാത്രയുടെ മര്യാദകൾ പഠിക്കുന്നേ ഉണ്ടായിരുന്നുള്ളൂ. പല്ലുതേപ്പും കുളിയും വസ്ത്രം മാറലുമൊക്കെ കഴിഞ്ഞ്, ലാഗേജൊക്കെ പുനക്രമീകരിച്ചായിരുന്നു ഞങ്ങളുടെ ഒരുക്കം. ഇത്തരം യാത്രകളിൽ വളരെ പ്രാഥമികമായ കാര്യങ്ങൾ ധൃതിയിൽക്കഴിച്ച് മിനിറ്റുകൾക്കുള്ളിൽ തയ്യാറാവേണ്ടതുണ്ട്. ഇല്ലെങ്കിൽ യാത്രാപരിപാടി തകിടം മറിഞ്ഞ് ദിവസങ്ങൾതന്നെ നഷ്ടപ്പെട്ടേക്കാം.  ശിവാലിക് ഭാഗങ്ങൾ പിന്നിട്ട് സാക്ഷാൽ ഹിമാലത്തിലേക്കു പ്രവേശിച്ചു. മരനിരകളുടെയും സസ്യജാലങ്ങളുടെയും സ്വഭാവത്തിൽനിന്നാണ് പർവ്വതങ്ങളുടെ മാറ്റം മനസ്സിലാവുക. പൈൻമരങ്ങൾ ധാരാളമായി പ്രത്യക്ഷപ്പെട്ടു തുടങ്ങി. മലനിരകളുടെ ഗാംഭീര്യം പറഞ്ഞറിയിക്കുക പ്രയാസം. ക്യാമറാഫ്രെയിമുകൾക്കൊന്നും പർവ്വതശൃഗങ്ങളെ അതിന്റെ ഗരിമയിൽ പകർത്താനാകില്ല. മഞ്ഞുമലകൾ ദൃശ്യമാവണമെങ്കിൽ ഇനിയും മുകളിലേക്കു പോകണം.  ചമോലിയിലാണ് പ്രഭാതഭക്ഷണത്തിനു നിർത്തിയത്. ചമോലി ജില്ലാകേന്ദ്രവും ചെറുപട്ടണവുമാണ്. സ്കൂളുകളും സർക്കാർ ഓഫീസുകളും ബാങ്കുകളും വാണിജ്യകേന്ദ്രങ്ങളും സജീവം. മുഗളന്മാരുടെ സാമന്തന്മാരായിരുന്ന ഗർവാൾ രാജവംശത്തിന്റെ തലസ്ഥാനനഗരി. തുംഗനാഥിലേക്കും മറ്റ് ഹിമാലയപ്രദേശങ്ങളിലേക്കും ഇവിടെനിന്നു പോകാം. ബദരിയിലെത്തുന്നതിന് ഏതാണ്ട് 50 കി.മി. ഇപ്പുറം ഒരു പട്ടാള ചെക്കുപോസ്റ്റുണ്ട്. രാത്രിയിൽ അതു കടത്തിവിടാത്തതുകൊണ്ട് ചെക്കുപോസ്റ്റായിരുന്നു അടുത്ത ലക്ഷ്യം. ഇടയ്ക്കുള്ള എല്ലാ പരിപാടികളും ഡ്രൈവർ നിരുത്സാഹപ്പെടുത്തി.  ചെക്കുപോസ്റ്റിനടുത്ത് മണിക്കൂറുകളോളം കെട്ടിക്കിടക്കേണ്ടി വന്നു. സാധാരണയായി ഇതു പതിവില്ലാത്തതാണ്.  തലേന്ന് വഴി ബ്ലോക്കായതുകൊണ്ടാവാം ിത്ര തിരക്ക്.  ഈ സമയം പുറത്തിറങ്ങി ചിത്രങ്ങളെടുത്തും നാടോടികളായ കച്ചവടക്കാരോട് ഓരോ സാധനങ്ങൾ വാങ്ങിയും സമയം ചെലവഴിച്ചു.  റോഡിന്റെ കീഴ്ഭാഗങ്ങളിൽ കൂട്ടംകൂട്ടമായി കഞ്ചാവുചെടികൾ വളർന്നിരിക്കുന്നു. ഹിമാലയത്തിലെ സന്യാസിക്കൂട്ടങ്ങളിൽ പല വിഭാഗങ്ങൾക്കും കഞ്ചാവ് അവശ്യവസ്തുവാണ്. ഹിമാലയത്തിൽ സ്വാഭാവികമായി വളരുന്നതാണത്രെ ഈ ചെടികൾ. ചെക്ക്പോസ്റ്റ് കടന്ന് യാത്ര തുടരുമ്പോഴേക്കും ഉച്ച കഴിഞ്ഞു. ഉച്ചഭക്ഷണം ബദരിയിലെത്തിയിട്ട് എന്നുറച്ച് ഞങ്ങൾ യാത്ര തുടർന്നു.

അനന്തമജ്ഞാതമവർണ്ണനീയം
ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം
ഇവിടെയെങ്ങാണ്ടൊരിടത്തിരുന്നു
കാണുന്ന മർതൃൻ കഥയെന്തു കണ്ടു” 
അളകനന്ദയുടെ രാത്രിക്കാഴ്ച
എന്ന വരികൾ മഹത്തായ ഈ പർവ്വതശൃംഗങ്ങൾക്കിടയിൽ അന്വർത്ഥമാണ്. യാത്രക്കിടയിൽ പ്രസീതയ്ക്ക് (എന്റെ ഭാര്യ) ഒരു ഫോൺ വന്നു. കൂട്ടുകാരാരോ ആണ്. ഹിമാലയം എങ്ങനെയുണ്ടെന്നാണ് ചോദ്യം. “ഹിമാലയം എങ്ങനെയുണ്ടെന്ന് പറഞ്ഞു താരാൻ കഴിയില്ല, വേണമെങ്കിൽ ഇങ്ങോട്ടു വരാനുള്ള വഴി പറഞ്ഞു താരാം. വന്നു നേരിട്ടു കണ്ടോളൂ” എന്നായിരുന്നു അവളുടെ മറുപടി. കൊടുമുടികൾക്കിടയിലൂടെ കടന്നുപോകുമ്പോൾ ശിവചൈതന്യം അവിടമാകെ നിറഞ്ഞിരിക്കുന്നതായി അനുഭവപ്പെടും. മുകളിൽനിന്ന് ഒരു ഒരു ചെറുകല്ല് ഇളകിപ്പുറപ്പെട്ടാൽ താഴെ ഒരു ഗ്രാമമോ അങ്ങാടിയോ തന്നെ ഇല്ലാതാവും. അപ്പോൾപ്പിന്നെ പ‍ർവ്വതങ്ങളുടെ ദൈവമായ മഹാദേവനെ ഓർക്കാതിരിക്കുന്നതെങ്ങെ? മറ്റു ദൈവങ്ങൾക്കൊന്നും ഇവിടെ വലിയ കാര്യമില്ലെന്നു തോന്നി.
ബദരീനാഥിലേക്കുള്ള വഴി തിരിഞ്ഞാണ് പൂക്കളുടെ താഴ്വരയിലേക്കു(Vally of flowers) പോവുക. ഇവിടെ ഏതാനും നല്ല ഹോട്ടലുകളും ആധുനിക രീതിയിലുള്ള ഭക്ഷണശാലകളുമുണ്ട്.  ബസ്സിൽനിന്ന് ഈ ഭാഗം ഒന്ന് ഓടിച്ചുനോക്കിയപ്പോൾ കുറച്ചു കഴിഞ്ഞ് അങ്ങോട്ടു തിരിച്ചു വരേണ്ടിവരുമെന്നും ആ രാത്രി അവിടെ തങ്ങേണ്ടി വരുമെന്നും ചിന്തിച്ചതേയില്ല. നല്ല മഴ തുടങ്ങിയിരുന്നു. ഹിമാലയത്തിന്റെ തണുപ്പ് ഞങ്ങളെ മേൽക്കുമേൽ വസ്ത്രങ്ങളണിയാൻ പ്രേരിപ്പിച്ചു. കുറച്ചു കൂടി മുന്നോട്ടു പോയി വഴി തടസ്സമായി. മഴമാറിയപ്പോൾ കുറച്ചുപേർ ഇറങ്ങി മുന്നോട്ടു പോയിനോക്കി. നൂറുക്കണക്കിന് ബദരിയാത്രികർ വഴിയിൽ കുടുങ്ങിയിരിക്കുന്നു. കുറച്ചുമുന്നിലായി മലയിടിഞ്ഞ് ഒരു പാലം ഒഴുകിപ്പോയിരിക്കുന്നു. അപ്പോഴേക്കും വിശന്നുപൊരിയാൻ തുടങ്ങി. കുട്ടികളൊക്കെ കരച്ചിലായി. മഴമാറിയപ്പോൾ ഞങ്ങൾ പുറത്തിറങ്ങി. നിന്ന നിൽപ്പിൽ ഉറഞ്ഞു പോകുന്ന തണുപ്പ്. എന്തെങ്കിലും ചെയ്തുകൊണ്ടിരുന്നാൽ വലിയ പ്രശ്മില്ല. ദരിദ്രമായ ഒരു പെട്ടിക്കടയുണ്ടായിരുന്നു അവിടെ. ഒരു രുചിയുമില്ലാത്ത കുറെ ബിസ്ക്കറ്റ് കിട്ടി. ഒരു ചായക്കാരൻ ആ ബിസ്ക്കറ്റിന് ചേരുന്ന ചായയുമായി വന്നു. എല്ലാവരും ഓരോ ചായകുടിച്ചു.  എവിടെയെങ്കിലും വല്ല മഠമോ വീടോ ഉണ്ടെങ്കിൽ സ്ത്രീകളെയും കുട്ടികളെയും അങ്ങോട്ടാക്കിക്കോളാൻ ഡ്രൈവർ ഞങ്ങളെ ഉപദേശിച്ചു. കാര്യത്തിന്റെ ഗൌരവം അപ്പോഴാണ് ഞങ്ങൾക്ക് ബോധ്യപ്പെട്ടത്. ഭക്ഷണമില്ല, ബസ്സല്ലാതെ വേറൊരു ഷെൽട്ടറില്ല, തണുപ്പാണെങ്കിൽ അതി കഠിനവും. പത്തുവയസ്സിൽത്താഴെയുള്ള 4 കുട്ടികളുണ്ടായിരുന്നു ഞങ്ങളുടെ കൂടെ. അറുപത് കഴിഞ്ഞ ഒരു വല്യമ്മയും. തിരിച്ചു പോയി നേരത്തെ കണ്ട ഹോട്ടലുകളിൽത്തങ്ങിയാലോ എന്നായി ആലോചന. നിറയെ വാഹനങ്ങളായതിനാൽ ബസ്സ് തിരിക്കാനുമാകുന്നില്ല. ഞാനും ഹാരിയും ശ്രീനിയുമെല്ലാം പുറത്തിറങ്ങി വാഹനങ്ങളെ മുന്നോട്ടും പിന്നോട്ടുമെല്ലാമാക്കി എങ്ങനെയൊക്കെയോ ബസ്സു തിരിച്ചു.
കുറച്ചു താഴോട്ടു വന്നു കാണും. അവിടെയും വഴി ബ്ലോക്ക്. മണ്ണിടിയാൻ തുടങ്ങിയിട്ടേയുള്ളൂ. മഴ പെയ്യുന്നുണ്ട്. സാവധാനമാണ് മണ്ണിടിയുന്നത്. നോക്കിനിൽക്കെ മണ്ണും ഉരുളൻ കല്ലുകളും


സ്ലോമോഷനിൽ വന്നുകൊണ്ടിരുന്നു. ഞങ്ങളുടെ മുന്നിലുണ്ടായിരുന്ന ഒരു സുമോ കാർ മണ്ണിടിയുന്നതിനിടയിൽ മെല്ലെ കടന്നു പോയി. ഞങ്ങളുടെ ബസ്സിനു കടന്നു പോകാൻ ഏതാനും കല്ലുകൾ മാറ്റണം. മണ്ണിടിയുന്നതിനിടയിൽ കല്ലു മാറ്റുന്നതെങ്ങനെ? അധികസമയം അവിടെ നിന്നാൽ പൂർണ്ണമായും വഴിയടയും. ഞാനും ഹാരിയും ശ്രീനിയും ബസ്സിന്റെ ക്ലീനർ ഗോപാലും പുറത്തിങ്ങി. ബസ്സിലുള്ളവരോട് കഥയൊന്നും പറഞ്ഞില്ല. അവിടെ കുടുങ്ങിയാൽ തണുപ്പിലും മഴയിലും ഭക്ഷണമോ വെള്ളമോ ഇല്ലാതെ നരകിച്ചു പോകും. കുറച്ചു പേർ മണ്ണിടിച്ചിലിന്റെ ഗതി നോക്കി നിന്നു. ഗോപാലും വേറൊരാളും ചേർന്ന് സാഹസപ്പെട്ട് കല്ലുകൾ ഉരുട്ടി നീക്കി. ഇനിയും ഉരുളൻകല്ലുകളും ചളിയുമുണ്ട്. ഡ്രൈവർ എല്ലാവരോടും ഹസ്സിൽക്കയറാൻ പറഞ്ഞു. എന്തെങ്കിലും സംഭവിച്ചാൽ താഴെ അളകനന്ദ ഞങ്ങളെ കാത്തിരിക്കുന്നുഡ്രൈവർ വണ്ടിയൊന്ന് മൂപ്പിച്ച് വണ്ടിയെടുത്തു. നിമിഷങ്ങളുടെ മൌനം പ്രാർത്ഥനയായി. കയറിയിറങ്ങുന്നതിനിടിയിൽ വണ്ടി കുടുങ്ങിയാൽഒന്നും സംഭവിച്ചില്ല. ഞങ്ങളുടെ ആഹ്ലാദവും ഡ്രൈവർക്കുള്ള അഭിനന്ദനവും കേട്ടാണ് ബസ്സിൽ ബാക്കിയുള്ളവർ കാര്യമറിഞ്ഞത്. പൊതവെ മൌനിയായ ഡ്രൈവർ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.
സരസ്വതീ നദിഅളകനന്ദയിൽച്ചേരുന്നതിനു മുമ്പ്
പൂക്കളുടെ താഴ്വരയിലേക്കുള്ള കവലയിലെത്തുമ്പോൾ സമയം നാലുമണിയോടടുത്തിരുന്നു. ഭാഗ്യത്തിന് ഞങ്ങൾക്ക് തരക്കേടില്ലാത്ത ഒരു ഹോട്ടലിൽ മുറികൾ കിട്ടി. അവിടെ ധാരാളം ഭക്ഷണശാലകളുണ്ട്. ഭക്ഷണമെല്ലാം കഴിച്ച് കുട്ടികൾ തിമർത്ത് കളി തുടങ്ങി. ഹിമാലയത്തിലെ തണുപ്പിൽ രണ്ടു കാര്യങ്ങളേ നടപ്പുള്ളൂ. ഒന്ന് കമ്പിളിക്കുള്ളിൽ ചടഞ്ഞിരിക്കുക. രണ്ട് കർമ്മനിരതരാവുക. ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് പൂക്കളുടെ താഴ്വര കാണാൻ ആളുകളെത്തുന്നതാണ്. യൂറോപ്യൻ രീതിയിലുള്ള കഫേകളും ഷോപ്പിംഗ് സെന്ററുകളുമുണ്ടിവിടെ. മണിമോൾക്ക് ഒരു ഷൂ വാങ്ങാൻ ഞാൻ അവളെയും കൂട്ടി അങ്ങാടിയൊക്കെ ഒന്നു കറങ്ങി. പൂക്കളുടെ താഴ്വരയിലേക്ക് നടന്നു പോണം. ഒരു പകൽ മുഴുവൻ മലമ്പാതകളിലൂടെ നടന്നാൽ അവിടെയെത്താം. അന്നവിടെ തങ്ങി പിറ്റേന്നുമുഴുവൻ പ്രകൃതിയൊരുക്കിയ പൂക്കളുടെ വിസ്മയം കാണാം. അന്നും അവിടെ തങ്ങി പിറ്റേന്ന് മടങ്ങാം. നടന്നുപോകാൻ വയ്യാത്തവർക്ക് കുതിരയും കോവർക്കഴുതയുമുണ്ട്. നല്ല കാശുകൊടുക്കണം. ഞങ്ങൾ പുറത്തിറങ്ങുമ്പോൾ സന്ധ്യയായിരിന്നു. കുതിരക്കാർക്ക് വാറ്റു ചാരായത്തിന്റെ ഗന്ധം. അധികം കറങ്ങാതെ ഞങ്ങൾ തിരിച്ചുപോയി.
പുലർച്ചെ വാസുദേവൻമാഷ് എല്ലാവരെയും വിളിച്ചുണർത്തി. ഹിമാലയത്തിലെ സൂര്യോദയം വിസ്മയകരമാണ്. ഞങ്ങൾ ഹോട്ടലിന്റെ മട്ടുപ്പാവിൽ കയറി നിന്ന് ആ വിസ്മയം കണ്ടു. മലകൾക്ക് പല നിറം. സൂര്യപ്രകാശത്തിന്റെ കാഠിന്യമനുസരിച്ച് മഞ്ഞുമലകൾ വെള്ളിമലകളും സ്വർണ്ണമലകളുമായി. യാത്രയുടെ ഗതിയെപ്പറ്റി വിശദമായ ചർച്ച നടന്നു. ശ്രീനിയും അനൂപ് ലാലും നടന്നുപോയി റോഡിന്റെ സ്ഥിതി ആരാഞ്ഞു. വാഹനങ്ങൾ കടത്തിവിടുന്നില്ല. പണി പുരോഗമിക്കുന്നതിനിടയിൽ പിന്നെയും ഭീകരമായി മലയിടിഞ്ഞു. രാത്രി നല്ല മഴയും പെയ്തു. ഞങ്ങൾക്കു മുന്നിൽ നാലു വഴികളാണുണ്ടായിരുന്നത്. ഒന്ന് കാത്തിരിക്കുക. വഴി ശരിയായിട്ട് ബദരീനാഥിലേക്ക് പോവുക. രണ്ട് മടങ്ങിപ്പോവുക. മൂന്ന് പണി നടന്നുകൊണ്ടിരിക്കുന്ന വഴിയിലൂടെ എങ്ങനെയും അപ്പുറം കടന്ന് നടന്ന് ബദരിയിലേക്കു പോവുക. നാല് ബദരി ഉപേക്ഷിച്ച് പൂക്കളുടെ താഴ്വര കാണാൻ പോവുക. വിശദമായ ചർച്ച നടന്നു. തിരിച്ചു പോകാൻ ആരും താൽപ്പര്യപ്പെട്ടില്ല. പൂക്കളുടെ താഴ്വര കാണാൻ രണ്ടു പകൽ നടത്തം കാരണം പലർക്കും ബുദ്ധിമുട്ടായിരുന്നു. കുതിരപ്പുറത്തു പോകുന്നത് അത്ര സുഖകരമല്ല. ഇളകിയിളകി പനിപിടിക്കാൻ സാധ്യതയുണ്ട്. അതും ഒഴിവാക്കി. വഴിയരികിൽ ബദരിനാഥ് 18 KM എന്നൊരു ബോർ‍ഡു കണ്ടു. പിന്നെ കണക്കു കൂട്ടലായി. ഈ 18-ൽ കുറച്ചു ദൂരം ബസ്സു പോകും. പിന്നെയൊരു 15 കിലോമീറ്റർ. അതു പതുക്കെ നടക്കാം. അത്യാവശ്യം ലഗ്ഗേജെടുത്ത് ബാക്കി ബസ്സിൽ സൂക്ഷിക്കാം. റോഡ് നന്നാവുമ്പോൾ ബസ്സു വരട്ടെ. ധാരണ എല്ലാവരും അംഗീകരിച്ചു.
BRO ക്കാർ പട്ടാള വേഷത്തിൽ തകൃതിയിൽ പണിയിലാണ്. സാമാന്യം വീതിയുള്ള ഒരു അരുവിക്കു കുറുകെയുണ്ടായിരുന്ന പാലം താഴേക്ക് തെന്നിപ്പോയിരിക്കുന്നു. മലയിടിഞ്ഞ് ആ പ്രദേശത്തിന്റെ സ്വഭാവം തന്നെ മാറിപ്പോയിരിക്കുന്നു. മനുഷ്യവാസവും കൃഷിയുമൊന്നുമില്ലാത്തതുകൊണ്ട് റോഡു പൊളിഞ്ഞതു മാത്രമെ ചർച്ചയായുള്ളൂ. ഹിമാലയപാതയിൽ ഇത് സാധാരണമാണ്. എല്ലാ വർഷവും പാതകൾ പുനർനിർണ്ണയിക്കപ്പെടും. പലപ്പോഴും കിലോമീറ്ററുകളുടെ മാറ്റമുണ്ടാകും പുതിയ വഴികൾക്ക്. അരുവിക്ക് അധികം ആഴമില്ല. പക്ഷെ അസ്ഥി തുളയ്ക്കുന്ന തണുപ്പ്. പണിക്കാർക്ക് നടന്നു പോകാൻ കല്ലിട്ടിരിക്കുന്നു. ഷെർപ്പകൾ നെറ്റിയിലൂടെ പിറകിലേക്ക് തൂക്കിയിട്ട കുട്ടകളിൽ ആളുകളെയെടുത്ത് അപ്പുറത്തെത്തിക്കും. സുറുമിയെയും മിത്രയെയും(രണ്ടും മൂന്നരവയസ്സുകാ‍ർ) ഷെർപ്പകളുടെ കുട്ടയിലിരുത്തി. കല്ലിൽനിന്ന് തെന്നി ഞാനടക്കം പലരും വെള്ളത്തിൽച്ചാടി. ഷൂവും സോക്സുമെല്ലാം ഐസായി. അരുവി കടന്ന് ഒരു വളവു തിരിഞ്ഞപ്പോൾ മലയിടിച്ചിൽ അതിനേക്കാൾ ഭയാനകം. ഞങ്ങൾ മെല്ലെ മുന്നോട്ടു തന്നെ നടന്നു.

സുറുമി(യാത്രക്കിടെ)
ആദ്യ മണിക്കൂറുകൾ ആവേശകരമായിരുന്നു. സുറുമിയെയും എടുത്തായിരുന്നു എന്റെ നടത്തം. മണിമോളും ആദ്യഘട്ടത്തിൽ എന്റെയൊപ്പമുണ്ടായിരുന്നു. നടന്നും നിന്നും കാഴ്ചകൾ കണ്ടും ഫോട്ടോയെടുത്തും ഞങ്ങൾ മുന്നേറി. നാലഞ്ചു കിലോമീറ്റ‍ർ പിന്നിട്ടപ്പോൾ ബദരി 18 കിലോമീറ്റ‍ർ എന്നൊരു ബോർഡു കണ്ടു. അപ്പോൾ പഴയ ബോർ‍ഡോ? എന്തായാലും നടക്കുക തന്നെ. ഇടയ്ക്ക് ചാറ്റൽമഴ തുടങ്ങി. എല്ലാവർക്കും കോട്ടുണ്ടായിരുന്നു. പക്ഷെ, ഷൂവും സോക്സും കൈയിലിട്ട കോട്ടൻ ഗ്ലൌവുകളുമെല്ലാം നനയാൽ തുടങ്ങി. പുറത്തൊരു ബാഗും കോട്ടും സുറുമിയും അവളുടെ കോട്ടുമെല്ലാമായി നടത്തം ദുഷ്കരമായി.  ഇടയ്ക്ക് പ്രധാന നിരത്ത് വിട്ട് വളവുകൾക്കിടയിലെ കുറുക്കുവഴികളിലൂടെ കുത്തനെ കയറി. നിറയെ കായ്ച്ചുനിൽക്കുന്ന ആപ്പിൾ മരങ്ങളും ഗ്രാമീണഭവനങ്ങളും അപൂർവ്വ കാഴ്ചയും അനുഭവവുമായി. ഇടയ്ക്ക് മോളെ ചൂണ്ടി ഒരു സ്ത്രീ എന്നെ വഴക്കു പറഞ്ഞു. അവരുടെ കൊത്തുവാളി ഭാഷ എനിക്കു മനസ്സിലായില്ലെങ്കിലും മഴയിലും തണുപ്പിലും ചെറിയകുഞ്ഞിനെയും കൊണ്ട് നടക്കുന്നതിലെ രോഷമാണ് അവർ പ്രകടിപ്പിച്ചതെന്ന് മനസ്സിലായി. ഇടയ്ക്ക് മഴ കനത്തു. ഒരു താ‍ർപ്പായ വലിച്ചു കെട്ടിയുണ്ടാക്കിയ ചായക്കടയിൽ ഞങ്ങളെല്ലാവരും വിറച്ചു നിന്നു. ചായയോ ചൂടുവെള്ളമോ എന്നു തീർച്ചയില്ലാത്ത പാനീയം എല്ലാവരും ഒരോ കപ്പു കഴിച്ചു. മുന്നോട്ടു നടക്കുകയല്ലാതെ ഞങ്ങൾക്കു വേറെ വഴിയുണ്ടായിരുന്നില്ല. മഴ കുറഞ്ഞെങ്കിലും തണുപ്പും കയറ്റത്തിന്റെ കാഠിന്യവും ഏറിയേറി വന്നു. ഒരു നിമിഷം നിൽക്കുമ്പോഴേക്ക് തണുത്തുറഞ്ഞുപോകുന്നു. നടക്കുകയല്ലാതെ ഒരു വഴിയുമില്ല. ഞാനും സുറുമിയുമടക്കം 10 പേ‍ർ വളരെ മുന്നിലായി. വളവുകളിൽനിന്ന് പിന്നോട്ടു നോക്കുമ്പോൾ സംഘാംഗങ്ങളെ താഴെ കാണാം. ശ്രീനി, മണികണ്ഠൻ, സുധ, അവരുടെ മകൾ ആമി(5 വയസ്സ്) വാസുദേവൻമാഷിന്റെ മകൾ മാളവിക(8വയസ്സ്) രൂപേഷ്, മറ്റൊരു മണികണ്ഠൻ, അനൂപ് ലാൽ എന്നിവരാണ് മുന്നിലായി നടന്നത്. കുറച്ചു കഴിഞ്ഞപ്പോൾ പിന്നിലുള്ളവരുമായി ബന്ധമറ്റു. മൊബൈൽ റേഞ്ചില്ലാതായി.
നടത്തത്തിന്റെ സൌകര്യത്തിന് സുറുമിയെ കുറെ നേരം ഞാൻ തോളത്തിരുത്തി. പിന്നെ സാധാരണമട്ടിൽ എടുത്തു. സംസാരിച്ചുകൊണ്ടിരുന്ന കുട്ടി പെട്ടെന്ന് മിണ്ടാതായി. നടത്തത്തിന്റെ ക്ഷീണത്തിൽ കുറച്ചുനേരം ഞാനത് ശ്രദ്ധിച്ചില്ല. ഞാൻ നോക്കുമ്പോൾ അവളുടെ കഴുത്ത് ചാഞ്ഞ് തല തൂങ്ങിയിരിക്കുന്നു. പിടിച്ച് കുലുക്കിയിട്ടും മിണ്ടുന്നില്ല. ഒരു നിമിഷം എന്റെ ജീവൻ പോയി. ആ മലമടക്കുകളിൽ എന്റെ നിസ്സഹായത ഞാനെങ്ങനെ വാക്കുകളിൽപ്പക‍‍ർത്തും? ഞാനവളെ നന്നായൊന്നു പിച്ചി. അപ്പോഴവളുടെ മുഖത്ത് വേദന തെളിഞ്ഞു. എന്റെ ബാഗ് രൂപേഷ് വാങ്ങി. ഞങ്ങൾക്കു നടക്കുക മാത്രമെ വഴിയുണ്ടായിരുന്നുള്ളു. കുഞ്ഞിനെ തണുപ്പ് ആക്രമിക്കുകയാണ്. നടക്കുന്നതുകൊണ്ട് ഞങ്ങളുടെ ശരീരം ചൂടാകുന്നുണ്ട്. സെക്കന്റ് നിൽക്കുമ്പോഴേക്കും തണുപ്പിന്റെ സൂചികൾ അസ്ഥിയിലേക്കു തുളഞ്ഞിറങ്ങുന്നു. എന്റെ കാലുകൾ കുഴഞ്ഞു. കൈയ്യിൽനിന്ന് കുഞ്ഞ് താഴെ വീഴുമെന്നായി. കൂടെയുള്ളവർക്കൊന്നും എന്നെ സഹായിക്കാനാവില്ല. എല്ലാവരുടെ കയ്യിലും അത്യാവശ്യം ലഗ്ഗേജുണ്ടു. എനിക്കിനി നടക്കാനാവില്ലെന്നും കുഞ്ഞ് എന്റെ കൈയിൽക്കിടന്ന് മരവിച്ചുപോവുമെന്നും എനിക്കുറപ്പായി. വേച്ചുവേച്ചു നടക്കെ ഒരു സുമോ വണ്ടി താഴേക്കു പോകുന്നതു കണ്ടു. കൈകാണിച്ചെങ്കിലും അവർ നിർത്തിയില്ല. ഇടയ്ക്ക് ആരോ മോളെ വാങ്ങി. എന്റെ കണ്ണിൽ ഇരുട്ടു കയറാൻ തുടങ്ങി. ഒരു വണ്ടിയുടെ മുരൾച്ച കേൾക്കുന്നുണ്ടോ? വീണ്ടുമൊരു സുമോ തന്നെ. ഞാൻ വഴിമുടക്കി വണ്ടി തടഞ്ഞു. നിർത്തിയ വണ്ടിയുടെ വാതിൽ തുറനന്നു പിടിച്ച് ഞാനെന്തൊക്കെയോ പറഞ്ഞു. കോത്തുവാളിയോ ഹിന്ദി തന്നെയോ അറിയാത്ത ഞാൻ എന്റെ ഹൃദയം കൊണ്ടാണ് സംസാരിച്ചത്. അയാൾ വണ്ടി തിരിച്ചു. മേലോട്ട് കതിച്ചു പാഞ്ഞപ്പോൾ ഞങ്ങൾ ഉച്ചത്തിൽ ഹരഹര മഹാ ദേവ എന്നു വിളിച്ചു പോയി.
(ഭീമസേതു. പഞ്ചാലിക്കു നദികടക്കാൻ ഭീമൻ നിർമ്മിച്ചപാലം)
3-4 കിലോമീറ്റ‍ർ മാത്രമെ നടക്കാൻ ബാക്കിയുണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും 20 കിലോമീറ്ററോളം ഞങ്ങൾ  നടന്നു കഴിഞ്ഞിരുന്നു. ആദ്യം കണ്ട ഹോട്ടലിൽ മുറിയെടുത്ത് പുതിയൊരു ജോഡി വസ്ത്രങ്ങൾ വാങ്ങി ധരിപ്പിച്ച് കമ്പിളിയിൽ പൊതിഞ്ഞ് കൈയും കാലും അമ‍ത്തിത്തിരുമ്മിയപ്പോൾ സുറുമി കണ്ണുതുറന്നു. ആരോ ഒരു ചുടുചായ കൊണ്ടുവന്നത് അവൾ മെല്ലെ കുടിച്ചു. അവൾ കരയാനും ഉമ്മയെ അന്വേഷിക്കാനും തുടങ്ങിയപ്പോഴാണ് എന്റെ പ്രാണൻ നേരെയായത്. ഒന്നുരണ്ടു മണിക്കൂറിനകം സംഘാംഗളിൽ ബാക്കിയുള്ളവരുമെത്തി. നടക്കാനാവാതെ ഹനുമാൻചട്ടി എന്നൊരു സ്ഥലത്ത് നിന്ന അവരെ പിറകിൽ താർപ്പായ കെട്ടിയ ഒരു ലോറിക്കാരാണ് മുകളിലെത്തിച്ചത്. ഞങ്ങളുടെ കഥ കേട്ടപ്പോൾ അവരുടെ ബുദ്ധിമുട്ടുകൾ ഒന്നുമല്ലാതായി. അപ്പോഴേക്കും സമയം 4 മണിയോടടുത്തിരുന്നു. സുറുമി പെട്ടെന്നുതന്നെ ഉഷാറായി കുട്ടികളോടൊത്ത് കളിക്കാൻ തുടങ്ങി. ബദരി വിസ്തരിച്ചു കണ്ട്, പിറ്റേന്ന് ആ ഭാഗത്തെ ഇന്ത്യയുടെ അവസാന ഗ്രാമമായ മനാഗാവും സരസ്വതീനദി മലയിടുക്കിൽനിന്ന് പുറത്തുവരുന്നതും വ്യാസഗുഹയും കണ്ട് മൂന്നാം ദിവസം ഞങ്ങൾ മലയിറങ്ങി.
മലമടക്കിലെ ഏതാനും നിമിഷങ്ങൾ എന്നും എന്റെ ഓർമ്മയിൽ  തണുത്തുറഞ്ഞ് കിടക്കും.