29.9.13

വത്സലടീച്ചറുടെ ലേഖനം: വാദം പ്രതിവാദം



നേരൊഴുക്കുകളുടെയും അടിയൊഴുക്കുകളുടെയും കലങ്ങിമറിയലുകളാണ് ഓരോ തെരഞ്ഞെടുപ്പുകാലവും. ഇന്ത്യൻ പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ത്യക്കാരുടെ മാത്രം താൽപര്യങ്ങളിൽ ഒതുങ്ങുന്നില്ല. അധികാരം പിടിച്ചെടുക്കാനുള്ള വികേന്ദ്രീകൃത മൂലധനശക്തികളുടെ ആഗോളഅജണ്ടകളിൽ ശതകോടി മൂല്യങ്ങമുള്ള ഇന്ത്യൻ മാ‍ർക്കറ്റിന് വലിയ പ്രാധാന്യമുണ്ട്. വിഭവങ്ങളെ തങ്ങളുടെ വഴിക്കാക്കുക എന്ന മാനേജുമെന്റ് തന്ത്രത്തിന്റെ പ്രയോഗശാലയായി നമ്മുടെ തെരഞ്ഞെടുപ്പുകാലം മാറുന്നുണ്ട്. വലിയ തോതിലുള്ള ആസൂത്രണങ്ങളും പണമൊഴുക്കും നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യേണ്ടത് ജനങ്ങളാണ് എന്നതുകൊണ്ട് പൌരന്മാരുടെ രാഷ്ട്രീയ തീരുമാനങ്ങളെ സ്വാധീനിക്കുക എന്നതാണ് പ്രധാനം. ഇന്ത്യയുടെ വോട്ടു ബാങ്ക് വൈവിധ്യമാർന്നതാണ്. അതിൽ നഗരവാസികളും ഗ്രാമീണരുമുണ്ട്. അതിസമ്പന്നരും മധ്യവർഗ ജനവിഭാഗങ്ങളും ദരിദ്രരുമുണ്ട്. വിദ്യാസമ്പന്നരും നിരക്ഷരരുമുണ്ട്. വാണിജ്യവിഭാഗങ്ങളും കർഷകരും സർക്കാർ ജോലിക്കാരും കൂലിത്തൊഴിലാളികളുമുണ്ട്. ഇതിനെല്ലാം പ്രാദേശികഭേദങ്ങളുണ്ട്. ഈ വൈവിധ്യങ്ങളെ ബൌദ്ധികമായും വൈകാരികമായും സ്വാധീനിക്കുക എന്നത് ചില്ലറക്കാര്യമല്ല. കുശാഗ്രബുദ്ധികളായ സോഷ്യൽ എഞ്ചിനീയർമാരുടെ  സുദീർഘമായ പ്രവർത്തനപദ്ധതികളുടെ പ്രയോഗങ്ങൾ എല്ലാ മേഖലയിലും എന്നേ തുടങ്ങിക്കഴിഞ്ഞിട്ടുണ്ടാവും.

ജനാഭിപ്രായം രൂപപ്പെടുത്തുന്നതിൽ പത്രമാധ്യമങ്ങൾക്കുള്ള പങ്ക് ചെറുതല്ല. തെരഞ്ഞെടുപ്പ് അനുകൂലമാക്കാനുള്ള ശ്രമങ്ങളിൽ മാധ്യമങ്ങളെ വശത്താക്കുക എന്നത് പരമപ്രധാനമാണ്. സ്വാധീനിക്കപ്പെടാൻ ഏറെ സാധ്യതയുള്ള മാധ്യമങ്ങളിലൂടെ പുറത്തു വരുന്ന വാർത്തകളും വിശകലനങ്ങളും ലേഖനങ്ങളും ജനമനസ്സുകളെ സ്വാധീനിക്കാനുള്ള പൂർവ്വനിശ്ചിതപദ്ധതികളുടെ ഭാഗമാവുന്നതിൽ അതിശയമില്ല. ഇന്നലെ മാതൃഭൂമി പത്രത്തിന്റെ എഡിറ്റ് പേജിൽ പി.വത്സല മാതാ അമൃതാനന്ദമയിയെക്കുറിച്ചെഴുതിയ ലേഖനം ഇത്തരത്തിലൊന്നാണ്.
            മാതാഅമൃതാനന്ദമയി എന്ന അങ്ങേയറ്റം സംസ്കൃതീകൃതമായ സംഞ്ജാനാമം വിപുലമായ അർത്ഥങ്ങളെ ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഏതു സാഹചര്യത്തിലായാലും ഇത്തരം പ്രയോഗങ്ങൾ അതിന്റെ പ്രത്യയശാസ്ത്രവിവക്ഷകളെ അബോധത്തിലെങ്കിലും അംഗീകരിക്കുന്ന ഒരു ഭാഷാപ്രതിഭാസം സൃഷ്ടിക്കുന്നുണ്ട്. മലയാളത്തിന്റെ സാമാന്യ പരിസരത്തുനിന്നുള്ള ഒരു സംജ്ഞാനാമമല്ല മാതാഅമൃതാനന്ദമയി എന്നത്. ഇന്ത്യയുടെ സവിശേഷമായ വിശ്വാസ സങ്കല്പങ്ങളുടെ തുടർച്ചയും സമീപകാലത്തു രൂപപ്പെട്ട ജനകീയ ഗുരു കൾട്ടുകളുടെ വിശ്വാസപരിസരവും ഈ സം‍ഞ്ജാനാമത്തിനൊപ്പം പുറപ്പെട്ടു വരുന്നു. വാക്കിന്റെ ഈ പ്രത്യശാസ്ത്രപരിസരത്തെ അംഗീകരിക്കാത്തവർക്കും വസ്തുതാവിശകലനത്തിനു മുതിരുന്നവർക്കും പ്രയോഗത്തിൽ നിഷ്പക്ഷത പുലർത്തുന്ന ഒരു പകരം പദം കണ്ടെത്തുക ശ്രമകരമാണ്. ആൾദൈവമെന്നും ഭക്തിവ്യാപാരിയെന്നും പറയുമ്പോൾ പ്രത്യയശാസ്ത്രപരമായ എതിർവാദത്തോടൊപ്പം പരനിന്ദകൂടി കടന്നുവരുന്നുണ്ട്. തെറ്റോ ശരിയോ ആയിക്കൊള്ളട്ടെ, ബഹുജനങ്ങളുടെ വിശ്വാസബോധ്യങ്ങളെ അവമതിക്കുന്ന പ്രയോഗങ്ങൾക്ക് ജനാധിപത്യമര്യാദവച്ച് പ്രയോഗസാധുത ഇല്ല തന്നെ. 
    ഇടതുപക്ഷസഹയാത്രികയായ എഴുത്തുകാരിയാണ് പി.വത്സല. അവരുടെ സാഹിത്യത്തിൽ കൃത്യമായ ഇടതുപക്ഷപാതമുണ്ട്. എഴുത്തുകാരുടെ കൂട്ടായ്മകളിലും ഔദ്യോഗിക പരിപാടികളിലും ഇടതുപക്ഷത്തെയാണ് അവർ പ്രതിനിധീകരിച്ചു വരാറുള്ളത്. ഇടതുപക്ഷപ്രത്യയശാസ്ത്രത്തിനു പുറത്തു നിൽക്കുന്ന ഒരു സാമൂഹ്യപ്രതിഭാസത്തെ വിലയിരുത്തുമ്പോൾ അവരുപയോഗിച്ച പദാവലികൾ ജനാധിപത്യമര്യാദകളുടെ സാധുതയ്ക്കകത്തുള്ളതായിരുന്നു. ഭാഷയുടെ അർത്ഥവിവക്ഷകളുടെ സങ്കീർണതകൾ കാരണം കേരളത്തിലെ ഇടതുബോധ്യങ്ങളെ വത്സലടീച്ചറുടെ ലേഖനം മുറിവേൽപ്പിച്ചിട്ടുണ്ട്. ഇടതുപക്ഷത്തുനിന്നും അമൃതാനന്ദമയിയുടെ വിശ്വാസപരിസരങ്ങളിലേക്ക് എഴുത്തുകാരി കൂറുമാറിയോ എന്ന് തീ‍ർച്ചയായും സംശയിക്കപ്പെട്ടു.
കേരളത്തിന്റെ വർത്തമാനകാലസാമൂഹികസ്ഥിതികളെ പരിശോധിക്കേണ്ടതല്ലേ? കേരളീയസമൂഹം എന്നാൽ വിവിധമതക്കാരും പ്രസ്ഥാനക്കാരും ചേർന്നതാണ്. വ്യത്യസ്ത നിലപാടുകളുള്ളവർ പരസ്പരം ശത്രുരാജ്യങ്ങളായി പരിഗണിക്കേണ്ടതില്ല. നിലപാടുകളിൽ വ്യത്യസ്തത പുലർത്തുമ്പോഴും പരസ്പരം ബഹുമാനിക്കുക എന്നത് അഗീകരിക്കപ്പെട്ട ഒരു സാംസ്കാരികമൂല്യമാണ്. ഒരേ ചരിത്രത്തിന്റെ ഓരങ്ങളിലൂടെ നടന്നു വന്നവരാണ് എല്ലാവരും. തീർത്തും വ്യത്യസ്തമായ ചേരികളിലുള്ള രണ്ടു മലയാളികളെ താരതമ്യം ചെയ്താൽ ചെറിയ ചില കാര്യങ്ങളിൽ മാത്രമെ വ്യത്യസ്തതയുണ്ടാകൂ. ഭാഷ,ഭക്ഷണശീലങ്ങൾ,വസ്ത്രധാരണം, വിദ്യാഭ്യാസം,തൊഴിൽ,ആഗ്രഹങ്ങൾ,സ്വപ്നങ്ങൾ എന്നിവയിൽ സമാനതകളാവും കൂടുതൽ. നേരിയ വ്യത്യാസങ്ങളെ അടർത്തിയെടുത്ത് ചർച്ച ചെയ്യുമ്പോഴാണ് വെവ്വേറെ ചേരികൾ എന്ന തോന്നലുണ്ടാക്കുന്നത്. ആഗ്രഹങ്ങളിലും സ്വപ്നങ്ങളിലും വരെ വ്യത്യാസമുള്ള വെവ്വേറെ ചേരികൾ മറ്റു ദേശങ്ങളിൽ കണ്ടേക്കാമെങ്കിലും കേരളത്തിൽ അതു കുറവാണ്. മതങ്ങളും രാഷ്ട്രീയ പാർടികളും തങ്ങളുടേതായ ചേരികളെ നിർമ്മിച്ചെടുക്കാൻ നിനന്തരം യത്നിക്കുമ്പോഴും മലയാളി എന്ന ഏകതയാണ് എല്ലാറ്റിനും മുന്നിൽ നിൽക്കുന്നത്.
കേരളത്തിൽ സംവാദമെന്ന വ്യവഹാരരൂപം രൂപപ്പെടുത്തിയത് രാഷ്ട്രീയപാർട്ടികളാണ്. സാമൂഹികഏകകങ്ങളെ പൊതുവായി കാണുന്നതിനു പകരം തങ്ങളുടേതായ പ്രത്യയശാസ്ത്രപരിസരം രൂപപ്പെടുത്തുന്നതിനായി വല്ലാത്തൊരു എതിർസ്വരം നമ്മുടെ സംവാദങ്ങൾ മുഖമുദ്രയാക്കിയിട്ടുണ്ട്. തങ്ങളുടെ വിശ്വാസമണ്ഡലത്തിനു പുറത്തുനിൽക്കുന്ന എന്തും വിലകുറഞ്ഞതും വിരുദ്ധവും തെറ്റുമാണെന്ന മുൻവിധി സംവാദമെന്ന വ്യവഹാരരൂപം മുന്നോട്ടുവെക്കുന്നു. പി.വത്സയുടെ ലേഖനത്തിന്റെ ഭാഷ നിലവിലുള്ള സംവാദശൈലിയിൽനിന്ന് വേറിട്ടു നിൽക്കുന്നു. നിഷ്പക്ഷമായ പദാവലികൾ പരമാവധി എടുത്തുപയോഗിക്കുമ്പോഴും തന്റെ ലേഖനത്തിൽ വിശകലനവിധേയമാക്കപ്പെടുന്ന വിഭാഗത്തെ അവമതിക്കാതിരിക്കാൻ അവർ ആശ്രയിക്കുന്നത് ലേഖികയുടെ പ്രത്യയശാസ്ത്രവിവക്ഷകൾക്കു പുറത്തുനിൽക്കുന്ന പദാവലികളാണ്. മാതാഅമൃതാനന്ദമയി, അമ്മ, നിയോഗം എന്നൊക്കെ പറയുമ്പോൾ വത്സല പക്ഷം മാറിയോ എന്ന തോന്നലുണ്ടാക്കുന്നുണ്ടെങ്കിലും ലേഖനത്തിന്റെ ആകെ അവസ്ഥ അതല്ല ചൂണ്ടിക്കാണിക്കുന്നത്.
രണ്ടു കാര്യങ്ങൾ ടീച്ചറുടെ ലേഖനവുമായി ബന്ധപ്പെട്ട് പ്രസക്തമാകുന്നുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രി മോഡിയെ മുൻനിർത്തിയുള്ള തെരഞ്ഞെടുപ്പു തന്ത്രങ്ങളുടെ ഭാഗമായി രൂപപ്പെടുത്തിയെടുക്കുന്ന അനുകൂലനങ്ങൾ ഇതുമായി കൂട്ടി വായിക്കാം. മലയാളപത്രങ്ങളുടെ ഒന്നാം പേജിൽ അമൃതാനന്ദമയിയുടെ ജന്മദിനം വാ‍ർത്തയാകുന്നതും അവരോടൊപ്പം തുല്യവലിപ്പത്തിൽ (ചിലപ്പോൾ കുറച്ചധികം വലിപ്പത്തിൽ) മോഡിയുടെ പടം വരുന്നതും യാദൃശ്ചികമല്ല. തെരഞ്ഞെടുപ്പിൽ സ്വന്തം പാളയത്തെ ഉറപ്പിക്കുന്നതിനേക്കാൾ പ്രാധാന്യം പുതിയ തരംഗങ്ങൾ സൃഷ്ടിക്കുന്നതിനുണ്ട്. പി.വത്സലയ്ക്കു പകരം ആ ലേഖനം അമ്മശിഷ്യന്മാരാരെങ്കിലും എഴുതിയിരുന്നെങ്കിൽ ഒരു ചടങ്ങ് ലേഖനമാകുമായിരുന്നു. ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്ന ഹൈന്ദവരെ സ്വാധീനിക്കുക എന്നു തന്നെയാണ് അനുകൂലനങ്ങൾ ചമയ്ക്കുന്ന സൂത്രവിദ്യയുടെ ഉന്നം. മാധ്യമങ്ങളുമായുള്ള എഴുത്തുകാരുടെ ബന്ധങ്ങളും ബലഹീനതകളും ഇവിടെ കൃത്യമായി ഉപയോഗിക്കപ്പെട്ടു. പക്ഷെ ഭാഷയ്ക്കുമേൽ സമ‍ർത്ഥമായ സ്വാധീനമുള്ള എഴുത്തുകാരി മറ്റൊരു ചർച്ചയിലേക്കു കൂടി എഴുത്തിനെ നീട്ടി നിർത്തുന്നു. അതാണ് ഈ ലേഖനത്തെ പ്രസക്തമാക്കുന്ന രണ്ടാമത്തെ വസ്തുത.

ദേശീയപ്രസ്ഥാനത്തിന്റെ പ്രവാഹവഴികളെ ഗുണപരമായി പ്രയോജനപ്പെടുത്തിയാണ് കേരളത്തിന്റെ ബൌദ്ധികമായ ആധുനീകരണം രൂപപ്പെടുന്നത്. ഇടതുപക്ഷബോധവും ഉയർന്ന വിദ്യാഭ്യാസവും സാമൂഹികബോധവുമെല്ലാം എല്ലാവിധ ദോഷങ്ങളോടുമൊപ്പം ഇതിനോട് കടപ്പെട്ടിരിക്കുന്നു. പ്രസിദ്ധമായ ഇന്ത്യൻ കർമ്മസിദ്ധാന്തങ്ങൾക്കപ്പുറം അധ്വാനശക്തിയിൽ വിശ്വസിച്ച ഒരു സമൂഹമായി കേരളത്തെ മാറ്റിയതിൽ ഇടതുപക്ഷങ്ങൾ വലിയ അവകാശവാദങ്ങൾ ഉന്നയിക്കാറുണ്ട്. അതിൽ ശരിയുണ്ടുതാനും. എന്നിട്ടും എന്തുകൊണ്ടാണ് തൊണ്ണൂറുകളോടെ കേരളം പിന്നോട്ടു നടക്കാൻ തുടങ്ങിയത്? വിശ്വാസികളല്ലാത്തവർ കൂടുതൽക്കൂടുതൽ ഒറ്റപ്പെടുന്നു. ആരാധനാലയങ്ങളും വിസ്വാസവുമായി ബന്ധപ്പെട്ട ആഘോഷങ്ങളും സജീവമാകുന്നു. പൂജകളും അനുഷ്ഠാനങ്ങളും എല്ലാമതത്തിലും തിരിച്ചുവരുന്നു. അമൃതാനന്ദമയിയെപ്പോലുള്ളവരുടെ കൾട്ടുകൾ രാഷ്ട്രീയക്കാർക്കും മാധ്യമങ്ങൾക്കും അവഗണിക്കാനാകാത്ത ബഹുജനപ്രസ്ഥാനങ്ങളാകുന്നു. വലിയ അഴിമതികളുടെയും ദുർന്നടപ്പിന്റെയും കേന്ദ്രങ്ങളായി തെളിവുസഹിതം പിടിക്കപ്പെടുമ്പോഴും ഇത്തരം കേന്ദ്രങ്ങൾ മനുഷ്യ‍ർക്ക് ആശ്വാസവും പ്രതീക്ഷയുമാകുന്നതെന്തുകൊണ്ടാണ്?
പുരാതനമായ ചില വിശകലനപദ്ധതികളല്ലാതെ ഇത്തരം സാമൂഹികപ്രതിഭാസങ്ങളെ വിലയിരുത്താൻ ഇടതുപക്ഷത്തിന് വഴികളില്ല. സ്വന്തം ശൈലികളുടെ അടിമകളോ ഇരകളോ ആയി ചത്തുപോകുന്ന വിശകലങ്ങൾ ഒരിക്കലും ശരിയുത്തരങ്ങൾ ഉൽപാദിപ്പിക്കുകയില്ല. കേരളത്തിന്റെ ധൈഷണികതയെ പ്രചോദിപ്പിക്കുന്ന ഒരു പ്രവർത്തനപരിപാടിയും അടുത്തകാലത്തൊന്നും മുന്നോട്ടു വയ്ക്കപ്പെട്ടിട്ടില്ല. മാറുന്നതിനു പകരം സ്വന്തം പൌരാണികതയെ ന്യായീകരിക്കുകയും ജീ‍ർണതയുടെ പഴുതുകളിൽ തങ്ങളുടെ പങ്കുപറ്റുകയും ചെയ്യുന്ന ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ നടപ്പുരീതികളിൽനിന്ന് ചെറിയൊരു മാറി നടപ്പ് പി.വത്സലയുടെ ലേഖനത്തിൽ കാണാം. സമൂഹത്തിന്റെ ധൈഷണികവും വൈകാരികവുമായ ആശാകേന്ദ്രം എന്ന നില നഷ്ടപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ഇടതുപക്ഷത്തിന്റെതായി അവ‍ർ ഏറ്റെടുക്കുന്നു. സംവാദത്തിന്റെ വ്യവഹാരരൂപത്തിൽ ജനാധിപത്യമര്യാദകളുടെ പുതിയൊരു സംസ്കാരം കൊണ്ടുവരുന്നു. ഇടതുപപാളയത്തെയും നിഷ്പക്ഷമതികളെയും അങ്കലാപ്പിലാക്കുമ്പോഴും വത്സലടീച്ചറുടെ ലേഖനം തെരഞ്ഞെടുപ്പിന്റെ സൂക്ഷ്മചലനങ്ങളെ അടയാളപ്പെടുത്തുന്നതും ചില രാഷ്ട്രീയ ശരികളെ ഉൽപാദിപ്പിക്കുന്നതുമാണ്. ദീഘകാലാടിസ്ഥാനത്തിൽ ഇടതുപക്ഷത്തെ തിരുത്തുകയാണ് ശരി എന്ന ബോധ്യമുള്ളതുകൊണ്ട് ഞാൻ ആ ലേഖനത്തിന്റെ കൂടെ നിൽക്കുന്നു.

വി.അബ്ദുൾ ലത്തീഫ്