27.7.10

കത്തുന്ന വേനലില്‍
വിഷുപൊട്ടിയെത്തുന്ന ജൂണില്‍
പുതുനാമ്പു പൊട്ടിത്തഴയ്കുന്ന നാട്ടുവിദ്യാലയം
കള്ളത്തരങ്ങളാലിക്കുറി
മുളയറ്റു.

ഞൊണ്ടിയെത്തിയ
മഴയില്‍പ്പിശകി
ആല്‍മരച്ചോട്ടിലെ
അക്ഷരക്കുഞ്ഞുങ്ങള്‍
വക്കുപൊട്ടി ചീര്‍ത്തുനിന്നു.

ഉയരങ്ങളിലേക്കു നടന്നുപോയ
വലിയ കാല്‍പാടുകല്‍
നനഞ്ഞ കരിയിലകള്‍ക്കൊപ്പം
ചിതലുകള്‍ക്കു ഭക്ഷണമായി.

എന്നെങ്കിലും
തങ്ങളെത്തേടി വന്നേക്കാവുന്ന
അന്വേഷകര്‍ക്കായി
ഇരിപ്പുകൂട്ടങ്ങള്‍
പൊടിയുടെ പുതപ്പണിഞ്ഞ്‌
ഫോസിലാകാനൊരുങ്ങി

പുരാവസ്തുവാകുന്നതിനുമുമ്പുള്ള അശ്ലീലമായി
വരാന്തകള്‍
മുണ്ടഴിഞ്ഞുകിടന്നു

മഴയത്തു തുറന്നുവച്ച
മഷിക്കുപ്പിയില്‍നിന്നും
മെലിഞ്ഞ ഒരു ജാഥ
വിറങ്ങലിച്ച
അക്ഷരങ്ങളെത്തോണ്ടി
മെല്ലെ
ഇടവഴിയിലേക്കിറങ്ങി.

22.7.10

അവസരവാദവും ഒരു വാദമാണ്‌

സ്വത്വരാഷ്ട്രീയ ചര്‍ച്ചയുടെ ഇടവേളയില്‍ കണ്ട
കണ്ണാടിയാണ്‌
ഒറ്റസ്വത്വമല്ല,
ഒരാള്‍ക്കൂട്ടമാണു-
ഞാനെന്നു പറഞ്ഞുതന്നത്‌.

ഏതോ ഒരച്ചുതണ്ട്‌
പരസ്പരം ചേര്‍ത്തുനിര്‍ത്തുന്ന
കലഹിക്കുന്ന ആള്‍ക്കൂട്ടത്തില്‍
കമ്മ്യൂണിസ്റ്റുകാരനുണ്ട്‌
സൂഫിയുണ്ട്‌
കവിയും
അദ്ധ്യാപകനുമുണ്ട്‌

മധ്യവര്‍ഗ്ഗരോഗങ്ങളുണ്ട്‌

ദളിതനും സവര്‍ണനുമുണ്ട്‌
പേരിട്ടുവിളിക്കാനാവാത്ത
വേറെയും ഒരുപാടു പേരുണ്ട്‌

ഒരു വര വരച്ച്‌
ഒന്നുകിലപ്പുറം അല്ലെങ്കിലിപ്പുറം
എന്നു വാശിപിടിക്കുന്ന
സ്വത്വവാദസദസ്സില്‍
ഞാനെന്നെ
എങ്ങനെയാണവതരിപ്പിക്കുക?

അവസരവാദവും ഒരു വാദമാണെന്ന്
അംഗീകരിക്കുമെങ്കില്‍ മാത്രമേ
ഞാനിനി അങ്ങോട്ടുള്ളൂ.

20.7.10

മീനുകളുമായി പുഴയില്‍ കഴിഞ്ഞ കാലത്തിന്റെ ഓര്‍മ്മയ്ക്ക്‌

ഞങ്ങള്‍ക്ക്‌
നന്നായി
മീന്‍ പിടിക്കാനറിയാമായിരുന്നു

ചൂണ്ടയില്‍ കുടുങ്ങുന്നവ
വലയില്‍ കോരേണ്ടവ
വലയെറിയേണ്ടവ
ഇവയൊക്കെ
നടന്നും നീന്തിയും
പഠിച്ചതാണ്‌
ഏതു മീനിനെ
എപ്പോഴെന്നും
ആഴങ്ങളനുസരിച്ച്‌
എങ്ങനെയെന്നും
മഴ കൊണ്ട്‌,
പുഴ നനഞ്ഞ്‌
ഞങ്ങള്‍ ഹൃദിസ്ഥമാക്കിയിരുന്നു

മീന്‍ പിടിക്കാതിരിക്കനും
ഞങ്ങള്‍ക്കറിയാമായിരുന്നു

മീന്‍ കുഞ്ഞുങ്ങള്‍
ഏപ്പോഴും
വലകളില്‍നിന്നും ചോര്‍ന്നുപോയിരുന്നു
തള്ളമീനുകളെ
ഞങ്ങള്‍ ബഹുമാനിച്ചിരുന്നു
ചൂണ്ടയേറ്റ്‌ പരിക്കേല്‍ക്കുന്ന മീനുകള്‍
ഞങ്ങളുടെ
ഉറക്കം കെടുത്തിയിരുന്നു

ഞങ്ങളുടെ സ്വപ്നങ്ങള്‍ക്ക്‌
ഇഴയിട്ടത്‌
പുഴയും മീനുകളും ചേര്‍ന്നാണ്‌
പ്രണയത്തിന്റെ
രൂപകങ്ങളായതും
ഹൃദയത്തിലേക്ക്‌ ഊളിയിട്ടിറങ്ങിയതും
മീനുകള്‍ തന്നെ

മിന്നിമറയാന്‍ പരല്‍മീനുകള്‍
പെരുക്കമായി വയമ്പുകള്‍
പിടി തരാതെ വാലാത്തന്‍
പ്രതീക്ഷയായി വരാല്‍
സാഹസമായി വാള
സങ്കടമായി പൂച്ചയെക്കൊല്ലി
വേദനയായി കടു
പോഴത്തമായി മഞ്ഞില്‍
പഴങ്കഥയായി തിരുതയും കൂരനും

മീന്‍ കൂട്ടാതെ
ഞങ്ങള്‍ക്ക്‌
മിണ്ടാനാവില്ല

ഞങ്ങള്‍ക്ക്‌
മീന്‍ പിടിക്കാനേ അറിയുകയുള്ളൂ
പുഴയുടെ മര്‍മ്മവും
മഴയുടെ കാലവും മാത്രമേ
വഴങ്ങുകയുള്ളൂ

ആകാശം മുട്ടുന്ന
കമ്പിവേലിക്കിപ്പുറം
പുഴയില്ലാത്ത മണ്ണില്‍
വായിലും തലയിലും ഹൃദത്തിലും
മീനുകളുമായി
ഞങ്ങളാരോടാണ്‌ സംസാരിക്കേണ്ടത്‌?