14.7.12

ഹരിഗോവിന്ദിന്റെ താടി...




         ഹരിഗോവിന്ദിന്റെ താടിയും ചില മൂല്യവിചാരങ്ങളും

     വി. അബ്ദുൾ ലത്തീഫ്

കേശാലങ്കാരത്തിന്റെ കോലക്കേടുകൊണ്ട് നാലാം ദിവസവും പുറത്തായപ്പോഴാണ് പ്ലസ് ടു കമ്പ്യൂട്ടർ സയൻസിലെ ഹരിഗോവിന്ദിനെ ഞാനൊന്ന് ശ്രദ്ധിച്ചത്.  എന്റെ വിദ്യാർത്ഥിയല്ലാത്തതിനാലും പഠിപ്പിലോ വർത്തമാനത്തിലോ കാര്യമായ മിടുക്ക് വെളിപ്പെടുത്താത്തതിനാലും ഞാനവനെ ശ്രദ്ധിച്ചിരുന്നില്ല.  തല താഴ്ത്തി സ്റ്റാഫ്റൂമിനരികിലൂടെ കടന്നുപോയ അവനെ തിരിച്ചുവിളിച്ച് ഞങ്ങളൊരു സൂക്ഷ്മപരിശോധന നടത്തി, അവനെ. കുളിച്ചിട്ടുണ്ട്. വസ്ത്രങ്ങൾ അലക്കിയതും നിയമാനുസൃത അളവുകളിലുള്ളതും.  തലയിൽ ഏതോ ബഹുരാഷ്ട്ര കുത്തകക്രീം തേച്ചിട്ടുണ്ട്.  കുറച്ച് മുടി മുകളിലോട്ട് നിൽക്കുന്നു.  ബാക്കി കൊലുന്നനെ ചുറ്റും ചിതറിക്കിടക്കുന്നു. മെരുങ്ങായ്മയുള്ള മുടി സാമാന്യത്തിലും  അല്പം നീട്ടി പരിചരിച്ചിരിക്കുന്നെങ്കിലും കഴുത്തിലേക്കിറങ്ങിയിട്ടില്ല.  വെളുത്ത് മെലിഞ്ഞ അവന്റെ ചെറിയ മുഖത്ത് ചെവിഭാഗത്തുനിന്ന് നേരെ താഴ്ന്നിറങ്ങി ഏതാണ്ട് 90 ഡിഗ്രിയിൽ മുന്നോട്ടു ചാടുന്ന താടിയെല്ലിന്റെ അഗ്രഭാഗത്തിന് ഒരു കിളിച്ചുണ്ടൻ ഭാവമുണ്ട്.  താടിമീശ കറുത്തു തുടങ്ങിയിരിക്കുന്നു.  കിളിച്ചുണ്ടിനോട് ചേർന്ന് താടിരോമങ്ങൾക്ക് കനപ്പും കറുപ്പും വന്ന് ആകെയൊരു മാതൃകാകൌമാരമുഖം.  ഒന്നര രണ്ട് ഇഞ്ച് നീളത്തിൽ വളർന്നുതുടങ്ങിയ ശ്മശ്രുരാജികൾ ചെറിയൊരച്ചടക്കക്കുറവ് ധ്വനിപ്പിക്കുന്നുവോ?  താടിരോമങ്ങളാലനുഗ്രഹിക്കപ്പെടാത്ത മുഖഭാഗങ്ങളിലും മൂക്കിനറ്റത്തും നിറയെ റോസ് നിറത്തിൽ മുഖക്കുരു. ആകെ കൂടി ഒരു സുന്ദരൻ.  പക്ഷെ, സ്കൂളധികാരികളുടെ കാഴ്ചപ്പാടിൽ വിദ്യാലയത്തിലെ വസ്ത്രധാരണത്തെ സംബന്ധിക്കുന്ന പൊതുചിഹ്നവ്യവസ്ഥയെ (Dress code) ധിക്കരിക്കുന്നതായിരുന്ന ഈ കോലം അവനെ പതിവായി പടിക്കു പുറത്താക്കി. 

എന്തെല്ലാമായിരിക്കും കോലത്തെയും കോലക്കേടിനെയും നി‍ർണയിക്കുന്നത്.  മുടി എത്ര നീട്ടാം? എങ്ങനെയൊക്കെ ചീകാം? ചീകാതെ പറ്റില്ലേ? ദിവസം എത്ര വട്ടം ചീകണം.  താടി നീട്ടാമോ? എങ്കിലെത്ര? മീശയെന്തു ചെയ്യണം?  കളയണോ? നി‍ർത്തണമെങ്കിൽ നീളം, വീതി, കനം എന്നിവയുടെ സ്റ്റാന്റേ‍‍ഡ് അളവെങ്ങനെ? താടിമീശകളിൽ ഏതെങ്കിലും ഒന്നു മാത്രം നിർത്താമോ? മീശ മാത്രം? താടി മാത്രം? ഫ്രഞ്ച്? ബുൾഗാൻ? ഒരു വശം മാത്രം? സത്യത്തിൽ ഇതിനൊന്നും ആർക്കും കൃത്യം ഉത്തരങ്ങളില്ല.  ഭൂരിപക്ഷത്തിന്റെ തീരുമാനമാണ്, ശീലമാണ് കോലം. അല്ലാത്തതൊക്കെ കോലക്കേട്മുടി ചീകിയത് ശരിയായില്ലെന്നതിന്റെ പേരിൽ വിദ്യാർത്ഥികൾക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കാമോ എന്ന് അധികാരികളോട് ചോദിച്ചത് തർക്കമായി, ചർച്ചയായി.  അന്ന് താടിയോടെയും പിറ്റേന്ന് പ്രകടമായ അളവിൽ താടിമുടികൾ കനം കുറച്ചും ഹരിഗോവിന്ദ് ക്ലാസിൽക്കയറി.    അധികാരികൾ ഉച്ചത്തിലും ഭരിപക്ഷം സഹപ്രവർത്തകരും മുറുമുറുപ്പായും എന്റെ സമീപനത്തെ തള്ളിപ്പറഞ്ഞെങ്കിലും കുട്ടികൾക്കിടയിൽ എന്റെ റേറ്റിംഗ് കൂടി.  കാര്യങ്ങളിങ്ങനെയൊക്കെയായ സ്ഥിതിക്ക് ചമയങ്ങളുടെ സ്വീകാര്യത എങ്ങനെ നിശ്ചയിക്കപ്പെടുന്നുവെന്നതു സംബന്ധിച്ച് ഒരു ലഘു ചിന്തയ്ക്കു പ്രസക്തിയുണ്ട്.
അമ്പത് കൊല്ലക്കാലയളവിൽ മലയാളി പരീക്ഷിച്ച ഉടുപ്പളവുകൾ നിരത്തി വച്ചാൽ കാഴ്ച രസകരമായിരിക്കും. സിനിമ, പഴയ ഫോട്ടോകൾ, കുറച്ചു വർഷം പിറകോട്ടുള്ള ഓർമ്മകൾ എന്നിവയെ മുൻനിർത്തി നിങ്ങളും ഒന്നു് മനസ്സിൽ കണ്ടു നോക്കൂ. വസ്ത്രധാരണത്തിലെ സൌന്ദര്യ സങ്കല്പങ്ങൾ മാറിമറിയുന്നത് കാണാം.  പാന്റിന്റെയും കുപ്പായത്തിന്റെയും അളവുകൾ മാത്രമല്ല നിറം കനം എന്നിവയിലുമുണ്ട് മാറ്റങ്ങൾ.  ഇക്കാലത്ത് വീടിനടിക്കുന്ന ചായക്കൂട്ടുകൾ കുറച്ചു മുമ്പു വരെ ദീപാവലി മിഠായിക്കേ കാണുമായിരുന്നുള്ളു. ഒരു കാലത്ത് സിനിമയിൽ കീഴാളസൂചകമായി ഉപയോഗിച്ച നിറങ്ങൾ പിന്നീട് നായകവേഷത്തിനുമിണങ്ങി.  വേഷവിധാനത്തിലെ അധമ/ഉത്തമ സങ്കല്പങ്ങൾ കാലത്തിനൊത്ത് മാറും. സാരിയായിരുന്നു അടുത്ത കാലം വരെ കുലീനവേഷം.  മുണ്ടും ഷ‍ർട്ടും ആണുങ്ങൾക്കും.  പാന്റ്സും ചുരിദാറും പരിഷ്കാരികളുടെ വേഷവും പരിഷ്കാരം അധികപ്രസംഗവുമായിരുന്നു.  80 കളിലൊക്കെ പെൾകുട്ടികൾ സ്കൂളിൽ ചുരിദാറണിഞ്ഞെത്തിയാൽ ചെറുതല്ലാത്ത പുകിലായിരുന്നു. ഇപ്പോൾ ചുരിദാർ യൂണിഫോമായി.  അപൂർവ്വം വിദ്യാലയങ്ങളിൽ ഒരു ക്ലാസിക്കൽടച്ചിന് പാവാട നിർത്തിയിരിക്കുന്നു. (പേര് സ്കേർട്ട് എന്നു മാറ്റിയെന്നു മാത്രം)  അധ്യാപികമാർ സ്കൂളിൽ ചുരിദാ‍ർ ധരിക്കുന്നത് എം. എ. ബേബി വിദ്യാഭ്യാസ മന്ത്രിയാകുന്നതു വരെ സംസ്കാരികസദാചാരവിരുദ്ധമായിരുന്നു.  ബി. എ‍ഡി.നു പഠിക്കുമ്പോൾ ചുരിദാറണിഞ്ഞെത്തിയ സഹപാഠി പുറത്തായത് ഓർമ്മയുണ്ട്.  (95-ൽ)
പരിഷ്കാരങ്ങളുടെ പിന്നാലെ പോയി  രക്തസാക്ഷികളായവരെത്ര? ചെരിപ്പിട്ടതിന്, ഷൂസിട്ടതിന്, പാന്റ്സിട്ടതിന്, അതിനും മുമ്പ് കുപ്പായമിട്ടതിന്, ജീൻസിട്ടതിന്, മാക്സി ധരിച്ചതിന്, ചുരിദാറിട്ടതിന്, പാന്റ്സിന് പോക്കറ്റ് കൂടിയതിന് (സിക്സ് പോക്കറ്റ്) പിന്നെ മുടി വെച്ചതിന്, മീശയും താടിയും വച്ചതിന്, അനുപാതങ്ങളിൽ പരീക്ഷണങ്ങൾ നടത്തിയതിന്. ബ്രാ ധരിച്ചതിന്, ബ്രാ ധരിക്കാത്തതിന്. അങ്ങനെയങ്ങനെ.  ടി.വി. സ്കൂട്ടർ, മൊബൈൽ, ഫെയ്സ്ബുക്ക് എന്നിവയും പല കാലങ്ങളിൽ സംസ്കാരികചിഹ്നവ്യവസ്ഥയിൽ മുഴച്ചുനിന്നിരുന്നു. മൊബൈലിന്റെയും ഫെയ്സ്ബുക്കിന്റെയുമൊന്നും അയിത്തം ഇപ്പോഴും പൂർണ്ണമായും മാറിയിട്ടില്ല. കമ്പ്യൂട്ടറിനും ടാക്ടറിനുമെതിരെ സമരം ചെയ്ത പാരമ്പര്യവും നമുക്കുണ്ട്. കുറച്ചു കാലം കഴിഞ്ഞ് ഇവയൊക്കെ സ്വീകാര്യമാവുകയും സാംസ്കാരിക ചിഹ്നമാവുകയും ചെയ്തപ്പോൾ പാർടി സെക്രട്ടറിമാരും മാർപ്പാപ്പയുമൊക്കെ തെറ്റിപ്പോയി, മാപ്പ് എന്ന് പറയുന്നതു പോലെ ആരും മാപ്പു പറഞ്ഞതായി കേട്ടിട്ടില്ല.  ഹരിഗോവിന്ദിന്റെ സ്പൈക്ക് ഫാഷൻ ഇംഗ്ലീഷ് ഫുഡ്ബോൾ താരമായ ഡേവിഡ് ബെക്കാമും ബോളിവുഡിലെ പുതുനിരയും പരീക്ഷിച്ചതാണ്.   അത് കോലക്കേടാണെന്ന് വാദിച്ചവരൊക്കെ കുറെ മുമ്പ് രാജേഷ്ഖന്ന എന്ന ബോളിവുഡ് താരം ആഘോഷിച്ച കേശമുദ്രയാണ് സ്വീകരിച്ചിരിക്കുന്നത്.  രാജേഷ് ഖന്നയിൽനിന്ന് ജോൺഅബ്രഹാമിലേക്കുള്ള ദൂരമാണ് ഹരിഗോവിന്ദിനെ പടിക്കു പുറത്താക്കിയത് എന്നു ചുരുക്കം.
ചർച്ചകൾക്കൊരു നിലപാടുതറയായി വസ്ത്രധാരണത്തിന്റെ പരമാടിസ്ഥാനം നാണം മറയ്ക്കലാണെന്ന് പറയാമെങ്കിലും നാണസങ്കല്പത്തിനും ജാതിമത ദേശകാലവർഗലിംഗവ്യത്യാസങ്ങളുണ്ട്. കുറച്ചുമുമ്പുവരെ സ്കൂളിൽ ചേർക്കുന്നതിനടുപ്പിച്ചായിരുന്നു ലിംഗവ്യത്യാസമില്ലാതെ കുട്ടികൾ നാണം മറച്ചു തുടങ്ങിയത്.  അതിനും മുമ്പ് പെൺകുട്ടികൾ കുപ്പായമിടുന്നതിന് വയസ്സറിയിക്കേണ്ടിയിരുന്നു. വിവാഹത്തോടെ മാത്രം പെൺകുട്ടികൾ കുപ്പായമിടുന്ന ശീലവും നമ്മുടെ നാട്ടിലുണ്ടായിരുന്നു.  ചില ഗിരിവർഗ്ഗ നാടോടിപ്പാട്ടുകളിൽ പെണ്ണഴകിന്റെ നേർക്കാഴ്ചയായി മുലകളെ വർണ്ണിക്കുന്നതു കേട്ടിട്ടുണ്ട്.  (കുത്തുമുല, ചാഞ്ഞമുല, കൊമ്പുമുല എന്നിങ്ങനെ) ഇക്കാലത്ത് മറച്ചുവച്ചല്ലാതെ ഇങ്ങനെ പാട്ടു കെട്ടാൻ കഴിയുമോ?  മുക്കത്തിനും നിലമ്പൂരിനുമിടയിലുള്ള ഗിരിവർഗ്ഗക്കാരായ മലമുത്തന്മാർ ആൺകുട്ടികൾ എന്ന അർത്ഥത്തിൽ പൂപ്പിളിയൻ എന്നു പറയുമായിരുന്നു.  പൂപ്പിളി ആൺകുട്ടികളുടെ ജനനേന്ദ്രിയമാണ്. സംസ്കാരങ്ങളിലൂടെ അന്വേഷിച്ചിറങ്ങിയാൽ പുതുകാലത്തിന്റെ കേവലബോധങ്ങളെ തക‍ർക്കുന്ന ഇത്തരം ചിഹ്നങ്ങളെ ഇനിയും കണ്ടെടുക്കാനാകും.
 അതിനപ്പുറം വസ്ത്രധാരണത്തിന്റെ ധർമ്മങ്ങളെന്താണ്?  പാശ്ചാത്യർക്ക് ക്ഷൌരവും              ‘ഫെയ്സ് ഡ്രസ്സിംഗ് ’ ആണ്. നമ്മളും വസ്ത്രാലങ്കാരം കേശാലങ്കാരം എന്നൊക്കെ പറയാറുണ്ടല്ലോ?  അലങ്കരിക്കുന്നത് മോടിക്കാണ്.  സാധാരണത്തെ അല്പം അസാധാരണമാക്കാനാണ് ഈ മോടി കൂട്ടൽ.  ജന്തുജീവജാലങ്ങളിലാകെ ഒന്നു കണ്ണോടിച്ചാൽ ചമഞ്ഞു നിൽക്കുന്നത് ഒരു ലോകതത്വമാണെന്നും വേണമെങ്കിൽ ഈശ്വരനിശ്ചയമാണെന്നും പറയാം.  ആകെക്കൂടി സസ്യലതാദികളും ജന്തുജാലങ്ങളുമെല്ലാം സ്വയംവരപ്പന്തലിലെന്നോണം വരനെ/വധുവിനെ കാത്തു നിൽക്കുകയാണ്.  സാംസ്കാരികവും ചരിത്രപരവും വാണിജ്യപരവും കാലാവസ്ഥാപരവുമായ കാരണങ്ങൾക്കപ്പുറം മനുഷ്യന്റെ ചമയലും ഒരു സ്വയംവരപ്പന്തൽ മനസ്സിൽ കണ്ടു കൊണ്ടാണ്.  നാട്ടുനടപ്പും ഭരിപക്ഷാഭിപ്രായവുമെല്ലാം സൂക്ഷ്മാപഗ്രഥനത്തിൽ പ്രകൃതിവിരുദ്ധമാണെന്നു കാണാം. സംസ്കാരമെന്ന സങ്കല്പത്തിന്റെ വിവക്ഷയിൽപ്പെടുന്ന നാട്ടുനടപ്പ് മനുഷ്യന്റെ ചമയാനുള്ള സ്വാതന്ത്ര്യത്തെ തടയുമ്പോൾ അതിനെ അടിസ്ഥാന ചോദനകളെ തടയലായി, പ്രകൃതിവിരുദ്ധമായി വായിക്കേണ്ടി വരും.  സമൂഹത്തിൽ ഒരാൾക്ക് എന്തുമാകാമോ എന്ന മറുചോദ്യത്തിന്റെ ഉത്തരം കൂടിയാണ് പ്രകൃതിവിരുദ്ധത എന്ന പ്രയോഗം. 
കുന്തീദേവി സ്വന്തം ശരീരത്തിൽ പരീക്ഷണം നടത്തിയ അതേ കൌമാരത്തിലാണ് ലോകത്തെല്ലാ കുട്ടികളും ഒരല്പം ഭ്രാന്തമായി സ്വന്തം ശരീരത്തെ അണിയിച്ചൊരുക്കുന്നത്. സ്ന്വന്തം വസ്ത്രത്തെക്കുറിച്ച് ഇത്രയേറെ ജാഗ്രത്താകുന്നത്. കണ്ണാടിയുടെ മുന്നിൽ നിൽക്കുന്നത്. ഗതാനുഗതികത്വത്തെ വിട്ട് പുതുമയെ സ്വീകരിക്കുകയെന്നത് കൌമാരഭാവമാണ്. വാക്കിലും നോക്കിലും പഠിപ്പിലുമെല്ലാം അതുണ്ടെങ്കിൽ അണിഞ്ഞൊരുങ്ങുന്നതിലും അതുണ്ടാവും. അതിൽത്തന്നെ ഒരു പടികൂടി മുന്നിൽനിൽക്കുന്നവൻ വിപ്ലവകാരിയാണ്. പാരമ്പര്യത്തിൽ ഉറച്ചു നിൽക്കുക എന്നതായിരുന്നു അടുത്ത കാലം ആഢ്യത്വത്തിന്റെ ലക്ഷണം. എന്നാൽ അപ്പ് ടു ഡേറ്റഡ് ആവുകയാണ് പുതുകാലഭാവം. ഇതിനെതിരാണ് ചമയങ്ങളെച്ചൊല്ലിയുള്ള കലഹങ്ങൾ.  സൌന്ദര്യത്തെ സംബന്ധിച്ച പൊതുബോധത്തെ തകർത്തുകൊണ്ടാണ് പുതു ഫാഷൻ വരുന്നത്. ഫാഷൻ ഇന്നൊരു ചരക്കും ഫാഷൻ ടെക്നോളജി, ഡിസൈനിംഗ് എന്നിവ കോടികൾ മറിയുന്ന വ്യവസായവുമാണ്.  നാളെ ഫാഷൻ ടെക്നോളജി പഠിച്ച് ആറക്ക ശമ്പളം വാങ്ങേണ്ട കുട്ടി സ്വന്തം വസ്ത്രങ്ങളിലും ശരീരത്തിലുമല്ലാതെ പിന്നെവിടെയാണ് സാറമ്മാരെ പരീക്ഷണം നടത്തുക? ഏറ്റവും അടിസ്ഥാനപരമായ താൽപര്യങ്ങളെ ഹനിക്കുന്നില്ലെങ്കിൽ കൌമാരക്കാരായ നമ്മുടെ കുട്ടികളുടെ ചില്ലറ കുസൃതികളെ അനുവദിക്കുന്നതല്ലെ, മനഃശ്ശാസ്ത്രപരപരം? ജയന്റെയും സത്യന്റെയും രാജേഷ് ഖന്നയുടെയും സൌന്ദര്യസങ്കല്പങ്ങളിൽ കുരുങ്ങിയ നമ്മുടെ ബോധത്തെക്കാൾ കുട്ടികളുടെ കൌതുകങ്ങളാണ് പുരോഗമനപരമെന്ന് ഉള്ളിലറിയുമ്പോഴല്ലെ ശരിക്കും നാം നാളെയുടെ കാവൽക്കാരാകുന്നത്?


5 comments:

Aardran said...

ഫാഷനുകളുടെ സ്വീകാര്യതയുടെ ചരിത്രവും സംസ്കാരവും..

sinan said...

super

sinan said...

super sonic man

sinan said...

super

000 said...

Excellent thoughtful and very relevant.. majority of the teachers and parents simply dont understand these facts..please post this on all social media..