15.12.10

സഖാവിന്‌

ആല്‍മരത്തിന്‌
സ്റ്റാലിന്‍ എന്നാവും
ട്രോട്‌സ്കിയന്‍ ഭാഷ്യം

പ്രിയ സഖാവേ,
താങ്കളൊരു ആല്‍മരത്തയ്യാണെന്ന്‌
ഞാന്‍
നിശ്ചയമായും വ്യസനിക്കുന്നു

20.11.10

ഭ്രാന്ത്‌

വക്രിച്ച കണ്ണുകള്‍ക്ക്‌
കോമാളിയാകാന്‍
ചങ്ങലയഴിക്കേണ്ടതല്ല;
മാലാഖക്കുഞ്ഞുങ്ങളുടെ കൈ പിടിച്ച്‌
അനന്തതയില്‍നിന്ന്
ഗസല്‍ക്കൊലുസ്സുകള്‍
വീണ്ടെടുക്കാനുള്ള
തേക്കുപാട്ടാണത്‌

കലഹിച്ച്‌
അറ്റം പൊടിക്കേണ്ട
സ്ഫടികപ്പാത്രവുമല്ല.
പ്രണയമധുമോന്തി,
അക്ഷരങ്ങളിലടയിരുന്ന്
മുന്തിരിവള്ളിയാകാനുള്ള
ഊഷ്മളതയാണത്‌

മുള്ളെന്നും മൂക്കുപൊത്തണമെന്നും
ഭ്രാന്തു പറയുമെങ്കിലും
നിലാവിലേക്ക്‌ തുറന്ന് വിട്ടേക്കുക
മഴപ്പിച്ച്‌ മുറുകുമ്പോള്‍
തലതല്ലി ഇടയിറങ്ങുന്ന
മഞ്ഞ നീര്‍നാഗങ്ങളെപ്പോലെ
അത്‌ കടല്‍ കടന്നോളും.

12.11.10

കറുത്ത പുഷ്പങ്ങള്‍


(ഒരു തീവണ്ടിയുടെ ആശ്ലേഷത്തിന്‌ ശരീരം വിട്ടുകൊടുത്ത കവി ഗുഹന്റെ അനുസ്മരണത്തോടനുബന്ധിച്ച്‌ കോഴിക്കോട്ട്  നടന്ന കവിസമ്മേളനത്തില്‍ അവതരിപ്പിച്ച കവിത)

വെളിച്ചം വറ്റിയ
കരിമ്പിന്‍ തോട്ടങ്ങളില്‍നിന്ന്
അടിമകള്‍ കണ്ടെടുത്തതാണ്‌
ആത്മഹത്യ എന്ന കറുത്ത കവിത

അന്നു മുതല്‍ അത്‌
മറുപടിയില്ലാത്ത
ആയുധങ്ങളായി

ഇത്രനാള്‍
കൂടെക്കഴിഞ്ഞതിന്‌ ഒരു സ്നേഹസമ്മാനമെന്ന്‌
കവികള്‍ കറുത്ത പുഷ്പങ്ങള്‍
ഏകാന്തരായ മരച്ചില്ലകളില്‍
തൂക്കിയിട്ടു

ഭൂമി
നടന്നു തുടങ്ങാനും
ആകാശം
ചെന്നെത്താനുമുള്ള ഇടങ്ങളായി
അടയാളപ്പെടുത്തിയവര്‍ക്ക്‌
പൂക്കളും വര്‍ണ്ണക്കൂട്ടങ്ങളും
വഴിവക്കിലെ
കൗതുകക്കാഴ്ചകളായിരുന്നു

കളിപ്പാട്ടങ്ങളോട്‌ ജീവന്‍ ചേര്‍ത്തുവെക്കുന്ന
കുസൃതികള്‍
കുറുമ്പു കനക്കുമ്പോള്‍
അവ വലിച്ചെറിയുമ്പോലെ

ഒരു മയില്‍പ്പീലി, ഒരു വളപ്പൊട്ട്‌
കാണാതെ പോയതിന്‌
പ്രണയത്തെ മുഴുവന്‍ കവിതയിലേക്ക്‌ പകര്‍ത്തി
വെള്ളാരംകണ്ണുകള്‍
പിണങ്ങിപ്പോകുമ്പോള്‍,

ഒരു തുള്ളി മധുരം കുറഞ്ഞതിന്‌
മധുപാത്രം തന്നെ വലിച്ചെറിഞ്ഞ്‌
പുഞ്ചപ്പാടത്തെ
നെടിയ വരമ്പുകള്‍ ഉപേക്ഷിച്ച്‌,
പൂത്ത താഴ്‌വരകളെ അവഗണിച്ച്‌
മുള്‍വഴികളിലൂടെ
ഒരുകാഞ്ഞിരമരത്തിന്റെ കൈപിടിച്ച്‌
പൂക്കളുടെ കാമുകന്മാര്‍
ആകാശത്തേക്ക്‌
നേരെ നടന്നുപോകുമ്പോള്‍

ഒരു വെള്ളിടി,
നിലയ്ക്കാത്ത ഒരു പെരുമഴ
കറുത്ത പുഷ്പങ്ങളുടെ
നിറം മങ്ങിയ ക്യാന്‍ വാസില്‍
ബാക്കിയാവുന്നു,
എപ്പോഴും.

3.11.10

ചെമ്പരത്തിയുടെ താക്കോല്‍

ബോധിവൃക്ഷത്തിന്റെ

വേരുകളില്‍നിന്നും
നൂറ്റാണ്ടുകളിലൂടെ നടന്നെത്തിയ
അന്തവും കുന്തവും
മണ്ണിലേക്കു കൊട്ടി
വര്‍ത്തമാനത്തിന്റെ
പുരാവൃത്തങ്ങളില്‍നിന്ന്
അഹന്തകള്‍ പെറുക്കി
ഒരു കൂടു കെട്ടി

പേരില്‍
കയറിയിരിക്കണമെന്നു തോന്നിയപ്പോള്‍
ദേശങ്ങളിലും ഭാഷകളിലും തിരഞ്ഞ്‌
കൗതുകങ്ങള്‍
തിരിച്ചും മറിച്ചും നോക്കി
അതിരിലിലെ
ചെടിപ്പടര്‍പ്പിനരികില്‍
തളര്‍ന്നിരുന്നപ്പോഴാണ്‌
പറിച്ചെടുത്ത ചങ്കിന്റെ
പര്യായവാക്കായ
ഞാന്‍ മതിയോയെന്ന്
ഒരു ചെമ്പരത്തി തൊണ്ടി വിളിച്ചത്‌

ഇപ്പോള്‍
വഴിപോക്കര്‍
ചെമ്പരത്തിക്കു താഴെ ചാരിവെക്കുന്ന
ചോദ്യച്ചിഹ്നങ്ങളെ
ആകാശംകൊണ്ട്‌ തടുക്കുമ്പോള്‍
തുരന്നെടുത്ത വയറുമായി ഒരു മല
പിത്താശയത്തിനു മുറിവേറ്റ ഒരു പുഴ
അളവുകള്‍ നഷ്ടപെട്ട ചക്രവാളം
നിറങ്ങള്‍ ചോര്‍ന്നുപോയ സന്ധ്യ
കടപ്പെട്ടുപോയ ദിവാസ്വപ്നങ്ങള്‍
പിന്നെയും ആരൊക്കെയോ ചേര്‍ന്ന്
നീയിരിക്കുന്നത്‌
ആനപ്പുറത്തല്ലായെന്ന്
വിളിച്ചുപറയുന്നു

26.10.10

സ്ലേറ്റ്‌

(സമര്‍പ്പണം: വഴിയിലുപേക്ഷിക്കപ്പെട്ട എല്ലാ കാമുകിമാര്‍ക്കും)

ഇഷ്ടം പോലെ
എഴുതാനും മായ്ക്കാനുമുള്ള ഇടം
വികാരത്തള്ളലില്‍
എറിഞ്ഞുടയ്ക്കാം
ഓര്‍ത്തു കരയാം
പിന്നെ
കണ്ണീര്‍ത്തുള്ളികള്‍
പെറുക്കിയെടുത്ത്‌
കവിതയാക്കാം

24.10.10

ഞാന്‍ ആദം...












ഹവ്വ
ഒരു ഓര്‍മ്മയാണ്‌,
സുഖനിദ്രയിലെ
തേന്‍ തുളുമ്പുന്ന
ഒരു കിനാവു പോലെ.

കണ്ണാടിയില്‍
അവള്‍
നിറങ്ങളാവുമ്പോള്‍
മധുരമെന്ന്
അടയാളപ്പെടുത്തിയ
സ്ഥലനാമങ്ങള്‍
പറുദീസയെക്കുറിച്ചുള്ള
പുരാവൃത്തങ്ങളാകും

ഹവ്വ
ദാഹങ്ങളെ
തെളിനീരുകൊണ്ടും
മോഹങ്ങളെ
നറുതേന്‍ കൊണ്ടും
അരിശങ്ങളെ
എരിവാര്‍ന്നകന്താരികൊണ്ടും
നേരായി പൂരിപ്പിക്കുന്നവള്‍

വെളിച്ചത്തില്‍
മറിഞ്ഞു മറിഞ്ഞു പോകുന്ന
താളുകളിലൊന്നും
ഹവ്വയില്ല
ഇരുട്ടുകൊളുത്തി
സ്വപ്നത്തിന്റെ ഭാഷയിലേക്ക്‌
ഉടുപ്പഴിക്കുമ്പോള്‍
അവ്വള്‍ വരും,
എന്നും.

18.9.10

എഴുതുന്നതെന്തെന്നാല്‍

മധുരവും മിനുസവും
കുറവാണെന്ന്
കവിത വായിച്ചവരൊക്കെ
മനസ്സു കോട്ടുന്നു.

കവിതയില്‍
വാക്കുകള്‍ വരേണ്ടത്‌
ഹൃദയത്തില്‍ നിന്നാണത്രെ.

പാടത്തും പറമ്പത്തും നടന്ന്,
വരമ്പത്തും ഇടവഴിയിലും തിരഞ്ഞ്‌
വാക്കുകള്‍ നിറച്ചിരുന്നു, ഹൃദയത്തില്‍.

സ്കൂളില്‍ച്ചെന്നപ്പോള്‍
ടീച്ചറതൊക്കെയും
തിരിച്ചുകിട്ടാത്തവണ്ണം
തൂത്തെറിഞ്ഞു കളഞ്ഞു
പൊന്താത്ത കുറെ വാക്കുകള്‍
തുമ്പിക്കാലില്‍ ചേര്‍ത്തുംതന്നു

ആരും കാണാതെ കരയാനും
മനസ്സറിഞ്ഞ്‌ ചീത്ത പറയാനുമല്ലാതെ
ഇനിയൊന്നും ഹൃദയത്തിലില്ല

പിന്നെ,
തലച്ചോറുകൊണ്ടെങ്കില്‍ തലച്ചോറുകൊണ്ട്‌,
എഴുതാതിരിക്കാന്‍ എനിക്കാവില്ല.



27.7.10

കത്തുന്ന വേനലില്‍
വിഷുപൊട്ടിയെത്തുന്ന ജൂണില്‍
പുതുനാമ്പു പൊട്ടിത്തഴയ്കുന്ന നാട്ടുവിദ്യാലയം
കള്ളത്തരങ്ങളാലിക്കുറി
മുളയറ്റു.

ഞൊണ്ടിയെത്തിയ
മഴയില്‍പ്പിശകി
ആല്‍മരച്ചോട്ടിലെ
അക്ഷരക്കുഞ്ഞുങ്ങള്‍
വക്കുപൊട്ടി ചീര്‍ത്തുനിന്നു.

ഉയരങ്ങളിലേക്കു നടന്നുപോയ
വലിയ കാല്‍പാടുകല്‍
നനഞ്ഞ കരിയിലകള്‍ക്കൊപ്പം
ചിതലുകള്‍ക്കു ഭക്ഷണമായി.

എന്നെങ്കിലും
തങ്ങളെത്തേടി വന്നേക്കാവുന്ന
അന്വേഷകര്‍ക്കായി
ഇരിപ്പുകൂട്ടങ്ങള്‍
പൊടിയുടെ പുതപ്പണിഞ്ഞ്‌
ഫോസിലാകാനൊരുങ്ങി

പുരാവസ്തുവാകുന്നതിനുമുമ്പുള്ള അശ്ലീലമായി
വരാന്തകള്‍
മുണ്ടഴിഞ്ഞുകിടന്നു

മഴയത്തു തുറന്നുവച്ച
മഷിക്കുപ്പിയില്‍നിന്നും
മെലിഞ്ഞ ഒരു ജാഥ
വിറങ്ങലിച്ച
അക്ഷരങ്ങളെത്തോണ്ടി
മെല്ലെ
ഇടവഴിയിലേക്കിറങ്ങി.

22.7.10

അവസരവാദവും ഒരു വാദമാണ്‌

സ്വത്വരാഷ്ട്രീയ ചര്‍ച്ചയുടെ ഇടവേളയില്‍ കണ്ട
കണ്ണാടിയാണ്‌
ഒറ്റസ്വത്വമല്ല,
ഒരാള്‍ക്കൂട്ടമാണു-
ഞാനെന്നു പറഞ്ഞുതന്നത്‌.

ഏതോ ഒരച്ചുതണ്ട്‌
പരസ്പരം ചേര്‍ത്തുനിര്‍ത്തുന്ന
കലഹിക്കുന്ന ആള്‍ക്കൂട്ടത്തില്‍
കമ്മ്യൂണിസ്റ്റുകാരനുണ്ട്‌
സൂഫിയുണ്ട്‌
കവിയും
അദ്ധ്യാപകനുമുണ്ട്‌

മധ്യവര്‍ഗ്ഗരോഗങ്ങളുണ്ട്‌

ദളിതനും സവര്‍ണനുമുണ്ട്‌
പേരിട്ടുവിളിക്കാനാവാത്ത
വേറെയും ഒരുപാടു പേരുണ്ട്‌

ഒരു വര വരച്ച്‌
ഒന്നുകിലപ്പുറം അല്ലെങ്കിലിപ്പുറം
എന്നു വാശിപിടിക്കുന്ന
സ്വത്വവാദസദസ്സില്‍
ഞാനെന്നെ
എങ്ങനെയാണവതരിപ്പിക്കുക?

അവസരവാദവും ഒരു വാദമാണെന്ന്
അംഗീകരിക്കുമെങ്കില്‍ മാത്രമേ
ഞാനിനി അങ്ങോട്ടുള്ളൂ.

20.7.10

മീനുകളുമായി പുഴയില്‍ കഴിഞ്ഞ കാലത്തിന്റെ ഓര്‍മ്മയ്ക്ക്‌

ഞങ്ങള്‍ക്ക്‌
നന്നായി
മീന്‍ പിടിക്കാനറിയാമായിരുന്നു

ചൂണ്ടയില്‍ കുടുങ്ങുന്നവ
വലയില്‍ കോരേണ്ടവ
വലയെറിയേണ്ടവ
ഇവയൊക്കെ
നടന്നും നീന്തിയും
പഠിച്ചതാണ്‌
ഏതു മീനിനെ
എപ്പോഴെന്നും
ആഴങ്ങളനുസരിച്ച്‌
എങ്ങനെയെന്നും
മഴ കൊണ്ട്‌,
പുഴ നനഞ്ഞ്‌
ഞങ്ങള്‍ ഹൃദിസ്ഥമാക്കിയിരുന്നു

മീന്‍ പിടിക്കാതിരിക്കനും
ഞങ്ങള്‍ക്കറിയാമായിരുന്നു

മീന്‍ കുഞ്ഞുങ്ങള്‍
ഏപ്പോഴും
വലകളില്‍നിന്നും ചോര്‍ന്നുപോയിരുന്നു
തള്ളമീനുകളെ
ഞങ്ങള്‍ ബഹുമാനിച്ചിരുന്നു
ചൂണ്ടയേറ്റ്‌ പരിക്കേല്‍ക്കുന്ന മീനുകള്‍
ഞങ്ങളുടെ
ഉറക്കം കെടുത്തിയിരുന്നു

ഞങ്ങളുടെ സ്വപ്നങ്ങള്‍ക്ക്‌
ഇഴയിട്ടത്‌
പുഴയും മീനുകളും ചേര്‍ന്നാണ്‌
പ്രണയത്തിന്റെ
രൂപകങ്ങളായതും
ഹൃദയത്തിലേക്ക്‌ ഊളിയിട്ടിറങ്ങിയതും
മീനുകള്‍ തന്നെ

മിന്നിമറയാന്‍ പരല്‍മീനുകള്‍
പെരുക്കമായി വയമ്പുകള്‍
പിടി തരാതെ വാലാത്തന്‍
പ്രതീക്ഷയായി വരാല്‍
സാഹസമായി വാള
സങ്കടമായി പൂച്ചയെക്കൊല്ലി
വേദനയായി കടു
പോഴത്തമായി മഞ്ഞില്‍
പഴങ്കഥയായി തിരുതയും കൂരനും

മീന്‍ കൂട്ടാതെ
ഞങ്ങള്‍ക്ക്‌
മിണ്ടാനാവില്ല

ഞങ്ങള്‍ക്ക്‌
മീന്‍ പിടിക്കാനേ അറിയുകയുള്ളൂ
പുഴയുടെ മര്‍മ്മവും
മഴയുടെ കാലവും മാത്രമേ
വഴങ്ങുകയുള്ളൂ

ആകാശം മുട്ടുന്ന
കമ്പിവേലിക്കിപ്പുറം
പുഴയില്ലാത്ത മണ്ണില്‍
വായിലും തലയിലും ഹൃദത്തിലും
മീനുകളുമായി
ഞങ്ങളാരോടാണ്‌ സംസാരിക്കേണ്ടത്‌?

22.2.10

ലൗ ജിഹാദ്‌

ഭാഗം 1




1. മറവി



വാഴക്കൂമ്പിന്റെ നിറമുള്ള,

അറബിക്കഥയുടെ മണമുള്ള

സൂഫിയാനെ കണ്ടപ്പോള്‍

ഉപ്പിലിറങ്ങി നിന്ന

ഉണ്ണി കെ. വിശ്വംഭരന്‍

വര്‍ഷങ്ങളോളം ചവിട്ടിയുറപ്പിച്ച

ആര്‍ഷഭാരതസംസ്കാരം

പൊടുന്നനെ മറന്നു.



2. പായക്കപ്പല്‍



കപ്പലിന്‌

പെട്ടെന്നാണ്‌ കാറ്റുപിടിച്ചത്‌

പായ വലിച്ചു താഴ്ത്താനും

നങ്കൂരമിടാനും

അയാള്‍ തയ്യാറല്ലായിരുന്നു

എത്തിച്ചേര്‍ന്നത്‌

അതുവരെ നടന്ന തീരവും കടലും വിട്ട്‌

തൊപ്പിക്കാരും തട്ടക്കാരും മാത്രമുള്ള

ഒരു ദ്വീപില്‍



3. കാറ്റു പറഞ്ഞത്‌



പത്തേമാരി വന്നെന്ന്

പൊന്നും പണവും തിളങ്ങിയെന്ന്

പറന്നുപൊങ്ങിയ കൊടിക്കൂറയില്‍

ജിന്നുകളിറങ്ങിയെന്നും

മന്ത്രച്ചരടാല്‍

ഉണ്ണി കെ. വിശ്വംഭരന്‍

ബന്ധിതനാണെന്നും



4. കര്‍ക്കടകം



വഴികളാകെ

ചിന്നം പിന്നം കരഞ്ഞു

അങ്ങാടി മൂടിക്കെട്ടി

സന്ധ്യയോടെ

തെക്കോട്ടും വടക്കോട്ടും

മിന്നല്‍പ്പിണരുകളോടി

ഇരുട്ടില്‍

അതിഖരമായി ആരൊക്കെയോ

കലമ്പി



5. പകല്‍



കാറ്റിനെ പിടികൂടി

കവലയില്‍ കെട്ടിയിട്ടു

ഉണ്ണി കെ. വിശ്വംഭരന്റെ

ഓര്‍മ്മകള്‍

പല വഴികളിലൂടെ

തിരിച്ചെത്തി

പടിഞ്ഞാറുനിന്നും

പത്തേമാരിക്കാരുമെത്തി

അണയാന്‍ മറന്ന വിളക്കുകാലുകള്‍

കാഴ്ചക്കാരയി





6.ഭരതവാക്യം



വെള്ളത്തൊപ്പി ഊരുന്നതിനിടെ

ഉണ്ണി കെ. വിശ്വംഭരന്റെ

തലയുടെ ഒരു ഭാഗം

അതില്‍ പുരണ്ടു

ഹൃദയം ഇതളുകളായി-

സൂഫിയാന്‍, സൂഫിയാന്‍ എന്ന്

അടയാളപ്പെടുത്തി

ഉടല്‍ ആര്‍ഷഭാരതമേറ്റുവാങ്ങി

ഒന്നും കിട്ടിയില്ലെങ്ങിലും

പരിവാരങ്ങളും

തൃപ്തരായി.



ഭാഗം 2



പത്തേമാരി തിരിച്ചുപോയി

കൊടിക്കൂറയില്‍ത്തൂങ്ങിയ

അറബിക്കഥയില്‍നിന്ന്

ഒരു മാദകഗന്ധം

കരയിലേക്ക്‌ ഇളകുന്നുണ്ടായിരുന്നു.

കാറ്റ്‌, പക്ഷേ

ഒന്നും മിണ്ടിയില്ല.

28.12.09

പ്രണയപുഷ്പം

തലയില്‍ച്ചൂടി
ഒറ്റ ദിവസം കൊണ്ട്‌
കരിച്ചുകളഞ്ഞ
ആ പൂവിനെപ്പറ്റി
നിനക്ക്‌
ഒരു ചുക്കുമറിയില്ല

പണ്ടെപ്പൊഴോ
ബൈബ്‌ള്‍ വായിച്ചപ്പോള്‍
സമ്മാനമായിക്കിട്ടിയ
പൂമൊട്ടായിരുന്നു അത്‌.
തലയിണക്കടിയില്‍
ആയിരത്തണ്ടുകള്‍ അടയിരുന്നാണ്‌
അതൊന്ന്‌
വിരിയിച്ചെടുത്തത്‌.

ഇതളിതളായി
അതു വിടര്‍ന്നു നിന്നപ്പോഴാണ്‌
ഇലകള്‍
പച്ചനിറമാര്‍ന്ന്-
സൂര്യനോട്‌ വിലപേശിയത്‌.
തണ്ടെല്ല് നിവര്‍ന്നു നിന്നത്‌.
വേരുകള്‍
ആഴങ്ങള്‍ പരതിയത്‌.

ഈപ്പോള്‍
വണ്ടത്താന്‍ കൈയ്യേറി
ബാക്കി വന്ന മധുരം
തുലാമഴയില്‍ കളഞ്ഞ്‌
ഇതളുകള്‍ നിറമറ്റു നില്‍ക്കുമ്പോള്‍
മരുഭൂമിയില്‍ത്തൊട്ട വേരുകള്‍
പിന്‍ വാങ്ങാനാവാതെ
പൊടിഞ്ഞമരുന്നതും
നിനക്കറിയില്ല

ജീവിതം

നല്ല തൂവെള്ള
മേനിക്കടലാസായിരുന്നു

കടും വര്‍ണ്ണത്തിലുള്ള
മഷികളായിരുന്നു

എഴുത്തുബ്രഷുകളും
പേനകളും നന്നായിരുന്നു

ഇഷ്ടത്തോടും
പ്രതീക്ഷകളോടും കൂടിയാണ്‌
തുടങ്ങിയതും.

ഇടയ്ക്ക്‌
ആരും വന്ന് കൈ തെറ്റിച്ചില്ല
കാറ്റടിച്ച്‌ മെയ്‌ വിറച്ചില്ല.
മഴ നനഞ്ഞില്ല
ചെളി തെറിച്ചുമില്ല

എന്നിട്ടും വര്‍ച്ചതൊക്കെ
അലങ്കോലകായിപ്പോയി.

ഇനി
ഇതൊക്കെ മായ്ച്‌
പുതുക്കി വരയ്ക്കാനാകുമോ

17.11.09

ദൂ…….രം

മറവിയില്‍നിന്ന്
കവിതയിലേക്കുള്ള ദൂരത്തില്‍
ഭ്രാന്തിന്റെ വിത്തുകളുണ്ടായിരുന്നു
ചരടറ്റ പട്ടത്തിന്‌ വഴികാട്ടിയത്‌
അലഞ്ഞുതിരിയുന്ന
ഒരു പമ്പരം

കൊതിപ്പിക്കാന്‍
അവസാനിക്കാത്ത വഴികള്‍
അതിരുകളില്ലാത്ത ആകാശം
ആഴമറിയാത്ത കടല്‍
എങ്ങോട്ടും
സൗജന്യയാത്ര വഗ്ദാനം ചെയ്ത്‌
കാറ്റ്‌

ഉന്മാദത്തില്‍നിന്ന്
കടലാസിലേക്കു ഭ്രമണം ചെയ്യാന്‍
നിറങ്ങളണിഞ്ഞെത്തിയ കിളികള്‍,
ചിത്രശലഭങ്ങള്‍

സുറുമയെഴുതിയ ജലാശയങ്ങളില്‍
ഇലയനക്കത്തില്‍ പുറത്തേക്കു തുളുമ്പിയ
നിലാവിനൊപ്പം
മെല്ലെ തുഴഞ്ഞപ്പോള്‍
ആവലാതിപ്പെട്ടിയുടെ തക്കോല്‍
ആഴങ്ങളിലുറഞ്ഞുപോയി
വീട്ടിലേക്കുള്ള വഴിയും
കണക്കുപുസ്തകവും
കടത്തിണ്ണയിലെ നയതന്ത്രരേഖകളും
വിരുന്നുമേശയിലെ
മാനേജുമന്റ്‌ പുഞ്ചിരിയും
അതിനകത്തായിരുന്നു

എന്തും തുറക്കാമെന്ന
തുരുമ്പിച്ച താക്കോലുമായി
ഗണിതച്ചിഹ്നങ്ങള്‍ വാരിയെടുത്ത്‌
പുഞ്ചിരിയുടെ പഠിതവൃത്തിയില്‍ പൊതിഞ്ഞ്‌
കടക്കെണിയില്‍
കാലും തലയും വെച്ച്‌
വീട്ടിലെക്കുള്ള വഴി തേടിയപ്പോള്‍
മുന്നില്‍
ആറിത്തണുത്ത
ഒരു നിഴല്‍ മാത്രം

തിരിച്ചു നടന്നപ്പോള്‍
കാറ്റ്‌ വാഗ്ദാനം മറന്നു
'ഇത്രയേയുള്ളൂ' വെന്ന്
കടല്‍
ആഴം തലയിലെടുത്തു നിന്നു
ഇലയനക്കത്തില്‍ ഒന്നും തുളുമ്പിയില്ല
കിളികളും ശലഭങ്ങളും
സുറുമ മങ്ങിയ കുളക്കരയില്‍
ഫോസിലുകളായി

അവസാനിക്കാത്ത വഴികള്‍ക്കും
അതിരുകളില്ലാത്ത ആകാശത്തിനുമിടയില്‍
പമ്പരം മാത്രം
'നൂലു പൊട്ടിയവരേ, ഇതിലേ ഇതിലേ'യെന്ന്
ഹൃദയം തുറന്ന്
പാടിക്കൊണ്ടേയിരുന്നു

27.3.09

പേടി

ഞങ്ങളുടെ നാട്ടില്‍
മുസ്ലീങ്ങള്‍ ഉണ്ടായിരുന്നില്ല;
അബൂബക്കറും ആയിഷത്താത്തയുമേ
ഉണ്ടായിരുന്നുള്ളൂ.
ഹിന്ദുക്കളും ഉണ്ടായിരുന്നില്ല;
കൃഷ്ണന്‍ കുട്ടിയും വാസന്തിച്ചേച്ചിയുമേ ഉണ്ടായിരുന്നുള്ളൂ.

പള്ളിപ്പടിയിലെ ബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ട
"അമുസ്ലിം" ഏന്ന നിഷേധസ്വരത്തില്‍ നിന്നാണ്‌
മുസ്ലിം ഇറങ്ങിവരുന്നത്‌.
അതിന്റെ തലേന്നോ പിറ്റേന്നോ
കാവില്‍പ്പതിഞ്ഞ
"അഹിന്ദു"വില്‍നിന്നാണ്‌
ഹിന്ദു ഇറങ്ങിവരുന്നത്‌.

പള്ളികളും കാവുകളും
പണ്ടേയുള്ളതാണ്‌
മുട്ടുകളും നേര്‍ച്ചകളും
എല്ലാവര്‍ക്കുമുള്ളതാണ്‌.
പാമ്പിനു കാവ്‌,
സൂക്കേടിനു പള്ളി എന്നാണു കണക്ക്‌.

ഉത്സവങ്ങള്‍
എല്ലാ കലണ്ടറിലും നേരത്തെ വരച്ചിടുന്നതാണ്‌.
കൃഷ്ണന്‍ കുട്ടിയും അബൂബക്കറും
പരസ്പരമൊന്ന് വെച്ചുമാറും
അതിനപ്പുറം,
ആള്‍ക്കൂട്ടം
കച്ചവടക്കാര്‍
നാടകുത്തുകാര്‍
പോലീസുകാര്‍
ഒക്കെ ഒന്നുതന്നെ


ഇപ്പോള്‍
ഹിന്ദുവും മുസ്ലിമും വന്നതിനു ശേഷം
ആഘോഷങ്ങള്‍ക്കൊപ്പം
പേടിയുടെ വെള്ളിടിയുണ്ട്‌.

നിലാവിനു കട്ടികുറഞ്ഞ്‌
പതുക്കെ
പരക്കുന്ന ഇരുട്ട്‌
എന്തിനാണാവോ?

28.10.08

കൈഫോണ്‍

നിന്റെ മൂന്നരവയസ്സുകാരന്‍
എന്റെ ടെലിമൊഴികളോട്‌
'അച്ഛന്‍' എങ്ങ്‌ കിണുങ്ങിയപ്പോഴാണ്‌
നീയെനിക്കു പുളിച്ചുതുടങ്ങിയത്‌

മനസ്സുകളുടെ
ഇതളുകല്‍
മറിച്ചിടുന്നതിനിടയിലെപ്പൊഴോ
ഒരു പത്തക്ക നമ്പറായി
കൈഫോണുകളിലേക്കു
ചേക്കേറിയ നാം
കാറ്റുപോലെ ഏതോ ഒന്നിന്റെ
തുമ്പില്‍ പിടിച്ച്‌ എത്രപെട്ടെന്നാണ്‌
പുറം മോടികളില്‍നിന്നും
വിവസ്ത്രരായത്‌

ലോകത്തിന്റെ ഏതറ്റത്തും
കൈഫോണിന്റെ മറ്റേയറ്റം
നിന്റെ ചെവിക്കരികിലെവിടെയോ
നിതാന്തജാഗ്രതയിലാണെന്ന
ഉറപ്പ്‌
കൈഫോണ്‍ബില്ലിലെ അക്കങ്ങളെ
കവിതകളാക്കി,
കാമുകന്റെ ഡയറിക്കുറിപ്പും
പ്രണയവും രതിയുമാക്കി.

ഡാഫൊഡില്‍സ്‌ പൂക്കളുടേതെന്നപോലെ
നിന്റെ മണവും എനിക്കറിയില്ലെന്നു ഞാന്‍ പറഞ്ഞത്‌
മൈസൂര്‍ രാജാക്കന്മാരുടെ
പനിനീര്‍ത്തോട്ടങ്ങളില്‍ വെച്ചായിരുന്നു.

മുല്ല പൂക്കുന്ന നിലാവുള്ള രാത്രികളില്‍
നിന്റെ മുലക്കണ്ണുപോലെ
സുന്ദരമായ ഇരുട്ടിന്‍ തുരുത്തുകളില്‍
നിന്റെ ഗൂഢാക്ഷരികളുടെ
കുതിരപ്പുറത്തേറി
ഭൂമിയുടെ വന്യമായ ഗന്ധം പാര്‍ത്ത്‌
ഞാന്‍
ദൂരേക്ക്‌ ദൂരേക്ക്‌ സഞ്ചരിച്ചു

സ്നേഹസംവാദങ്ങള്‍ക്കു ചാര്‍ത്താന്‍
ആപ്പിളിന്റെ മാദകഗന്ധം തേടിയ നാം
തക്കാളിയുടെ പുളിപ്പുമായി
ഹൃദയത്തില്‍നിന്ന്
പരസ്പരം കുടഞ്ഞുകളയുമ്പോഴും
ഇനിയെന്തുചെയ്യണമെന്നറിയാതെ
കാതില്‍ കുരുങ്ങിയ ചിലതുണ്ട്‌

സമയരേഖകള്‍ കണ്ടു കിടുങ്ങുവോളം
കൊഞ്ചിപ്പകര്‍ന്ന തേന്മൊഴികള്‍,
തള്ളവിരലുകള്‍കൊണ്ട്‌
വിളമ്പിയ ഇക്കിളിക്കുറിമാനങ്ങള്‍,
നൂറുനൂറാവര്‍ത്തിച്ച
'ഷഹബാസിന്റെ' മഴപ്പാട്ടുപല്ലവി,
അദൃശ്യമായ നൂലിഴകളിലൂടെ
നേരം നോക്കതെ പറന്നെത്തി
മൗനത്തിന്‌ അര്‍ഥമുണ്ടാക്കിയ
മിസ്കാളിന്റെ സാന്ദ്രസൗന്ദര്യം,
കൈഫോണിന്റെ ഇത്തിരിച്ചതുരത്തിലൂടെ
ഞാന്‍ വലിച്ചെടുത്ത
നിന്റെ നേര്‍ത്ത നിശാവസ്ത്രങ്ങള്‍,
കൈകള്‍ അഴകളവുകളിലും
കാല്‍കള്‍
നിളാമണലിലും പുതഞ്ഞ്‌
ഉള്ളുതുളുമ്പി നടന്നുപോയ
നിലാരാത്രികള്‍,
രമണന്റെ കുന്നിന്‍പുറക്കാഴ്ചകള്‍,


ഒരു സ്വരഭേദത്തിന്‌
ആല്‍മരമായിപ്പടര്‍ന്ന
കിനാവള്ളികളെ
മര്‍മ്മത്ത്‌ വിരലമര്‍ത്തി നിഗ്രഹിക്കുവാന്‍
ഞൊടിയിടമതിയെന്ന ബോധ്യം
മറ്റു നമ്പരുകളിലേക്കുള്ള
തള്ളവിരലിന്റെ
ദ്രുതചലനമൊന്നുകൊണ്ടുമാത്രമാണ്‌
അതിജീവിച്ചത്‌.

-----ആര്‍ദ്രന്‍---------

21.5.08

നീയും ഞാനും

കരയാന്‍ തുടങ്ങുമ്പോള്‍
ചിരിച്ചുകളയുന്ന നിന്നെ
എനിക്കെന്തിഷ്ടമാണെന്നോ

ഇഷ്ടപ്പെടുവാന്‍ കാരണങ്ങളൊരുപാടുണ്ട്‌
ഒരു പച്ചമരത്തിന്റെ ചുവട്ടിലെന്നോണം
ആരോഗ്യദായകമാണ്‌ നിന്റെ സാന്നിധ്യം
എന്നെ എത്ര നേരവും കേള്‍ക്കും
ഓരോ വാക്കും പെറുക്കിയെടുക്കും

കളഞ്ഞുപോയ ഏതാനും അക്ഷരങ്ങള്‍
ഒരു നടത്തം
രണ്ടുവരി ഗസല്‍:
യുഗങ്ങള്‍ നീണ്ട പരിചയത്തിനിടയില്‍
ഇങ്ങനെ ചില കാര്യങ്ങളേ
നീ ആവശ്യപ്പെട്ടുള്ളൂ,
എന്തെങ്കിലുമെപ്പോഴും
നീ ചോദിച്ചുകൊണ്ടേയിരിക്കണമെന്ന്
ആഗ്രഹിച്ചിരുന്നെങ്കിലും.

എന്തിന്‌
നിനക്കെന്നോടിങ്ങനെ കൗതുകമെന്ന്
ആശ്ചര്യമാണെപ്പൊഴും
നിന്റെയിഷ്ടംകൊണ്ടുള്ള
വലിപ്പമോര്‍ത്തഹങ്കരിച്ചിരുന്നു.
കണ്ണാടി കാണുമ്പോഴെല്ലാം
ചെറുതായിച്ചെറുതായി വന്നപ്പോഴാണ്‌
നീയൊരു ആയിരമിതള്‍പ്പൂവായത്‌.

തീര്‍ച്ച
ഇതിനുമുമ്പും
നമ്മളെവിടെയോ
അറിഞ്ഞിരുന്നിട്ടുണ്ട്‌

കുടിയൊഴിക്കല്‍

കടുകടുത്ത നിറങ്ങളുടേയും
മിന്നിമറയുന്ന വേഗങ്ങളുടേയും
വിളംബരത്തില്‍
ബഹുവര്‍ണ്ണ സ്വപ്നങ്ങളുടെ പെരുക്കവുമായി
വീടു വിറ്റി റങ്ങിപ്പോയി,
ചോരകിനിയുന്ന
സമരങ്ങളും
മേല്‍ വിലാസമുണ്ടാക്കിത്തന്ന
നിയമങ്ങളുമോര്‍ക്കാതെ.

ചുമരില്‍
അധികാരത്തിന്റെ ഭീഷണി പതിയാതെ,
സമരങ്ങളുണരാതെ.

ഒരു ഇടം പിരിയന്‍ കാറ്റും
ഒരു വലം പിരിയന്‍ കാറ്റും
നിറങ്ങളറ്റ്‌
സ്വപ്നം ഒരുപിടി മണ്ണായി

കാലുറപ്പിക്കാന്‍
ചുവന്ന മണ്ണില്‍നിന്ന്
ഇടവഴികളിലേക്കും
ചതുപ്പുകളിലേക്കും
മുടന്തുകയാണിപ്പോള്‍

കൂട്ടിന്‌ സ്വന്തം കൂര ചുമന്നു നടക്കുന്ന
ചുവന്ന ഇന്ത്യാക്കരനുണ്ട്‌
ഇസ്താംബൂളുകാരനും
ബാഗ്ദാദിയുമുണ്ട്‌
മണ്ണ്‌ നഷ്ടപ്പെട്ട ഉറുമ്പുകളുണ്ട്‌
കാട്‌ നഷ്ടപ്പെട്ട മൃഗങ്ങളും
പുഴ നഷ്ടപ്പെട്ട മീനുകളുമുണ്ട്‌

ഉമ്മ എലികളുമായി ഇഷ്ടത്തിലാണ്‌

ആടുക്കള മുഴുവന്‍
എലിക്കാഷ്ടം
നിറഞ്ഞപ്പോഴാണ്‌
എലിക്കെണി എന്ന ആശയം
പൊന്തി വന്നത്‌

വിഷം വെച്ചാല്‍
ചത്തുമണക്കുമെന്നും
കത്രികയില്‍ കുടുങ്ങിയാല്‍
ചോരചിന്തുമെന്നും പറഞ്ഞ്‌
കെണിയിലെത്തിച്ചത്‌
ഉമ്മയാണ്‌

തേങ്ങാപ്പൂള്‍ ചുട്ട്‌ കെണിവെച്ച്‌
വിളക്കണച്ചപ്പോള്‍ത്തന്നെ
'ടപ്പേ'ന്ന് എലികുടുങ്ങി
എലിയെക്കൊന്ന് വീണ്ടും
കെണിക്കാമെന്ന
വേട്ടക്കാരുടെ വീര്യത്തെ
നാളെക്കൊല്ലാമെന്ന്‌
ഉമ്മ വീറ്റോ ചെയ്തു.

എല്ലാവരും ഉണര്‍ന്നപ്പൊഴേക്കും
എവിടെ, എങ്ങനെ എന്നത്‌ രഹസ്യമാക്കി
ഉമ്മ കൃത്യം നിര്‍വഹിച്ചിരുന്നു.
പിറ്റേന്നും അതിന്റെ പിറ്റേന്നും
ഇതുതന്നെ ആവര്‍ത്തിച്ചപ്പോള്‍
സംശയമായി:
ആരും കാണാതെ അതിരില്‍ കൊണ്ടുപോയി
എലികളെ
തുറന്നു വിടുകയാണെന്ന്
പുലര്‍ച്ചെ
മദ്രസയില്‍ പോകുന്ന
കുട്ടിച്ചാരന്മാരാണ്‌
കണ്ടെത്തിയത്‌.


വിസ്തരിച്ച്‌ പാത്രം കഴുകാനിരിക്കുമ്പോള്‍
ചുറ്റും കൂടുന്ന
കോഴികളോടും
കാക്കകളോടും
മൈനകളോടും
അണ്ണാങ്കൊട്ടനോടുമുള്ള
വര്‍ത്തമാനത്തിനിടയില്‍
ഉമ്മ ഇക്കാര്യം പറഞ്ഞ്‌
നിറയെ ചിരിച്ചിട്ടുണ്ടാകണം