![]() |
| മീനുകളുമായി പുഴയില്‍ കഴിഞ്ഞ കാലത്തിന്റെ ഓര്‍മ്മയ്ക്ക് |
ഞങ്ങള്‍ക്ക്
നന്നായി
മീന്‍ പിടിക്കാനറിയാമായിരുന്നു
ചൂണ്ടയില്‍ കുടുങ്ങുന്നവ
വലയില്‍ കോരേണ്ടവ
വലയെറിയേണ്ടവ
ഇവയൊക്കെ
നടന്നും നീന്തിയും
പഠിച്ചതാണ്
ഏതു മീനിനെ
എപ്പോഴെന്നും
ആഴങ്ങളനുസരിച്ച്
എങ്ങനെയെന്നും
മഴ കൊണ്ട്,
പുഴ നനഞ്ഞ്
ഞങ്ങള്‍ ഹൃദിസ്ഥമാക്കിയിരുന്നു
മീന്‍ പിടിക്കാതിരിക്കനും
ഞങ്ങള്‍ക്കറിയാമായിരുന്നു
മീന്‍ കുഞ്ഞുങ്ങള്‍
ഏപ്പോഴും
വലകളില്‍നിന്നും ചോര്‍ന്നുപോയിരുന്നു
തള്ളമീനുകളെ
ഞങ്ങള്‍ ബഹുമാനിച്ചിരുന്നു
ചൂണ്ടയേറ്റ് പരിക്കേല്‍ക്കുന്ന മീനുകള്‍
ഞങ്ങളുടെ
ഉറക്കം കെടുത്തിയിരുന്നു
ഞങ്ങളുടെ സ്വപ്നങ്ങള്‍ക്ക്
ഇഴയിട്ടത്
പുഴയും മീനുകളും ചേര്‍ന്നാണ്
പ്രണയത്തിന്റെ
രൂപകങ്ങളായതും
ഹൃദയത്തിലേക്ക് ഊളിയിട്ടിറങ്ങിയതും
മീനുകള്‍ തന്നെ
മിന്നിമറയാന്‍ പരല്‍മീനുകള്‍
പെരുക്കമായി വയമ്പുകള്‍
പിടി തരാതെ വാലാത്തന്‍
പ്രതീക്ഷയായി വരാല്‍
സാഹസമായി വാള
സങ്കടമായി പൂച്ചയെക്കൊല്ലി
വേദനയായി കടു
പോഴത്തമായി മഞ്ഞില്‍
പഴങ്കഥയായി തിരുതയും കൂരനും
മീന്‍ കൂട്ടാതെ
ഞങ്ങള്‍ക്ക്
മിണ്ടാനാവില്ല
ഞങ്ങള്‍ക്ക്
മീന്‍ പിടിക്കാനേ അറിയുകയുള്ളൂ
പുഴയുടെ മര്‍മ്മവും
മഴയുടെ കാലവും മാത്രമേ
വഴങ്ങുകയുള്ളൂ
ആകാശം മുട്ടുന്ന
കമ്പിവേലിക്കിപ്പുറം
പുഴയില്ലാത്ത മണ്ണില്‍
വായിലും തലയിലും ഹൃദത്തിലും
മീനുകളുമായി
ഞങ്ങളാരോടാണ് സംസാരിക്കേണ്ടത്?

1 comment:
>>ആകാശം മുട്ടുന്ന
കമ്പിവേലിക്കിപ്പുറം
പുഴയില്ലാത്ത മണ്ണില്‍
വായിലും തലയിലും ഹൃദത്തിലും
മീനുകളുമായി
ഞങ്ങളാരോടാണ് സംസാരിക്കേണ്ടത്?
<<
മറുപടിയില്ല മാഷേ..
Post a Comment