27.7.10

കത്തുന്ന വേനലില്‍
വിഷുപൊട്ടിയെത്തുന്ന ജൂണില്‍
പുതുനാമ്പു പൊട്ടിത്തഴയ്കുന്ന നാട്ടുവിദ്യാലയം
കള്ളത്തരങ്ങളാലിക്കുറി
മുളയറ്റു.

ഞൊണ്ടിയെത്തിയ
മഴയില്‍പ്പിശകി
ആല്‍മരച്ചോട്ടിലെ
അക്ഷരക്കുഞ്ഞുങ്ങള്‍
വക്കുപൊട്ടി ചീര്‍ത്തുനിന്നു.

ഉയരങ്ങളിലേക്കു നടന്നുപോയ
വലിയ കാല്‍പാടുകല്‍
നനഞ്ഞ കരിയിലകള്‍ക്കൊപ്പം
ചിതലുകള്‍ക്കു ഭക്ഷണമായി.

എന്നെങ്കിലും
തങ്ങളെത്തേടി വന്നേക്കാവുന്ന
അന്വേഷകര്‍ക്കായി
ഇരിപ്പുകൂട്ടങ്ങള്‍
പൊടിയുടെ പുതപ്പണിഞ്ഞ്‌
ഫോസിലാകാനൊരുങ്ങി

പുരാവസ്തുവാകുന്നതിനുമുമ്പുള്ള അശ്ലീലമായി
വരാന്തകള്‍
മുണ്ടഴിഞ്ഞുകിടന്നു

മഴയത്തു തുറന്നുവച്ച
മഷിക്കുപ്പിയില്‍നിന്നും
മെലിഞ്ഞ ഒരു ജാഥ
വിറങ്ങലിച്ച
അക്ഷരങ്ങളെത്തോണ്ടി
മെല്ലെ
ഇടവഴിയിലേക്കിറങ്ങി.

6 comments:

Aardran said...

എന്നും കാണുന്ന വഴിയില്‍ ഒരു വിദ്യലയമുണ്ടായിരുന്നു. ഈയിടെ അതു പൂട്ടിപ്പോയി. നിന്നുപോകുന്ന വിദ്യാലയങ്ങള്‍ ഒരു കാലത്തിന്റെ, സംസ്കാരത്തിന്റെ അന്ത്യമാണ്‌ അടയാള്‍പ്പെടുത്തുന്നത്‌. ആ വികാരം കുറിച്ചിടാന്‍ ഒരു ശ്രമം.

ഏതാനും വര്‍ഷം മുന്‍പ്‌ അന്‍വറലി മതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിറയെ പച്ച നിറത്തില്‍ പ്രസിദ്ധീകരിച്ച 'പച്ച' എന്ന കവിത ഓര്‍മ്മ വന്നിരുന്നെങ്കില്‍ ഇങ്ങനെയൊരു രചനയ്ക്ക്‌ ഒരുങ്ങില്ലായിരുന്നു. 'പച്ച' കൂടി വായിക്കാനപേക്ഷ. 'ആടിയാടി അലഞ്ഞ മരങ്ങളേ' എന്ന സമാഹാരത്തിലുണ്ട്‌.

Anonymous said...

best wishes

the man to walk with said...

കുട്ടികള്‍ പടിയിറങ്ങിയ വിദ്യാലയങ്ങള്‍ ..ഇടനാഴികളിലൂടെ കടന്നുപോയ ശബ്ദഘോഷങ്ങള്‍
ഇഷ്ടായി

ബഷീർ said...

കവിതകളെ വിശകലനം ചെയ്യാനറിയില്ല എങ്കിലും വരികളിൽനിന്ന് ആ വികാരം മനസിലാക്കുന്നു.

ബഷീർ said...

O.T

കലഹിക്കാം പിണങ്ങാം പക്ഷെ കരയാതിരിക്കരുത് ..:)

cerimony of innocence said...

good