30.6.12

എന്നെയും തേടി വരുമോ, ഈ ചോര?

വല്ലാത്തൊരു ചോരയാണ് ഈ ചന്ദ്രശേഖരന്റേത്
ഇങ്ങനെയെങ്കിൽ വെട്ടാതെ കൊല്ലാമായിരുന്നു
അതിന് ചോര അമ്പത്തൊന്ന് മുറിവുകളിൽക്കൂടി പുറത്തു വരുന്നതല്ലല്ലോ
മരണശേഷം മനസ്സുകളിൽനിന്ന് മനസ്സുകളിലേക്ക് പരക്കുന്ന രൂപകമല്ലേ
ചോരയെ രൂപകം എന്ന് സൌന്ദര്യശാസ്ത്രമാക്കിയാൽ
ചരിത്രം പൊറുക്കുമോ? അല്ലെങ്കിൽത്തന്നെ ഒരു രൂപകത്തിൽ അത് നിൽക്കുമോ?
ഒന്നരമാസത്തിനു ശേഷവും കളി തുടരുകയാണ് ഈ രൂപകം, ചോര,
അതിന്റെ രാഷ്ട്രീയരാസികം (കെമിസ്ട്രി)

കവിമനസ്സുകളിൽപ്പതിഞ്ഞ ചോരച്ചിത്രങ്ങളെ
വെട്ടുവഴിയിൽ പെറുക്കിവയ്ക്കുകയാണ് ഡി.സി.
ഇത് പ്രസാധകധർമ്മമോ കച്ചവടധർമ്മമോ?
ധർമ്മാധർമ്മങ്ങളെ ഇങ്ങനെ തരം തിരിക്കാമോ?
കവിത ചേർക്കുന്നത് കൊള്ളാം അനുവാദം ചോദിക്കാഞ്ഞത് ശരിയായില്ല എന്ന് ഒരു കവി
(ഉമ്പാച്ചിയുടെ വെട്ടുവഴിക്കവിത-അമ്പത്തൊന്നക്ഷരാധി)
ഫെയ്സ്ബുക്കിൽ മണിക്കൂറുകൾ നീണ്ട ചർച്ചകൾ
എഴുത്തുകാരന്റെ അവകാശങ്ങൾ, പ്രസാധകൻ, ചോര, രാഷ്ട്രീയം, ഉത്തരവാദിത്വങ്ങൾ….
എന്തായാലും പണം വാങ്ങണമെന്ന് നിരൂപകശ്രേഷ്ഠരുടെ ഫലിതം!..?
ചന്ദ്രശേഖരന്റെ ആത്മാവിന് (സഖാക്കൾക്ക് അതുണ്ടാകമോ?)
റോയൽറ്റി കൊടുക്കേണ്ടേ? കൊടുക്കുമോ?

വല്ലാത്ത ചോരയാണ് ഈ ചന്ദ്രശേഖരന്
ഒ‍ഞ്ചിയത്തെ ചുവന്ന മണ്ണ് അത് കുടിച്ചു വറ്റിച്ചില്ല
മണ്ടോടിക്കണ്ണന്റെ,
കൊല്ലാച്ചേരി കുമാരന്റെ
അളവക്കൻ കൃഷ്ണന്റെ
മേനോൻ കണാരന്റെ
സി.കെ. ചാത്തുവന്റെ
പുറവിൽ കാണാരന്റെ
വി.കെ.രാഘൂട്ടിയുടെ
കെ. എം. ശങ്കരന്റെ
പാറോള്ളതിൽ കാണാരന്റെ
ചോര കുടിച്ച മണ്ണ് ചന്ദ്രശേഖരന്റെ ചോര പുറത്തേക്കൊഴുക്കുമെന്ന് ആരറിഞ്ഞു
അല്ലെങ്കിലും ഈ രക്തസാക്ഷികളുടെ ചോര ഒരു മണ്ണും കുടിക്കില്ല
തെക്കോട്ടും വടക്കോട്ടും ഒഴുകും
കിഴക്കോട്ടു നീങ്ങി മലകളെയും
പടിഞ്ഞാട്ടു നീങ്ങി കടലിനേയും ചുവപ്പിക്കും
ഇപ്പോഴിതാ, പാലക്കാട്ടെത്തിയിരിക്കുന്നു. കണ്ണൂരെത്തിയിരിക്കുന്നു
കാലത്തിലൂടെ 30 40 കൊല്ലമൊക്കെ പിന്നോട്ടൊഴുകുന്നു.
മുന്നോട്ട് എത്രയൊഴുകുമെന്ന് ആർക്കറിയാം
അർത്ഥഗർഭങ്ങളായ പഴയ ധ്വനിപാഠങ്ങളെ
പോലീസിന്റെ ജീവനില്ലാത്ത സാഹിത്യമാക്കുന്നു
അല്ലെങ്കിൽ ധ്വനിപാഠങ്ങൾക്ക് വരേണ്യത കല്പിക്കാൻ ഞാനാര്
(മേൽപ്പത്തൂരോ? ഉദ്ദണ്ഡശാസ്ത്രികളോ?)

എന്തായാലും ഞാൻ പിടിക്കപ്പെടില്ലെന്ന് എനിക്കുറപ്പുണ്ട്
കൊലപാതകങ്ങളെ
അരുംകൊലയെന്നും വിപ്ലവമെന്നും
വേർതിരിച്ചതിൽ എനിക്കു പങ്കുണ്ട്
മരിച്ചു വീണത്
ഒറ്റുകാരും വർഗ്ഗീയവാദികളും സാമ്രാജ്യത്വ ദല്ലാളന്മാരുമാണെന്ന്
വിശ്വസിച്ചതിൽ എനിക്കു പങ്കുണ്ട്.
കേസു നടത്താൻ സന്തോഷത്തോടെ പണം കൊടുത്തതിലും
എനിക്കു പങ്കുണ്ട്. (പിരിവ്, പാർടി ഫണ്ട്)
എന്നാലും
ഒരു പോലീസും എനിക്കെതിരെ തിരിയില്ല
ഒരു കോടതിയും എനിക്കെതിരെ വിധിക്കില്ല
പക്ഷെ
ചന്ദ്രശേഖരന്റെ ചോര കാണുമ്പോൾ മാത്രം എനിക്കു പേടിയാകുന്നു





13.4.12

മുത്തം

നീയെനിക്കൊരുമ്മ തരണം
സെക്സും
പ്രണയവും
സ്നേഹവും പരിഗണനയും നിറഞ്ഞ,
മധുരനാരങ്ങപോലുള്ള
ഒരുമ്മ

28.3.12

മറവി(ക്കു)മരുന്ന്

ഒരിക്കലുമൊരിക്കലും മറക്കാതിരിക്കുവാൻ
ഓർമ്മതൻ ചില്ലുപാത്രത്തിനു പുറത്തുനിർത്തട്ടെ നിന്നെ ഞാൻ

18.3.12

എന്നെ എങ്ങോട്ടാണ് നാടുകടത്തുക?

ഖലീഫ*യുടെ ആൾക്കാർ വന്ന്
ബലം പ്രയോഗിച്ച് പുറത്താക്കും വരെ
ഞാനിവിടെയുണ്ടാകും.


പണിയെടുക്കാനാണവർ പറയുന്നത്.
പാടങ്ങളിൽ ധാന്യങ്ങൾ വിളയിക്കാൻ,
നിരത്തുകളുണ്ടാക്കാൻ
വലിയ മണിമന്ദിരങ്ങളുണ്ടാക്കാൻ,
യുദ്ധം ചെയ്യാൻ.

നിലാവിനെയും
സൂര്യശോഭ ഒളിച്ചുകടത്തിയ പുഷ്പരഹസ്യവും
കൺപാർക്കെ
എനിക്കെവിടെ നേരം, പാടത്തു പണിയെടുക്കാൻ.

ഖലീഫയുടെ ആൾക്കാരുണ്ടാക്കിയ
പാതകളിലൂടെ ഞാൻ സഞ്ചരിക്കും
കാട്ടിലും കടലിലും ആകാശത്തും
ഞാൻ നടക്കുന്ന വഴികളും ഞാനുണ്ടാക്കിയതല്ലല്ലോ.
നെൽക്കതിരിൽ 'അള്ളാ' എന്നെഴുതിയത് ഞാൻ വായിക്കും.
പൂമ്പാറ്റച്ചിറകിലെ മാളാഖച്ചിത്രം കണ്ട് അമ്പരക്കും
നിന്നെ വാഴ്ത്തും
പക്ഷെ, വിതയ്ക്കാനോ കൊയ്യാനോ
എനിക്കാവില്ല,

നിങ്ങളുടെ വേഗങ്ങളഉം രുചികളും എനിക്കു വേണ്ട
നിങ്ങൾക്കിടയിൽ അറിയാതെ വീണുപോകുന്ന
തണൽക്കുഞ്ഞുങ്ങളെ മതി.
നിലാവത്ത് നിങ്ങളറിയാതെ പാടിപ്പോകുന്ന
ആ പാട്ടുകൾ മതി.
എന്റെ കണക്കു പുസ്തകത്തിലാകെ
തെറ്റുകളാണെന്നത്
നിങ്ങളുടെ വ്യാമോഹം മാത്രമാണ്.
നക്ഷത്രങ്ങളിൽനിന്ന്
എന്റെ ഹൃദയത്തിലേക്കുള്ള അകലം
എപ്പോഴെങ്കിലും തെറ്റിയോ?
ആകാശത്തെ പറവകളോടും
ആഴങ്ങളിലെ മീനുകളോടും
എന്റെ കണക്കുകൾ തെറ്റാറുണ്ടോ?

ഖലീഫയുടെ ആൾക്കാർ
അന്വേഷിച്ചു വരുന്നതുവരെ
പ്രാചീനരുചികളി ബന്ധിതനായി
ഞാനിവിടെത്തന്നെയുണ്ടാകും
സ്ഫടികത്തെളിനീരിലെ വർണ്ണച്ചില്ലെന്ന പോലെ
അപ്പോഴും യഥാർത്ഥഖലീഫ
എന്നെ കാണും. (* ഖലീഫ അബൂബക്കർ. ഇദ്ദേഹം സൂഫികളോട് തന്റെ രാജ്യത്തുനിന്ന് പുറത്തു പോകാൻ ആവശ്യപ്പെട്ടിരുന്നു)

13.2.12

I Love You മഞ്ചാടി

യു.പി.സ്കൂൾ വരാന്തയിലാണ്
പ്രണയത്തെ
ആദ്യമായി കണ്ടുമുട്ടിയത്

അതിന്
മഞ്ചാടിക്കുരുവിന്റെ നിറമായിരുന്നു
മിനുപ്പായിരുന്നു
സുഖമായിരുന്നു

തിന്നാനുള്ളതാണെന്ന്
തോന്നിയതേയില്ല

പല്ലുറച്ച്,
ഒന്നു കടിച്ചുനോക്കിയതിൽപ്പിന്നെ
ആ .യു.പി.സ്കൂൾ വരാന്തയിലേക്ക്
മടങ്ങാനേ പറ്റിയിട്ടില്ല.

പക്ഷെ…………



ചില പാഠങ്ങൾ അങ്ങനെയാണ്
ശീതീകരിച്ച തലച്ചോറുകൾക്ക് വഴങ്ങുകയേ ഇല്ല
അതിനൊരു വിളപ്പിൽശാല വേണം
ചുരുങ്ങിയത് പതിനൊന്നു കൊല്ലം ചീയണം, മണക്കണം
പാകമായാൽ
ചുവരെഴുത്തും വിപ്ലവവും
പ്രബന്ധങ്ങളും യൂണിവേഴ്സിറ്റികളുമില്ലാതെ
അതു പൊട്ടിത്തെറിച്ചോളും
വിളപ്പിൽശാലകളോട്
പൊട്ടിത്തെറിക്കരുതെന്ന്
നയം പറയാം ഉത്തരവിടാം
ലാത്തീവീശാം വെടിയും വെക്കാം
പക്ഷെ,
കാടു പൊട്ടിത്തെറിക്കുമ്പോൾ
പുഴ ഇനി ഒഴുകില്ലെന്നു ശഠിക്കുമ്പോൾ
എന്തു ചെയ്യും?

8.2.12

ബോംബ്


ബോംബാണെന്നു പറഞ്ഞിട്ടു കാര്യമില്ല,
അച്ചടക്കം വേണം
നേരവും കാലവും നോക്കാതെ
ഒച്ചയും പുകയുമായി
പ്പടാ…ന്നങ്ങ് പൊട്ടിയാൽ പോര
യജമാനൻ പറയാതെ പൊട്ടരുത്
ഒച്ച വേണ്ടിടത്ത് ഒച്ച
പുക വേണ്ടിടത്ത് പുക
സർവ്വനാശം വേണ്ടിടത്ത് അങ്ങനെ
അതാണ് അച്ചടക്കം
അല്ലെങ്കിൽ ക്ഷമിക്കണം,
പടിയ്ക്കു പുറത്താകും.

6.2.12

നഗരസായന്തനം


 നഗരസായന്തനം കത്രിച്ചെടുത്ത
പാതിബോധങ്ങളിൽ
ഇത്തിരി മുമ്പെന്റെ കൂട്ടുകാരൻ
നിയോൺ വെളിച്ചം പൂത്ത ചില്ലകൾ കൊത്തി
ഞാനൊരു ഗ്രാമമാണെന്നോതി
പാതിബോധങ്ങളും മണ്ണിട്ടു മൂടവെ
വെളിച്ചം വെളിച്ചം വെളിച്ചമേ നീയെന്ന്
കിനാവിന്റെ പച്ചയിൽ വെറുതെ
മഞ്ഞയായലിയുന്നുവോ ഞാനും ?
ഓണനിലാവത്ത് തൂക്കിയ നിറവില്ലിൽ
തുമ്പയിൽ ആകാശനീലയും
മന്ദാരവർണവും ഞാത്തിയിടുന്നതും
ബാല്യങ്ങളായിരം തുമ്പിയായ്
വർണചക്രങ്ങളെ ചേർത്തുനിർത്തുന്നതും.
കരിയില മാറിക്കാവലാകുന്നുവോ?

നൂറുനൂറായിരം മന്ദഹാസങ്ങളിൽ
കെട്ടിപ്പൊതിഞ്ഞ തീവെളിച്ചങ്ങളെ
കുടഞ്ഞുകളഞ്ഞ്
ഗ്രമമാണിന്നുഞാനെന്ന്
വലിയ വരമ്പത്ത്
കൈകളാഞ്ഞ്
വഴുക്കി
കാലം പൊടിഞ്ഞ ചെളിമണം
ദീർഘമായ് ഉള്ളിൽ നിറയ്ക്കവെ
നിന്റെ നീലമോഹങ്ങൾ
കട്ടിപ്പുതപ്പായതെന്റെ മേലെന്ന്
അരയ്ക്കു താഴെത്തളർന്നൊരു
മീൻ പുലമ്പുന്നുവോ?
എന്റെ കുഞ്ഞെന്റെ കുഞ്ഞെന്ന്
ദൂരെയൊരു തവളമുത്തശ്ശി കരയുന്നുവോ?

വാതിലും മതിൽക്കെട്ടും കളഞ്ഞ്
കാറ്റിൽ പറന്നു നീയെത്തവെ
കറുപ്പും വെളുപ്പും മെടഞ്ഞ്
കുത്തിമറച്ച പുരകളിൽ
നീ കാട്ടിയ വെയിൽ വെളിച്ചങ്ങൾ
കറുപ്പിനെ കറുകറുപ്പെന്നും
വെളുപ്പിനെ വെളുവെളുപ്പെന്നും പേരു മാറ്റുന്നുവോ?

വീതിയിൽ മിനുസത്തിൽ
ലോകത്തിനറ്റം വരേയ്ക്കെന്ന് നീളുന്ന പാതയിൽ
നഗരച്ചിരികളെക്കുത്തിക്കെടുത്തി നീയെത്തുമ്പോൾ
കാട്ടുപൊന്തയ്ക്കു പിറകിൽപ്പൂത്ത
മണമുള്ള കാത്തിരിപ്പെവിടെ
ആഴങ്ങളുള്ള നോട്ടങ്ങൾ
നറുസ്പർശങ്ങൾ
എന്നേയ്ക്കുമായുള്ള നനവാർന്നൊരുമ്മകൾ
ഗ്രാമസീമകളിൽപ്പടർന്ന കണ്ണുനീരെവിടെ?

പുകയാലെഴുതിയ നഗരകവാടങ്ങൾ
പിന്നിൽക്കളഞ്ഞു നീയെത്തുമ്പോൾ
നിന്റെ ബോധങ്ങളിൽ തെറിപ്പിക്കുവാൻ
ചുവന്നുപോയ കുളങ്ങളിൽ
വറ്റിയ തോടുകളിൽ
തോറ്റുപോയ സാന്ത്വനങ്ങളെ
ഓർമ്മയുടെ മഞ്ഞകൊണ്ടിത്തിരി
വെള്ളപൂശട്ടെ ഞാൻ.

10.12.11

ഗ്രഹണം

ഇന്നലെയും കണ്ടു:
ഒരു പൊളിഞ്ഞ ചെണ്ട,
മുണ്ടഴിഞ്ഞ പഴയ നായർ പടയാളി,
കുറെ ഒറ്റവരച്ചിത്രങ്ങൾ.

ഗ്രഹണത്തിന്റെ തലേന്ന്
ചന്ദ്രൻ ഒരു കണക്കെടുപ്പു നടത്തും
കഴിഞ്ഞ ഗ്രഹണത്തിന് ശേഷം
കണ്ട കാഴ്ചകളുടെ കണക്ക്.
ചിലപ്പോൾ
ആയിരം കൊല്ലത്തെ കാഴ്ചകളുണ്ടാകും
പുരാതനമായ ഓർമ്മയുടെ നൂലുകൾ
കടലിലൊളിക്കും
ഗ്രഹണം കഴിഞ്ഞേ
അതു തിരിച്ചെത്തൂ.
മാവേലിയും ഗാന്ധിജിയുമൊക്കൊ
അങ്ങനെ ഒളിച്ചവരാണ്

തിരക്കുണ്ട്
എനിക്കും ഒരു പൊളിഞ്ഞ ചെണ്ട
കണ്ടെത്തേണ്ടതുണ്ട്.













31.10.11

കൂ…കൂ…കൂ…


കുറുക്കാ കുറുക്കാ
തലക്കൂത്തും പനിയും
അതിനെന്തു വൈദ്യം?
കൂ…കൂ…കൂ…
പാടത്ത് പോക്വാ
ഞണ്ടിനെ പിടിക്യാ
കറുമുറു തിന്വാ
പാറമ്മക്കേറ്വാ
ചറപറ തൂറ്വാ
കൂ…കൂ…കൂ…
എന്തെല്ലാം കളി കളിച്ചതാ
എത്ര കോഴിനെ യ്യ് പിടിച്ചതാ
എത്രവട്ടം തല്ലിക്കൊന്നതാ
ഒന്നു തിരിഞ്ഞാ നീ പായും
ന്ന്ട്ട് രാത്രി കനത്താൽ
കൂട്ടരെക്കൂട്ടി കളിയാക്കും
കൂ…കൂ…കൂ…
പകലായാലും രാത്രിയായാലും
ഒരു പൊന്തയ്ക്കപ്പുറം നീയുണ്ടായിരുന്നു
പിന്നെപ്പളാ നീ പോയേ?
നീയ്യ്പ്പെവിട്യാ?
സത്യം പറഞ്ഞാ കാണാങ്കൊതിയാകുന്നു
കൂ…കൂ..കൂ..

25.9.11

ഇറോം ഷർമ്മിളയ്ക്ക്



പ്രിയപ്പെട്ട ഇറോം
നിന്റെ 
ഇനിയും പിടികൊടുക്കാത്ത 
സഹോദരനാണ് ഞാൻ
വഴിവക്കിലിങ്ങനെ
സ്വാതന്ത്ര്യത്തിന്റെ മധുരം
നുരയുമ്പോൾ
നിന്നെയോർക്കാറില്ല, സത്യം.
ഓർമ്മ വരുമ്പോഴൊക്കെ
ബാരക്കിലേക്ക് വണ്ടി കയറും
അരികിലാരും കാണാതെ
കാരമുള്ളിന്റെ ഒരു തൈ നടും
കാരണം
പട്ടാളത്തിന് ചരിത്രത്തിലൊർത്ഥമേയുള്ളു
ജർമ്മനിയിലും തുർക്കിയിലും
മംഗോളിയായിലും കലിംഗയിലും
ലങ്കയിലും എവിടെയും
അതിനൊരർത്ഥമേയുള്ളു.

8.9.11

യാത്രയ്ക്ക് കൂട്ടിന് ആളെ ആവശ്യമുണ്ട്



പ്രായം 38 കഴിഞ്ഞു
വേണമെങ്കിൽ അന്തംവിടാനുള്ള സമയമായി
കാസർക്കോട്ടേക്കുരുട്ടിക്കയറ്റി
കന്യാകുമാരിക്കു വിട്ടാലോന്ന്
ഒരു പ്രാന്ത് തോന്നുന്നു
കടലും മലയും
നഗരത്തിരക്കും
ഗ്രാമത്തിന്റെ സ്റ്റിൽസും കണ്ട്
രുചികൾ നുണഞ്ഞ്
അമ്പലങ്ങളും പള്ളികളും തൊഴുത്
മനുഷ്യമ്മാരെയും പക്ഷിമൃഗസുഹൃത്തുക്കളെയും പരിചയപ്പെട്ട്
തെരുവിലും പുഴവക്കിലുമുറങ്ങി
കള്ളായ കള്ളൊക്കെ കുടിച്ച്
മായം മറിഞ്ഞൊരു യാത്ര
അതിന് കൂട്ടിനൊരാള് വേണം
ഭാര്യയുടെയും കാമുകിയുടെയും ഭാരമില്ലാത്ത,
ഭാരമേയില്ലാത്ത
ഒരു പെണ്ണായാൽ നന്ന്,
പെണ്ണുപോലായാൽ നന്ന്

വരുന്നോ….., കൂടെ?





27.7.11

നഷ്ടം അരനിമിഷം

ഭൂമിയിൽനിന്ന് തെറിച്ചുപോയ
ഒരേയൊരു നിമിഷം…

പാതി വിരിഞ്ഞ
ഒരു പൂവു ക്ഷണിച്ചു
വാ, നമുക്കൊന്നിച്ചു വിരിയാം.
കാറ്റ്
കുളിരാകാൻ കൂട്ട് വിളിച്ചു
നിലാവ്
കവിതയായ് പെയ്യാമെന്നായി

പൂവിനോടൊപ്പം വിരിയാൻ തുടങ്ങിയപ്പോൾ
പുറന്തോട് പൊട്ടിച്ചിതറി
കോശങ്ങൾ തോറും സൂര്യനുദിച്ചു
ഹൃദയം മുറിഞ്ഞ് കവിത തുളുമ്പി
ഞരമ്പുകളിലേക്ക് നിലാവ് പെയ്തു

കാറ്റേത് കുളിരേതെന്നറിയാതെ
സ്വർഗവാതിൽ
ഇതാ ഇവിടെ എന്നായപ്പോൾ
ഉച്ചവെയിലിലേക്ക്
മറിഞ്ഞു വീണു
വീണ്ടും

24.6.11

നഗരത്തിന്റെ ഓർമ്മകൾ

എനിക്കു നന്നായി മനസ്സിലാകുന്ന
ഒരു ഹൃദയമുണ്ടായിരുന്നു,
എന്റെ മുഖം തെളിഞ്ഞുകാണുന്ന ഒന്ന്.
ഈ നഗരത്തിന്റെ
ഓർമ്മകളിലെവിടെയോ ആണത് നഷ്ടപ്പെട്ടത്
ഇവിടെത്തന്നെ അതുണ്ടാകുമെന്നും
എനിക്കുറപ്പുണ്ട്
കാരണം
ഇവിടെയാണ്
ഞങ്ങളുടെ കൗമാരത്തെ അഴിച്ചുവെച്ചത്
ഓർമ്മകളെ
അക്കങ്ങളായി സൂക്ഷിച്ചിരുന്നു.
ജീവിതത്തിന്റെ ചതുരംഗപ്പലകയിൽ
ഇടയ്ക്കെപ്പൊഴോ
പൂജ്യംകൊണ്ടൊന്ന് പെരുക്കിപ്പോയി
പിന്നെച്ചെയ്ത ക്രിയകൾക്കെല്ലാം
ഉത്തരം പൂജ്യം
ഇനി
നഗരത്തിന്റെ പച്ചവെയിലിൽ
പൊടിയിൽ
മഴനനഞ്ഞ നിലാവിൽ
വെളിച്ചം മുറിവേല്പിച്ച സന്ധ്യയിൽ
പരതണം
പഴയ അക്കങ്ങൾ
തെളിഞ്ഞ ആ ഹൃദയം